ഒടുവില്‍ ഷെയ്‌ന് പിന്തുണയുമായി താരങ്ങള്‍…

വിവാദത്തില്‍പെട്ട യുവതാരം ഷെയ്ന്‍ നിഗത്തിനെതിരെ പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകളുണ്ടായെങ്കിലും താരത്തിന് പിന്തുണയുമായി നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഛായാഗ്രാഹകന്‍ രാജീവ് രവി, നിര്‍മ്മാതാവും സംവിധായകനുമായി വിനയന്‍, അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, സംവിധായകന്‍ ആഷിക് അബു, ഏറ്റവുമൊടുവില്‍ സീനിയര്‍ നടന്‍ സലീം കുമാര്‍ എന്നിവരും രംഗത്തെത്തിയിരിക്കുകയാണ്.

ഷെയ്ന്‍ നിഗത്തിനെതിരെയുള്ള വിലക്ക് ഒഴിവാക്കണമെന്നും ഒരു വ്യക്തിയുടെ ജീവിതമാര്‍ഗ്ഗം തടഞ്ഞ് ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നുമാണ് സംവിധായകന്‍ വിനയന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. മോഹന്‍ ലാലിനെപ്പോലെയുള്ള അമ്മയിലെ സീനിയര്‍ താരങ്ങള്‍ ഇടപെട്ടാല്‍ വളരെ ചുരുങ്ങിയ നിമിഷം കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും ഭാഗ്യം കൊണ്ട് ലഭിച്ച ഈ നല്ല തുടക്കം ഷെയ്ന്‍ നശിപ്പിക്കരുതെന്നും വിനയന്‍ പറയുന്നു. തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മുന്നു പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിര്‍മ്മാതാവും സംവിധായകനും പറയുന്ന രീതിയില്‍ തീര്‍ത്തു കൊടുക്കുകയും ചെയ്ത ശേഷം മാത്രം ഒരു വിലക്കുമില്ലാതെ ഷെയ്ന് മറ്റു സിനിമകളില്‍ ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കാന്‍ പാടുള്ളു എന്നും വിനയന്‍ കുറിച്ചിട്ടുണ്ട്. അതേ സമയം വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നുമാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞത്. നടന്‍ ഷെയ്ന്‍ നിഗത്തെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതുമായി ബന്ധപ്പെട്ട് അമ്മയ്ക്ക് ഷെയ്ന്‍ നിഗത്തിന്റെ കുടുംബം നല്‍കിയ പരാതി ലഭിച്ചു. പരാതി എന്നതിനപ്പുറത്തേക്ക് സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജുള്ള കത്തിലുള്ളത്.
ഇത്തരത്തിലുള്ള കടുത്ത നടപടി താരത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും എന്ന സ്ഥിതി വന്നതോടെയാണ് അനുനയ നീക്കവുമായി കുടുംബം അമ്മ ഭാരവാഹികളെ സമീപിച്ചത്.

അതേ സമയം മലയാള സിനിമയിലെ പുതു തലമുറ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്നാരോപിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോയും സംവിധായകന്‍ ആഷിക് അബുവും രംഗത്തെത്തി. ഷെയിന്റെ വിലക്ക് സംബന്ധിച്ച പത്രസമ്മേളനത്തില്‍ വെച്ച് പുതിയ സിനിമാ താരങ്ങളൊക്കെ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ചിത്രീകരണ സ്ഥലങ്ങളിലും കാരവനിലും റെയ്ഡ് ചെയ്യണമെന്നും സംഘടന കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണത്തെ പൂര്‍ണമായും നിഷേധിക്കുന്നതും, എതിര്‍ക്കുന്നതുമായ തരത്തിലുള്ള പ്രതികരണമായാണ് ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. വിലക്ക് എന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണെന്നും ഇരു കൂട്ടരുടെ ഭാഗത്തുനിന്നുമുണ്ടായത് അപക്വമായ നടപടിയാണെന്നും സംവിധായകന്‍ ആഷിക്ക് അബുവിന്റെ നിലപാട്.

എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഷെയ്‌ന് പിന്തുണയുമായെത്തിയിരിക്കുന്നത് സീനിയര്‍ താരം സലീം കുമാറാണ്. സിനിമ എന്ന മേഖലയില്‍ എല്ലാവരും പരസ്പരം അംഗീകരിക്കണമെന്നും നമ്മളെപ്പോലെ ഷെയ്‌നും ജീവിക്കാനും പണിയെടുക്കാനും അവകാശമുണ്ടെന്നും താരം പറഞ്ഞു. എന്നാല്‍ ഷെയ്‌ന്റെ തെറ്റുകള്‍ താന്‍ ന്യായീകരിക്കാന്‍ ഞാന്‍ മുതിരുന്നില്ലെന്നും തെറ്റുകള്‍ തിരുത്താന്‍ ഒരു അവസരമാണ് നല്‍കേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു.