
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാൻ’ മലയാള സിനിമ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ കടന്ന ചിത്രത്തിന്റെ മൊത്തം ബിസിനസ് ഇപ്പോൾ 325 കോടിയെ താണ്ടിയതായി അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. മോഹൻലാൽ, പൃഥ്വിരാജ്, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവരുടെ ചിത്രവും സഹിതമാണ് പോസ്റ്റർ പങ്കുവെച്ചത്.. “ഇതൊരു ചരിത്ര നിമിഷമാണ്. നിങ്ങൾക്കൊപ്പം ഞങ്ങൾ ഈ സ്വപ്നം കണ്ടു, നിങ്ങളോടൊപ്പം തന്നെ പൂർത്തിയാക്കി,” എന്ന് മോഹൻലാൽ തന്റെ പോസ്റ്റിലൂടെ കുറിച്ചു.
മാർച്ച് 27-നാണ് ചിത്രം റിലീസ് ആയത്. ഗോകുലം മൂവീസ്, ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രത്തിന് മലയാള സിനിമയിലെ ആദ്യ ഐമാക്സ് റിലീസ് എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കി നിരവധി വിമർശനങ്ങളും സൈബർ അറ്റാക്കുകളും ചിത്രവും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും നേരിടേണ്ടി വന്നിട്ടുണ്ട്. ഇരുപത്തേഴോളം ഭാഗങ്ങൾ കട്ട് ചെയ്ത പുതിയ പതിപ്പാണ് ഇപ്പോൾ നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്.