എല്ലാം ശരിയാകും എന്ന ജിബു ജേക്കബ് ചിത്രം തിയേറ്ററുകളിലെത്തയിരിക്കുന്നു. രാഷ്ട്രീയം പശ്ചാതലമാക്കി ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. ഇടതുപക്ഷരാഷ്ട്രീയവും വലതുപക്ഷരാഷ്ട്രീയവുമെല്ലാം പ്രമേയമായിറങ്ങിയ ചിത്രങ്ങളുണ്ടായിട്ടുണ്ടെങ്കിലും അത്തരം ചിത്രങ്ങളില്‍ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. പൊതുവേ രാഷ്ട്രീയ ചിത്രങ്ങള്‍ രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളേയും അനീതികളേയും തുറന്ന് കാട്ടുകയോ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കപ്പെടുകയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ എല്ലാം ശരിയാകും എന്ന ചിത്രം ആ പേരിനോട് ശരിയ്ക്കും നീതി പുലര്‍ത്തുന്നുണ്ട്. രാഷ്ട്രീയത്തിനുമപ്പുറം ജീവിതവും സ്നേഹവും പ്രമേയമായപ്പോള്‍ എല്ലാം ശരിയാകുമെന്ന ചിത്രം രാഷ്ട്രീയചിത്രത്തിലുപരി ഒരു കുടുംബ ചിത്രമായി മാറുകയായിരുന്നു.
മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള വലതുപക്ഷ നേതാവിന്റെ മകള്‍ ഇടതുപക്ഷ യുവജനപ്രവര്ത്തകനൊപ്പം ജീവിക്കാനാരംഭിക്കുന്നതോടെ രാഷ്ട്രീയ ഭൂമികയുടെ പശ്ചാതലത്തിലാണ് കഥ നടക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തെയോ ഇടതുപക്ഷ രാഷ്ട്രീയത്തേയോ അമിതമായി പുകഴ്ത്താനോ ഇകഴ്ത്താനോ ശ്രമിക്കാതെ ജീവിതം പറയാനുള്ള ശ്രമമായിരുന്നു സിനിമ. അതേസമയം രാഷ്ട്രീയത്തിലെ നെറികേടുകളെ തുറന്ന് കാണിക്കാനുള്ള ശ്രമങ്ങളും ചിത്രത്തിലുണ്ടായിട്ടുണ്ട്. ചിത്രം കാണുമ്പോള്‍ വര്ത്തമാനരാഷ്ട്രീയത്തിലെ നിലവിലുള്ള നേതാക്കന്മാരോടും, സംഭവങ്ങളോടും സാമ്യം തോന്നും വിധമുള്ള മെയ്ക്കിംഗ് രസകരമായിട്ടുണ്ട്. കൊറോണയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഒരു കുടുംബ ചിത്രത്തിന്റെ എല്ലാ ചേരുവകളുള്ള ചിത്രമാണ് എല്ലാം ശരിയാകും.
രാഷ്ട്രീയം, അധികാരം ഇവയെല്ലാം പ്രധാനമാകുമ്പോള് പുകയുന്ന വീടിന്റെ രാഷ്ട്രീയവും പെണ്മനസ്സുകളുടെ രാഷ്ട്രീയവും വരച്ചുകാട്ടാന്‍ ജിബു ജേക്കബിനായി. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയും നന്നായിരുന്നു. അതേസമയം കയ്യടി കിട്ടാനുള്ള വലിയ സംഭാഷണങ്ങള്‍ പലപ്പോഴും അമിതമായി കടന്ന് കൂടിയ അനുഭവമുണ്ടായി. ചിത്രത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളുടെ തീവ്രതയും ആ സമയത്തെ പശ്ചാതല സംഗീതവുമെല്ലാം മികച്ചതായിരുന്നു. ഔസേപ്പച്ചന് സാറിന്റെ സംഗീതം മാത്രമല്ല ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയവും നന്നായിരുന്നു. പ്രകടനത്തില്‍ സിദ്ദിഖിന്റെ മറ്റാരു കയ്യടക്കം കാണാനായപ്പോള്‍ ആസിഫ് അലിയും രജിഷയും നല്ല ജോഡികളായി തന്നെ അനുഭവപ്പെട്ടു. കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി ,ബാലു വര്‍ഗ്ഗീസ്, ഇന്ദ്രന്‍സ് എന്നിവരെല്ലാം നന്നായിരുന്നു. ഇ എസ് സൂരജാണ് ചിത്രസംയോജനം നിര്‍വ്വഹിച്ചത്. ബി.കെ ഹരിനാരായണന്റെ വരികളും ഗാനങ്ങളും നന്നായിരുന്നു. എല്ലാം ശരിയാകണമെന്ന് വിചാരിക്കുന്ന പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള ഒരു ഫീല്‍ ഗുഡ് മൂവിയാണ് എല്ലാം ശരിയാകും.