ചെറിയ പെരുന്നാള്‍ ആശംസകളറിയിച്ച് താരങ്ങള്‍

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ ആശംസകളറിയിച്ച് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായി. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ, നിവിന്‍ പോളി, ദിലീപ് എന്നിവരെല്ലാം തന്നെ ആശംസകളറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന സന്ദേശമാണ് എല്ലാവരും നല്‍കുന്നത്. ‘റംസാന്റെ പുണ്യം ഈ രോഗാതുരമായ കാലത്ത് എല്ലാവര്‍ക്കും മരുന്നായി മാറട്ടെ. നന്മയുടെ, സാഹോദര്യത്തിന്റെ, ഒരുമയുടെ റംസാന്‍ ആശംസകള്‍ നേരുന്നു, എല്ലാവരും സുരക്ഷിതരായി ഇരിക്കൂ’ എന്നാണ് നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ നമസ്‌കാരം വീടുകളില്‍ വെച്ചാണ് നടന്നത്. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടായിരുന്നില്ല. ആഘോഷങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പെരുന്നാള്‍ ദിനം നമസ്‌ക്കാരത്തിന് മുമ്പ് ഫിത്വര്‍ സക്കാത്ത് നല്‍കണമെന്നാണ് പ്രമാണം. അയല്‍വീടുകളില്‍ ഇത് നേരിട്ട് എത്തിക്കാതെ ഏകീകൃത സ്വഭാവത്തിലാക്കണമെന്നാണ് ഖാസിമാരുടെ ആഹ്വാനം.

വീടുകളിലെ സന്ദര്‍ശനവും പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനമാണ്. ലോക്ഡൗണ്‍ കാലമായതിനാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മനസും ശരീരവും ശുദ്ധി ചെയ്താണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് പണ്ഡിതരുടെ ആഹ്വാനം. അതേസമയം ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ സംസ്ഥാനസര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. മാംസവില്‍പ്പനശാലകള്‍ക്ക് മാത്രം ബുധനാഴ്ച രാത്രി 10 മണി വരെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.