
ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കുബേര’യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ്. ചിത്രത്തിന്റെ ട്രെയ്ലർ നാളെ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിടും. ചിത്രത്തിൽ നാഗാർജുനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രശ്മികയാണ് സിനിമയിലെ നായിക.
ശേഖർ കമ്മുലയാണ് ചിത്രാംശം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന കുബേര ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ജൂൺ 20 ന് ചിത്രം തീയേറ്ററുകളിലെത്തും. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. ‘മേഡ് ഇൻ ഹെവൻ’, ‘സഞ്ജു’, ‘പദ്മാവത്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ ‘ലവ് സ്റ്റോറി’ എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ധനുഷിന്റെയും രശ്മികളുടെയും ജന്മദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകള്‍ ശ്രദ്ധ നേടിയിരുന്നു.