
നടൻ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് നടൻ ദുൽഖർ സൽമാൻ. തൻ്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണ് ശ്രീനിവാസനെന്നും, അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതും അനുഗ്രഹമായി കരുതുന്നുവെന്നും ദുൽഖർ കുറിച്ചു. നിങ്ങളുടെ വെളിച്ചം എല്ലാക്കാലവും അണയാതിരിക്കുമെന്നും ദുൽഖർ കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയവരിൽ ഒരാൾ. യഥാർത്ഥത്തിൽ സിനിമാറ്റിക് ഇതിഹാസമായ മനുഷ്യൻ. എൻ്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണ് ശ്രീനി അങ്കിൾ. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതും അനുഗ്രഹമായി കരുതുന്നു. നിങ്ങളുടെ വെളിച്ചം എല്ലാക്കാലവും അണയാതിരിക്കും. വിമല ആൻ്റിക്കും വിനീതിനും ധ്യാനിനും കുടുംബത്തിനുമായി പ്രാർഥിക്കുന്നു.” ദുൽഖർ സൽമാൻ കുറിച്ചു.
നിരവധി താരങ്ങളാണ് ശ്രീനിവാസന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംവിധായകൻ വിനയൻ, നടന്മാരായ, മുകേഷ് പെപ്പെ, ഇന്ദ്രജിത്, പൃഥ്വിരാജ്, മോഹൻലാൽ, രജനികാന്ത് സംവിധായകൻ സത്യൻ അന്തിക്കാട്, കമൽ, മന്ത്രി കെബി ഗണേഷ് കുമാർ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.
1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.