മുംബൈ പൊലീസിന്റെ വിമര്‍ശനത്തിന് മറുപടി നല്‍കി ദുല്‍ഖറും സോനം കപൂറും

നടന്‍ ദുല്‍ഖറിനെതിരെ വിമര്‍ശനവുമായി മുംബൈ പോലീസ്. ദുല്‍ഖര്‍ സ്റ്റിയറിംഗില്‍ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങള്‍ നടി സോനം കപൂര്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് മുംബൈ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള കാര്യങ്ങളോട് യോജിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും റോഡിലെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്നും പോലീസ് തിരിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു.എന്നാല്‍ നടന്നതെന്താണെന്നറിയാതെ പ്രതികരിച്ച മുംബൈ പൊലീസിനെതിരെ വിമര്‍ശനവുമായി ദുല്‍ഖറും സോനം കപൂറും രംഗത്തെത്തി.

കാര്യങ്ങളറിയാതെയാണ് മുംബൈ പൊലീസ് പ്രതികരിച്ചതെന്ന് ദുല്‍ഖര്‍ ആരോപിച്ചു. സത്യാവസ്ഥ അറിഞ്ഞ ശേഷമായിരുന്നു ട്വീറ്റെങ്കില്‍ അഭിനന്ദിച്ചിരുന്നേനെ എന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

ഞങ്ങള്‍ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഞങ്ങള്‍ ഒരു ട്രക്കിനു മുകളിലായിരുന്നു. നിങ്ങള്‍ ഇത്ര ശ്രദ്ധാലുവായിരിക്കുന്നതിനു നന്ദി. സാധാരണക്കാരുടെ ജീവിതത്തിലും ഇതേ ആത്മാര്‍ഥത കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു. കരുതലിനു നന്ദി എന്ന് ട്വിറ്റ് ചെയ്ത്‌കൊണ്ടാണ് സോനം കപൂറും മുംബൈ പൊലീസിനെ വിമര്‍ശിച്ചത്.