ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രം ‘കുറുപ്പ്’ ചിത്രീകരണം പൂര്‍ത്തിയായി. ടൊവിനോയും ഇന്ദ്രജിത്തും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശോഭിത ധുലിപാലയാണ് നായിക. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു ശോഭിത.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത് കേരളത്തിലായിരുന്നു. തുടര്‍ന്നുള്ള ഷെഡ്യൂള്‍ ഹൈദരാബാദിലും ഗുജറാത്തിലും അഹമ്മദാബാദിലുമായി പൂര്‍ത്തിയാക്കി. ദുബായിലാണ് അവസാന ഷെഡ്യൂള്‍ നടന്നത്. അരവിന്ദ് കെ.എസും ഡാനിയല്‍ സായൂജ് നായരും ചേര്‍ന്നാണ് ‘കുറുപ്പിന്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം സ്റ്റാര്‍ ഫിലിംസുമായി ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വെയ്‌ഫെറര്‍ ഫിലിംസ് സഹകരിച്ചാണ് ഈ ചിത്രം നിര്‍മിക്കുന്നത്.