
മദ്യപിച്ച് വാഹനമോടിച്ച് അഞ്ച് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കിയ സംഭവത്തിൽ കന്നഡ നടനും നിർമ്മാതാവും കൂടിയായ മയൂർ പട്ടേലിനെതിരെ കേസ്. മയൂർ പട്ടേൽ ഓടിച്ചിരുന്ന SUV ട്രാഫിക് സിഗ്നലിൽ കാത്തുനിന്നിരുന്ന ഒരു കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
നഗരത്തിലെ കമാൻഡോ ഹോസ്പിറ്റൽ സിഗ്നലിനടുത്തുള്ള ഓൾഡ് എയർപോർട്ട് റോഡിൽ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. ഹലസൂരിലെ ട്രാഫിക് പോലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും മയൂർ പട്ടേലിനെ മദ്യപിച്ച് വാഹനമോടിച്ചതിനുള്ള പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് പോലീസ് നീങ്ങിയത്.
പിൻഭാഗത്ത് ഇടിയേറ്റ കാർ മറ്റ് നാല് വാഹനങ്ങളിലേക്കും ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ രണ്ട് സ്വിഫ്റ്റ് ഡിസയർ കാറുകൾക്കും ഒരു സർക്കാർ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചതായി പോലീസ് അറിയിച്ചു. കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഡ്രൈവർമാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ, പോലീസ് ഫോർച്യൂണർ വാഹനം പിടിച്ചെടുക്കുകയും ഹലസൂരിലെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അപകടത്തെ തുടർന്ന്, കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഉടമകളിലൊരാളുമായി നടൻ തർക്കത്തിലേർപ്പെട്ടതായും റിപ്പോർട്ടുണ്ട്.കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
2000 മുതൽ മയൂർ പട്ടേൽ ചലച്ചിത്ര രംഗത്തുണ്ട്. 2003-ൽ പുറത്തിറങ്ങിയ മണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അദ്ദേഹത്തിന് ആദ്യ ബ്രേക്ക് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയില്ലെങ്കിലും, അത് അദ്ദേഹത്തിന് മികച്ച പേര് നേടിക്കൊടുത്തു. ലവ് സ്റ്റോറി, ഗുന്ന, സ്ലം മുനിയ, രാജീവ, പെപ്പെ എന്നിവ മയൂറിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. 2014-ൽ, അദ്ദേഹം ബിഗ് ബോസ് കന്നഡയുടെ രണ്ടാം പതിപ്പിലും പങ്കെടുത്തിരുന്നു.