സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് മികച്ച ഒരു കുടുംബ ചിത്രമാണ്. കോമഡി ട്രാക്കില്‍ പോകുന്ന ചിത്രം മനോഹരമായ ഒരു സന്ദേശവും പറഞ്ഞുവെയ്ക്കുന്നുണ്ട്. ഹരീന്ദ്രന്‍ എന്ന സൂപ്പര്‍ സ്റ്റാറായി പൃഥ്വിരാജും, കുരുവിള എന്ന വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ മത്സരിച്ചഭിനയിക്കുകയായിരുന്നു. ചെറിയ ആശയത്തില്‍ നിന്നും വിപുലീകരിച്ച കുറ്റമറ്റ സച്ചിയുടെ തിരക്കഥ ലാല്‍ ജൂനിയര്‍ മനോഹരമായി തന്നെ സംവിധാനം ചെയ്തു. നമുക്ക് എത്രമാത്രം ആരാധനയുള്ള സൂപ്പര്‍താരമാണെങ്കില്‍ പോലും നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താല്‍ അയാള്‍ ശത്രുവാകാന്‍ ഒരു നിമിഷം മതിയാവുമെന്ന് ചിത്രം പറയുന്നു. ചെറിയ അധികാരം ഉപയോഗിച്ച് സാധാരണക്കാരനെന്നോ, സൂപ്പര്‍ താരമെന്നോ വ്യത്യാസമില്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന ബ്യൂറോക്രസിയുടെ വൃത്തികെട്ട മുഖവും ഡ്രൈവിംഗ് ലൈസന്‍സില്‍ തെളിഞ്ഞു കാണാം. ഒരേ സമയം സിനിമയ്ക്കുള്ളിലെ സിനിമയും, സിനിമയ്ക്കപ്പുറത്തെ ജീവിതവും ചിത്രത്തില്‍ കാണാം.
സിനിമയിലെ ഫാന്‍സ് യുദ്ധം, താരങ്ങള്‍ തമ്മിലുള്ള കിടമത്സരം, അന്ധവിശ്വാസം, ഇവയെയെല്ലാം കണക്കറ്റ് പരിഹസിക്കുന്ന ചിത്രം മാധ്യമങ്ങളുടെ വര്‍ത്തമാന ഇടപെടലുകളേയും കളിയാക്കുന്നുണ്ട്. ആക്ഷേപഹാസ്യത്തിലൂടെ അശ്ലീലമില്ലാതെയും മനോഹരമായി ഹാസ്യം കുറിയ്ക്കു കൊള്ളുമെന്ന് താരങ്ങളുടെ പ്രകടന മികവിലൂടെ സംവിധായകന്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. സൂപ്പര്‍ താരമാണെങ്കിലും അയാള്‍ക്കും കുടുംബവും, ജീവിതവും ഒക്കെയുള്ള സാധാരണ മനുഷ്യരാണെന്നോര്‍മ്മപ്പെടുത്തുന്ന ചിത്രം വൈകാരികമായും പലപ്പോഴും ഹൃദയത്തില്‍ തൊടുന്നുണ്ട്. രതീഷ് രാജിന്റെ ചിത്രസംയോജനം, അലക്‌സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണം, ജാക്‌സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവരുടെ സംഗീതം, ഭൂപതി രാജിന്റെ കൊറിയോഗ്രാഫി എന്നിവയെല്ലാം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ചിത്രത്തില്‍ പൃഥ്വി സൂപ്പര്‍താരമായി ജീവിച്ചപ്പോള്‍ സാധാരണ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായെത്തിയ സുരാജ് ഓരോ സിനിമ പിന്നിടുമ്പോഴും അതിശയിപ്പിക്കുകയാണ്. സുരാജിന്റെ ഭാര്യയായെത്തിയ മിയയുടെ പ്രകടനവും വേറിട്ടതായിരുന്നു. ആദിഷും ഇവരോടൊപ്പം ചേര്‍ന്നതോടെ സംഗതി കളറായി. സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്‌സ്, ദീപ്തി സതി എന്നിവരെല്ലാം അവരുടെ റോളുകള്‍ മികച്ചതാക്കി.
പ്രേക്ഷകര്‍ക്ക് സൂപ്പര്‍സ്റ്റാറുകളാണ് ഹീറോയെങ്കില്‍ ഒരോ കുട്ടിയ്ക്കും അവരുടെ അച്ഛനാണ് ഹീറോ എന്നോര്‍മ്മപ്പെടുത്തുന്ന ചിത്രം അത്രമാത്രം നിഷ്‌കളങ്കമാണ് മനുഷ്യര്‍ തമ്മിലുള്ള ബന്ധമെന്നും കാണിച്ചു തരുന്നു. തെറ്റിദ്ധാരണയില്‍ നിന്നാണ് പലപ്പോഴും ഈഗോ രൂപപ്പെടുന്നതെന്നും, അത് മാറ്റിവെച്ചാല്‍ തീരാത്ത പ്രശ്‌നങ്ങളൊന്നും ഇവിടെയില്ലെന്നുമാണ് ഡ്രൈവിംഗ് ലൈസന്‍സ് ലളിതമായി പറയുന്നത്. ആത്മാഭിമാനമെന്നത് നെഞ്ചില്‍ സൂക്ഷിക്കാം പക്ഷേ അത് തലയില്‍ കയറ്റിവെച്ച് കഴിഞ്ഞാല്‍ ജീവിതമാകെ തകര്‍ന്ന് പോകുമെന്നോര്‍മ്മപ്പെടുത്തിയാണ് ചിത്രം അവസാനിക്കുന്നത്. ക്രിസ്മസ്സിന് കുടുംബത്തോടെ ചെന്ന് കയറാവുന്ന നല്ല അനുഭവം തരുന്ന ഒരു ചിത്രമാകും ഡ്രൈവിംഗ് ലൈസന്‍സ്.