ദൃശ്യം 2 ഹിന്ദിയിലും; അജയ് ദേവ്ഗണും തബുവും പ്രധാന വേഷങ്ങളില്‍

ദൃശ്യം 2 ഹിന്ദി റീമേക്കിനൊരുങ്ങുന്നു.ഹിന്ദിയില്‍ ദൃശ്യത്തിന്റെ ഒന്നാം ഭാഗം നിര്‍മ്മിച്ച കുമാര്‍ മാങ്ങാത് ആണ് ഹിന്ദി റീമേക്കിനുള്ള റൈറ്റ്‌സ് നേടിയിരിക്കുന്നത്. അജയ് ദേവ്ഗണും തബുവുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ തീരുമാനിച്ചിട്ടില്ല.നിശികാത്ത് കാമത്താണ് ഹിന്ദിയില്‍ ദൃശ്യത്തിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്തത്.

അതേസമയം ദൃശ്യം 2വിന്റെ തെലുങ്കു റിമേക്ക് സംവിധായകന്‍ ജീത്തു ജോസഫ് കുറച്ച് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ തെലുങ്കു ചിത്രമാണിത്. ദൃശ്യം 2 പുറത്തിറങ്ങിയ ദിവസം തന്നെ റിമേക്കുമായി സംബന്ധിച്ച കരാര്‍ ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.