കേരള ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകന്‍ ഡോ: ബിജു. കേരള ചലച്ചിത്ര മേളയില്‍ മലയാള സിനിമകള്‍ കേരള പ്രീമിയര്‍ ആക്കണം എന്ന നിര്‍ദേശം അവഗണിച്ച് അക്കാദമി സെക്രട്ടറി നല്‍കിയ മറുപടിയില്‍ വൈരുധ്യങ്ങളുണ്ടെന്ന് ചൂണ്ടികാണിക്കുകയാണ് സംവിധായകന്‍.
സംവിധായക കൂട്ടായ്മ ആയ മൈക് എന്ന സംഘടന മേളയില്‍ മലയാള ചലച്ചിത്രങ്ങള്‍ കേരള പ്രീമിയര്‍ ആക്കണം എന്നും, മേളയില്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ജൂറി ആക്കുന്നത് നിര്‍ത്തണം എന്നും ആവശ്യപ്പെട്ടു നല്‍കിയിരുന്നു. ഈ കത്തിന് അക്കാദമി സെക്രട്ടറി നല്‍കിയ മറുപടിയ്ക്ക് മറുകുറിപ്പുമായെത്തിയിരിക്കുകയാണ് സംവിധായകന്‍. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം….
കേരള ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരം, മലയാള സിനിമ മത്സരം (മലയാള സിനിമ ടുഡേ ) എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ കേരള പ്രീമിയര്‍ ആക്കണം എന്ന നിര്‍ദേശം കുറെ കാലമായി ചര്‍ച്ച ചെയ്യുന്നതാണ് . രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ കൂടി അംഗമായ ചലച്ചിത്ര മേള നിയമാവലി പരിഷ്‌കരണ കമ്മിറ്റി ഇതിനായി നല്‍കിയ നിര്‍ദേശം ചലച്ചിത്ര അക്കാദമി അട്ടിമറിക്കുകയും ചെയ്തതാണ്. കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പ്രീമിയര്‍ നിര്‍ബന്ധമാക്കുകയും മലയാള സിനിമയുടെ കാര്യത്തില്‍ ഒളിച്ചു കളിക്കുകയുമാണ് അക്കാദമി ചെയ്തത്. എന്തുകൊണ്ട് കേരള പ്രീമിയര്‍ ആക്കണം എന്നതില്‍ ലോകത്തെ എല്ലാ പ്രധാന ചലച്ചിത്ര മേളകളുടെയും നിയമാവലി ചൂണ്ടിക്കാട്ടി വിശദമായി ഒട്ടേറെ തവണ ഞാന്‍ എഴുതുകയും ചെയ്തതാണ്. ഇപ്പോള്‍ ഈ വിഷയം വീണ്ടും പറയുന്നത് ചില സുഹൃത്തുക്കള്‍ അംഗങ്ങളായ സംവിധായക കൂട്ടായ്മ ആയ മൈക് എന്ന സംഘടന മേളയില്‍ മലയാള ചലച്ചിത്രങ്ങള്‍ കേരള പ്രീമിയര്‍ ആക്കണം എന്നും, മേളയില്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ജൂറി ആക്കുന്നത് നിര്‍ത്തണം എന്നും ആവശ്യപ്പെട്ടു നല്‍കിയ കത്തിന് അക്കാദമി സെക്രട്ടറി നല്‍കിയ മറുപടി കണ്ടത് കൊണ്ടാണ്. ആ മറുപടിയില്‍ വസ്തുതാപരമായി ഒട്ടേറെ പിശകുകള്‍ ഉണ്ട് . ഒട്ടേറെ കാര്യങ്ങള്‍ തെറ്റിദ്ധാരണപരമാണ്. അവ ഒന്ന് ചൂണ്ടിക്കാണിക്കുക എന്നതേ ഉദ്ദേശിക്കുന്നുള്ളൂ . ഈ വിഷയത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി പറയുകയും എഴുതുകയും ചെയ്യുന്നു . ഇതുകൊണ്ടൊന്നും അക്കാദമി കുലുങ്ങില്ല എന്നത് നന്നായി അറിയാം. എങ്കിലും വസ്തുതകള്‍ ചൂണ്ടിക്കാണിക്കുക തന്നെ വേണമല്ലോ ..
മറുപടിയില്‍ അക്കാദമി സെക്രട്ടറി പറയുന്ന കാര്യങ്ങള്‍ അക്കമിട്ടു വിശദീകരിക്കാം
1 . അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളം ടുഡെയുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങളില്‍ കരള പ്രീമിയര്‍ എന്ന ആശയം ഉണ്ടായിരുന്നില്ല അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്ന ഷാജി എന്‍ കരുണും തുടര്‍ന്ന് വന്ന അടൂര്‍ ഗോപാലകൃഷ്ണന്റെയും കാലം മുതല്‍ തന്നെ ഉള്ള തല്‍സ്ഥിതി അതേപടി തുടര്‍ന്ന് പോവുകയാണ് അക്കാദമി ചെയ്തിട്ടുള്ളത് നിലവിലെ ഭരണസമിതി മേല്പറഞ്ഞ കാര്യത്തില്‍ ഒരുതരത്തിലുള്ള മാറ്റങ്ങളും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല …. ഇതാണ് സെക്രട്ടറിയുടെ മറുപടിയില്‍ ആദ്യ വാചകം .
ഇതില്‍ നിലവിലെ ഭരണ സമിതി ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നത് മനസ്സിലാകുന്നു. അത് കമ്മിറ്റിയുടെ തീരുമാനം ഇഷ്ടം.. ആയിക്കോട്ടെ . പക്ഷെ അതിനു മുന്‍പത്തെ വാചകം വസ്തുതാപരം അല്ലല്ലോ. ഷാജി എന്‍ കരുണും അടൂരും ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന മലയാള സിനിമാ ടുഡേ വിഭാഗത്തില്‍ പിന്നീട് നിരവധി തവണ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. എണ്ണത്തിന്റെ കാര്യത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. അഞ്ചില്‍ നിന്നും ഏഴും, ഒന്‍പതും ഇപ്പോള്‍ പതിനാലും സിനിമകള്‍ ആയത് അവരുടെ കാലത്തെ അക്കാദമിയില്‍ അല്ലല്ലോ. മലയാള സിനിമയ്ക്ക് നെറ്റ്പാക്, ഫിപ്രെസ്‌കി പുരസ്‌കാരങ്ങള്‍ പിന്നീട് ഏര്‍പ്പെടുത്തിയിട്ടുണ്ടല്ലോ. തിരഞ്ഞെടുക്കുന്ന മലയാള സിനിമകള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കിയത് ഇവരുടെ അക്കാദമി കാലത്തിനു ശേഷം ആയിരുന്നല്ലോ. ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ് എന്ന പുതിയ വിഭാഗം തുടങ്ങിയതും, ഇന്ത്യന്‍ സിനിമകള്‍ക്ക് കേരള പ്രീമിയര്‍ ഏര്‍പ്പെടുത്തിയതും കഴിഞ്ഞ വര്‍ഷം നിയമാവലി പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം അല്ലേ. അപ്പോള്‍ ഇത്തരത്തില്‍ കാലാനുസൃതമായ പല മാറ്റങ്ങളും ഷാജി എന്‍ കരുണിന്റേയും അടൂരിന്റേയും ഭരണ കാലത്തിനു ശേഷവും അക്കാദമിയില്‍ നടപ്പാക്കിയിട്ടുണ്ട്. ആ വസ്തുതകള്‍ മറച്ചു വെക്കരുത്. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവേണ്ടതാണല്ലോ . അല്ലാതെ 25 കൊല്ലത്തിനു മുന്‍പ് അക്കാദമി ഉണ്ടാക്കിയ രീതികളില്‍ ഇപ്പോഴും ഒരു മാറ്റവും വരുത്തരുത് അതിനു ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നൊക്കെ മറുപടി നല്‍കുന്നത് എന്ത് പിന്തിരിപ്പന്‍ നിലപാടാണ്. ഇനി അഥവാ 25 കൊല്ലം മുന്‍പത്തെ തീരുമാനങ്ങള്‍ തന്നെ ഇപ്പോഴും തുടര്‍ന്നാല്‍ മതി എന്നാണ് അക്കാദമിയുടെ നിലപാട് എങ്കില്‍ എന്തിനാണ് പുതിയ അക്കാദമി ചെയര്‍മാനും ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഒക്കെ. പണ്ടത്തെ തീരുമാനങ്ങള്‍ പിന്തുടരാന്‍ ഒരു ഓപ്പറേഷണല്‍ സെക്രട്ടറി മാത്രം പോരെ. ധനപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ആരെയെങ്കിലും ഏര്‍പ്പാടാക്കിയാല്‍ പോരെ. അക്കാദമി ചെയര്‍മാനും വൈസ് ചെയര്‍മാനും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഒക്കെയായി സര്‍ക്കാരിന്റെ പൊതു ഖജനാവില്‍ നിന്നും തുക ചെലവഴിക്കേണ്ട കാര്യം ഇല്ലല്ലോ. യാത്രാപ്പടി , സിറ്റിംഗ് ഫീസ്, ഫെസ്റ്റിവല്‍ സമയത്ത് ഓരോ അംഗങ്ങളുടെയും ഹോട്ടല്‍ മുറി ഭക്ഷണം , ചെയര്‍മാന്റെ സര്‍ക്കാര്‍ വാഹനം തുടങ്ങിയ എത്രയോ ചിലവുകള്‍ ജനങ്ങളുടെ നികുതി പണത്തില്‍ ലാഭമായി കിട്ടും .
2 . നല്ല സിനിമാ സംസ്‌കാരം പ്രോത്സാഹിപ്പിക്കപ്പെടണം എന്ന ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് വിഘാതമാണ് മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ കേരള പ്രീമിയര്‍ എന്ന ആവശ്യം .
….
സെക്രട്ടറിയുടെ ഈ മറുപടി ഒരു വന്‍ തമാശ ആണ്.. കേരള പ്രീമിയര്‍ എന്നത് എങ്ങനെയാണ് നല്ല സിനിമാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് വിലങ്ങു തടിയാകുന്നത് എന്നത് സെക്രട്ടറി റിസര്‍ച് ചെയ്തു കണ്ടുപിടിച്ചതാകാം. അത് എന്താണ് എങ്ങനെയാണ് എന്നത് മറ്റുള്ളവരെക്കൂടി ഒന്ന് ബോധ്യപ്പെടുത്തി തന്നാല്‍ കൊള്ളാം. ഈ നിലപാട് വെച്ചാണെങ്കില്‍ ബംഗാളി ഭാഷയില്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ സിനിമകള്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ നിര്‍ബന്ധമാണ് എന്ന് വ്യവസ്ഥയുള്ള കല്‍ക്കത്ത ചലച്ചിത്ര മേളയില്‍ നല്ല സിനിമാ സംസ്‌കാരം പൊടി പോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍ എന്ന് കരുതണമല്ലോ . ഹിന്ദി ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ സിനിമകള്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ നിര്‍ബന്ധമായ മുംബൈ ചലച്ചിത്രമേളയും നല്ല സിനിമാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല എന്ന് കരുതേണ്ടി വരും. ഫിയാപ്ഫ് അക്രിഡിറ്റേഷന്‍ ഉള്ള കോമ്പറ്റീറ്റിവ് ചലച്ചിത്ര മേളകള്‍ ലോകത്തു 15 എണ്ണമാണ്. കാന്‍സ്, വെനീസ്, ബെര്‍ലിന്‍, ഷാങ്ഹായി ഉള്‍പ്പെടെ ഉള്ള ഈ മേളകളില്‍ എല്ലാം (ഗോവ ഒഴിച്ച് ) ലോകത്തെ ആദ്യ പ്രദര്‍ശനമോ ചില മേളകളില്‍ കുറഞ്ഞത് ആ രാജ്യത്തെ എങ്കിലും ആദ്യ പ്രദര്‍ശനമോ ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. ആനാട്ടിലെ സിനിമകള്‍ക്കും അതാണ് നിബന്ധന. അക്കാദമി സെക്രട്ടറിയുടെ അളവുകോല്‍ വെച്ചാണെങ്കില്‍ ലോകത്തെ ആദ്യ 15 മേളകളും നല്ല സിനിമാ സംസ്‌കാരം പുലര്‍ത്തുന്നവ അല്ലല്ലോ .. ഫിയാപ്ഫിന്റെ സ്‌പെഷ്യലൈസ്ഡ് കോമ്പറ്റേറ്റിവ് ഫിലിം ഫെസ്റ്റിവല്‍ ലിസ്റ്റില്‍ 22 ചലച്ചിത്ര മേളകള്‍ ആണുള്ളത് . ഇതില്‍ കേരളവും . കൊല്‍ക്കത്തയും , മുംബൈയും , ബുസാനും ഒക്കെ പെടും . ഈ 22 മേളകളില്‍ കേരളം ഒഴിച്ച് മറ്റെല്ലാ മേളകളിലും ആ ദേശത്തെ ഭാഷാ സിനിമകള്‍ ഉള്‍പ്പെടെ എല്ലാ സിനിമകളും ആ രാജ്യത്തെ ആദ്യ പ്രദര്‍ശനം ആയിരിക്കണം എന്നാണ് വ്യവസ്ഥ . അക്കാദമി സെക്രട്ടറിയുടെ നിലപാട് അനുസരിച്ചാണെങ്കില്‍ ആ രാജ്യത്തെ പ്രീമിയര്‍ ആവശ്യപ്പെടുന്ന മേളകള്‍ ഒന്നും തന്നെ നല്ല സിനിമാ സംസ്‌കാരം പുലര്‍ത്തുന്നവ ആയിരിക്കില്ല എന്ന് കരുതാമല്ലോ ..
3 . ഇവിടെയുണ്ടാകുന്ന നല്ല ചിത്രങ്ങള്‍ക്ക് നല്ല രീതിയിലുള്ള പ്രോത്സാഹനവും മാര്‍ക്കറ്റിങ് ഉറപ്പാക്കലും കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു. കേരള പ്രീമിയര്‍ എന്ന സങ്കല്പം ഇത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന സിനിമകള്‍ക്കുള്ള അവസരം നഷ്ടമാക്കാനേ സഹായിക്കുകയുള്ളൂ…
അക്കാദമി സെക്രട്ടറിയുടെ ഈ പ്രസ്താവന ഏതായാലും ഗംഭീരമായിട്ടുണ്ട്. കഌസ്സിക് പ്രസ്താവന ആണിത് . നാളിതു വരെയായി ചലച്ചിത്ര അക്കാദമി നല്ല ചിത്രങ്ങള്‍ക്ക് നല്‍കിയ നല്ല രീതിയിലുള്ള പ്രോത്സാഹനങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്നൊന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. 25 വര്‍ഷങ്ങള്‍ ആയിട്ടും സിനിമകളുടെ അന്താരാഷ്ട്ര മാര്‍ക്കറ്റിങ്ങിനായി പ്രൊഫഷണല്‍ ആയ ഒരു ഫിലിം മാര്‍ക്കറ്റ് പോലും തുടങ്ങാന്‍ സാധിക്കാത്ത അക്കാദമിയാണ് നല്ല സിനിമകളുടെ പ്രോത്സാഹനവും മാര്‍ക്കറ്റിങ്ങും എന്നൊക്കെ വലിയ വായില്‍ വര്‍ത്തമാനം പറയുന്നത് . പോകട്ടെ ഒറ്റ ചോദ്യത്തിന് മാത്രം മറുപടി നല്‍കിയാല്‍ മതി കഴിഞ്ഞ 24 വര്‍ഷമായി കേരള ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ശേഷം, അവിടെ നിന്നും സിനിമ കണ്ടോ കേട്ടറിഞ്ഞോ ലോകത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു മലയാള സിനിമയുടെ എങ്കിലും പേര് പറയാമോ. മറ്റു ചില സംസ്ഥാനങ്ങളിലും ഒന്നോ രണ്ടോ തവണ ഗള്‍ഫ് നാടുകളിലും ഒരു തവണ സ്‌പെയിനിലും ചലച്ചിത്ര അക്കാദമി തന്നെ സംഘടിപ്പിച്ച തട്ടിക്കൂട്ട് മലയാള ചലച്ചിത്ര മേള അല്ലാതെ ഇവിടെ കാണിച്ച ഏത് സിനിമയാണ് അക്കാദമിയുടെ പ്രോത്സാഹനം മൂലം ഏതെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പങ്കെടുത്തത്?, ഏത് സിനിമയെ ആണ് അക്കാദമി മാര്‍ക്കറ്റ് ഉറപ്പാക്കിയത് . പറയുന്നതില്‍ ഒരു സത്യസന്ധത ഒക്കെ വേണ്ടേ. ഇത്രനാളും നടന്നിട്ടില്ലാത്ത പ്രോത്സാഹനവും മാര്‍ക്കറ്റ് ഉറപ്പാക്കലും ഇനി ഇപ്പോള്‍ കേരള പ്രീമിയര്‍ നടപ്പാക്കിയാല്‍ തകര്‍ന്നു പോകുമത്രേ… ക്ലാസ്സിക് പ്രസ്താവന എന്നല്ലാതെ എന്ത് പറയാന്‍.
4 . റിലീസ് ചെയ്ത സിനിമകളുടെ ചലച്ചിത്ര മേളയിലെ പ്രദര്‍ശനം ഒഴിഞ്ഞ തിയറ്ററുകളില്‍ ആണെന്ന ആരോപണം ശരിയല്ല …..സെക്രട്ടറിക്ക് എവിടുന്നാണ് ഈ വിവരം കിട്ടിയത് എന്നറിയില്ല. കഴിഞ്ഞ മേളയില്‍ റിലീസ് ചെയ്ത എല്ലാ സിനിമകള്‍ക്കും തിയറ്ററിന്റെ കാല്‍ ഭാഗം പോലും കാണികള്‍ ഉണ്ടായിരുന്നില്ല. റിലീസ് ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തിയറ്ററിനു മുന്നിലെ സീറ്റ് ഓക്കുപ്പെന്‍സി ഡിസ്‌പ്ലെയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ മുഴുവന്‍ വേണമെങ്കില്‍ നല്‍കാം. ഒട്ടേറെ ആളുകള്‍ അത് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. അത് കണ്ടാല്‍ മനസ്സിലാകും എത്ര ആളുകള്‍ ആ സിനിമകള്‍ കാണാന്‍ ഉണ്ടായിരുന്നു എന്നത്.
5 . മലയാളം ടുഡേ സിനിമാ വിഭാഗത്തിലേക്ക് കേരള പ്രീമിയര്‍ കൊണ്ട് വരിക ആണെങ്കില്‍ ഈ വിഭാഗത്തിലേക്കുള്ള സിനിമാ എന്‍ട്രികള്‍ കുറയാന്‍ ഇടയുണ്ട് . കൂടാതെ ചലച്ചിത്ര മേളയ്ക്ക് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കിയ സിനിമകള്‍ മേളയിലേക്ക് അപേക്ഷിക്കുവാനായി റിലീസ് നീട്ടിവെക്കേണ്ടി വരും …
ഇതും തമാശയുള്ള മറുപടി തന്നെ. അല്ല സെക്രട്ടറി നാട്ടില്‍ നിര്‍മിക്കുന്ന സിനിമകള്‍ മൊത്തം ചലച്ചിത്ര മേളയിലേക്ക് അപേക്ഷിക്കേണ്ടതാണ് ലേ അവര്‍ക്കെല്ലാം അവസരം കൊടുക്കേണ്ടതാണ് എന്നൊക്കെ ആണോ താങ്കള്‍ ധരിച്ചു വെച്ചിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റി ഒരു സാമാന്യ ബോധ്യം ഉണ്ടെങ്കില്‍ ഇങ്ങനെ ഒരു മറുപടി ഉണ്ടാകില്ലായിരുന്നു . നാട്ടിലിറങ്ങുന്ന എല്ലാ സിനിമകള്‍ക്കും അവസരം നല്‍കലല്ല ചലച്ചിത്ര മേളയുടെ ധര്‍മം. അതൊക്കെ ഞങ്ങള്‍ നാട്ടിലെ തിയറ്ററില്‍ പോയി കണ്ടു കൊള്ളാം. റിലീസ് ചെയ്ത സിനിമകള്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍ അപേക്ഷിക്കാന്‍ സിനിമകള്‍ ഉണ്ടാവില്ല എന്ന വാദം രസകരം ആണ്. താങ്കളുടെ അറിവിലേക്കായി പറയാം. ഇന്ത്യന്‍ പ്രീമിയര്‍ നിര്‍ബന്ധമായ കൊല്‍ക്കത്ത മേളയിലേക്കും, മുംബൈ മേളയിലേക്കും ഏറ്റവും കൂടുതല്‍ സിനിമകള്‍ സമര്‍പ്പിക്കപ്പെടുന്നത് മലയാളത്തില്‍ നിന്നാണ്. ലോകത്തെ ആദ്യ പ്രദര്‍ശനം നിര്‍ബന്ധമായ കാനിലും , ബെര്‍ലിനിലും , ഷാങ്ഹായിലും ഒക്കെ എല്ലാ വര്‍ഷവും 20 ലധികം മലയാള സിനിമകള്‍ ആണ് അപേക്ഷിക്കാറുള്ളത്.. അതുകൊണ്ട് റിലീസ് ചെയ്ത സിനിമകള്‍ക്ക് അവസരം കൊടുത്തില്ലെങ്കില്‍ അപേക്ഷകള്‍ കുറയും എന്നതൊക്കെ അബദ്ധ ധാരണകള്‍ ആണ്. ചലച്ചിത്ര മേളയ്ക്ക് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ സിനിമകള്‍ മേളയിലേക്ക് അപേക്ഷിക്കാനായി റിലീസ് മാറ്റി വെക്കേണ്ടി വരില്ലേ എന്ന അക്കാദമിയുടെ ആ ആശങ്കയും കരുതലും ഉണ്ടല്ലോ .. ഹോ അപാരം തന്നെ. സിനിമ റിലീസ് ചെയ്യണോ മേളയിലേക്ക് അയയ്ക്കണോ എന്നൊക്കെ അതിന്റെ നിര്‍മാതാക്കളും സംവിധായകരും തീരുമാനിച്ചോളും . അതിന് ചലച്ചിത്ര അക്കാദമി എന്തിനാണ് ഇത്ര ആശങ്കപ്പെടുന്നത്..റിലീസ് ചെയ്തു ബോക്‌സ് ഓഫീസ് വരുമാനം മുന്നില്‍ കണ്ടു നിര്‍മിച്ച സിനിമകള്‍ ആണെങ്കില്‍ അതിന്റെ നിര്‍മാതാക്കള്‍ അത് റിലീസ് ചെയ്തു ലക്ഷ്യം നിറവേറ്റട്ടെ. ഇനി അതല്ല അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനത്തിനാണ് മുന്‍തൂക്കം ബോക്‌സ് ഓഫീസ് അല്ല എന്ന് തീരുമാനിക്കുന്ന നിര്‍മാതാക്കള്‍ ആ സിനിമകള്‍ മേളയിലേക്ക് അപേക്ഷിക്കട്ടെ . അതല്ലേ ശരി. അല്ലാതെ സിനിമ റിലീസ് ചെയ്യാതെ കാത്തിരിക്കുന്നത് കഷ്ടമല്ലേ എന്ന കണ്‍സേണ്‍ ചലച്ചിത്ര അക്കാദമിക്കുണ്ടാകേണ്ട കാര്യമില്ലല്ലോ…വഇനി റിലീസ് ചെയ്ത സിനിമകള്‍ മേളയില്‍ കാണിക്കണം എന്ന് അക്കാദമിക്ക് നിര്‍ബന്ധം ആണെങ്കില്‍ റിലീസ് ചെയ്ത സിനിമകളില്‍ മൂന്നോ നാലോ എണ്ണം തിരഞ്ഞെടുത്തു പോപ്പുലര്‍ ആന്‍ഡ് എസ്‌തെറ്റിക് സിനിമ എന്ന പേരില്‍ മത്സരം ഇല്ലാത്ത, സര്‍ക്കാര്‍ സബ്‌സിഡി നല്‍കാത്ത ഒരു സെക്ഷന്‍ ആരംഭിക്കാവുന്നതല്ലേ ഉള്ളൂ ..സിനിമകള്‍ റിലീസ് നീണ്ടുപോകില്ലേ എന്നൊക്കെയുള്ള വേവലാതി അക്കാദമിയ്ക്ക് എന്തിനാണ് ..?
ഓ മറന്നു , ബോക്‌സ് ഓഫീസ് മാത്രം പരിചയമുള്ള , അത് മാത്രം ആണ് സിനിമയുടെ ധര്‍മവും ലക്ഷ്യവും എന്ന് ധരിച്ചു വശായ മുഖ്യധാരാ സംവിധായകര്‍ അക്കാദമി ചെയര്‍മാനും വൈസ് ചെയര്‍മാനും ഒക്കെ ആയി ഇരിക്കുന്ന നാട്ടില്‍ സിനിമ ബോക്‌സ് ഓഫീസില്‍ കാണിച്ചു നാല് കാശ് കിട്ടുന്നത് അക്കാദമിയുടെ ആദ്യ പ്രയോറിറ്റി ആകുന്നതില്‍/ ആക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല …കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആണ് കച്ചവട സിനിമകളുടെ ബാഹുല്യം കേരള ചലച്ചിത്ര മേളയില്‍ ഉണ്ടായത് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം ..
- കേരള സര്‍ക്കാര്‍ ചലച്ചിത്ര മേഖലയില്‍ അറിവും പ്രാവീണ്യവും ഉള്ളവരെ ഉള്‍പ്പെടുത്തി ആണ് അക്കാദമിയുടെ നയരൂപീകരണ സമിതി ആയ ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത്. ആ അംഗങ്ങളുടെ അറിവും പ്രാഗല്ഭ്യവും ചലച്ചിത്രമേളയുടെ സിനിമ തിരഞ്ഞെടുപ്പ് പ്രക്രിയയിലും ഉപയോഗപ്പെടുത്തേണ്ടതും അവരെ ചലച്ചിത്ര മേളയുടെ കമ്മിറ്റികളില്‍ ഉപയോഗപ്പെടുത്തേണ്ടതും ആണ്. അതുകൊണ്ട് അവരെ ഒഴിവാക്കാന്‍ സാധിക്കില്ല ….
ഈ വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് മേളയിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്ന കമ്മിറ്റികളില്‍ /ജൂറിയില്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് തുടരും എന്നാണ് എന്ന് കരുതുന്നു .. നല്ല തീരുമാനം , തുടരണം ..കഴിഞ്ഞ കുറെ മേളകളിലായി ഈ തിരഞ്ഞെടുപ്പ് പ്രഗത്ഭര്‍ തിരഞ്ഞെടുക്കുന്ന സിനിമകളും, ചവുട്ടി പുറത്താക്കിയ സിനിമകളും നമ്മള്‍ കണ്ടുകൊണ്ടിരിക്കുക ആണല്ലോ … മാത്രവുമല്ല ഒരു സ്ഥാപനത്തിന്റെ ഭരണ സംവിധാനത്തില്‍ ഇരിക്കുകയും അതെ സ്ഥാപനം സംഘടിപ്പിക്കുന്ന മേളയില്‍ സ്വതന്ത്രമായ ഒരു ജൂറി തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കേണ്ടതിന് പകരം അധികാര ബോഡിയില്‍ ഇരിക്കുന്നവര്‍ ആ സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ ഇടപെടുകയും ചെയ്യുന്നത് നീതിയുക്തമല്ല എന്ന തിരിച്ചറിവ് ഇല്ലെങ്കില്‍ പിന്നെന്ത് പറയാന്‍ .. ഈ ധാര്‍മികത എന്ന് പറയുന്ന സാധനം ചന്തയില്‍ വാങ്ങാന്‍ കിട്ടില്ല . അത് സ്വയം ഉണ്ടാകേണ്ടതാണ് , വ്യക്തികള്‍ക്കും സ്ഥാപനങ്ങളെ നയിക്കുന്നവര്‍ക്കും. കേരളാ പ്രീമിയര്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ്, ചലച്ചിത്ര മേളകളില്‍ അതിന്റെ പ്രസക്തി എത്രമാത്രം പ്രധാനമാണ് എന്ന കാര്യങ്ങള്‍ ഒക്കെ അനേകം തവണ പറഞ്ഞത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല ..