കേരള രാഷ്ട്രീയക്കാരന്റെ മുഖമുദ്ര: ആണത്ത ഹുങ്ക്, ധിക്കാരം, അഹന്ത, സ്ത്രീ വിരുദ്ധത

രാഷ്ട്രീയ പ്രവര്‍ത്തകര്‍ / ജന പ്രതിനിധികള്‍ എന്ന പേരില്‍ നടക്കുന്ന രാഷ്ട്രീയ തൊഴിലാളികളില്‍ ഭൂരിപക്ഷവും സാമൂഹിക ബോധമോ സാംസ്‌കാരിക ബോധമോ അയല്പക്കത്തു കൂടി പോലും പോയിട്ടില്ലാത്ത വഷളന്‍മാര്‍ മാത്രമാണെന്ന് സംവിധാകന്‍ ഡോ: ബിജു. ജോയ്‌സ് ജോര്‍ജ്ജ് എം.പി രാഹുല്‍ഗാന്ധിയെ കുറിച്ച് നടത്തിയ അശ്ലീല പരാമര്‍ശത്തെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടാണ് ഡോ: ബിജുവിന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

ഇലക്ഷന്‍ കാലയളവ് നമുക്ക് മുന്‍പാകെ വെളിപ്പെടുത്തി തരുന്ന ചില ചിത്രങ്ങള്‍ ഉണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ / ജന പ്രതിനിധികള്‍ എന്ന പേരില്‍ നടക്കുന്ന രാഷ്ട്രീയ തൊഴിലാളികളില്‍ ഭൂരിപക്ഷവും സാമൂഹിക ബോധമോ സാംസ്‌കാരിക ബോധമോ അയല്പക്കത്തു കൂടി പോലും പോയിട്ടില്ലാത്ത വഷളന്‍മാര്‍ മാത്രം ആണ് എന്ന കാഴ്ച്ച നിരന്തരം കാട്ടി തരുന്നു എന്നതാണ് അത്. സ്ത്രീ വിരുദ്ധത, അമാനുഷിക താര സിനിമകളിലെ ആണത്ത ഹുങ്ക്, ധിക്കാരം, അഹന്ത, ജനങ്ങള്‍ ഒക്കെ തങ്ങളുടെ കാല്‍ക്കീഴിലാണെന്നുള്ള ധാര്‍ഷ്ട്യം, ഇതൊക്കെയാണിപ്പോള്‍ ഒരു ശരാശരി കേരള രാഷ്ട്രീയക്കാരന്റെ മുഖമുദ്ര..

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ആര് മുന്‍പില്‍ എന്ന മത്സരത്തില്‍ ആണ്. സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ കടുത്ത മത്സരം തന്നെയാണ് എല്ലാ പാര്‍ട്ടിയിലെയും രാഷ്ട്രീയ തൊഴിലാളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മാന്യമായി പെരുമാറുന്ന, സ്ത്രീ വിരുദ്ധത പ്രകടിപ്പിക്കാത്ത, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ പ്രശ്‌നങ്ങളോട് പുച്ഛം പ്രകടിപ്പിക്കാത്ത, അഹന്തയും ധിക്കാരവും ഇല്ലാത്ത, ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണ് അധികാരികള്‍ എന്ന തിരിച്ചറിവുള്ള, രാഷ്ട്രീയം ഒരു തൊഴിലും ധന സമ്പാദന മാര്‍ഗ്ഗവും ആയി കണക്കാക്കാത്ത, മത നേതാക്കളുടെ തിണ്ണ നിരങ്ങി ഓച്ഛാനിച്ചു നില്‍ക്കാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെ തലമുറ ഏതാണ്ട് അന്യം നിന്നു പോയി കഴിഞ്ഞു…സാമൂഹ്യ ബോധമില്ലാത്ത, സ്ത്രീ വിരുദ്ധത പേറുന്ന എത്രയെത്ര വിവര ദോഷികളെ ആണ് നമുക്ക് സമകാലിക രാഷ്ട്രീയ പൊതു ഇടത്തില്‍ കാണേണ്ടി വരുന്നത്…..