
സംഘടനയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്ന രീതി മാറണമെന്നും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ മലയാള സിനിമയിലുള്ളൂവെന്നും വ്യക്തമാക്കി നടൻ ദിലീപ്. കൂടാതെ തുറന്ന് സംസാരിക്കാന്‍ മാധ്യമങ്ങള്‍ പ്രകോപിപ്പിക്കുമെന്നും എന്നാല്‍ ഭരണസമിതിക്കുള്ളില്‍ സംസാരിക്കുന്നതാണ് സംഘടനയുടെ അച്ചടക്കമെന്നും ദിലീപ് കൂട്ടിച്ചേർത്തു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംഘടനാപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ സംഘടനകള്‍ അങ്ങോട്ടും ഇങ്ങോട്ടും കരി വാരിത്തേക്കുന്ന ചെളി വാരിയെറിയുന്ന സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ചില കാര്യങ്ങള്‍ വരുമ്പോള്‍ ഒരുമിക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. സംഘടനയുടെ ഭാഗമായ ഒരാള്‍ പുറത്തുപോയി നിന്ന് സംഘടനയ്ക്ക് നേരെ കല്ലെറിയുമ്പോഴാണ് ഉള്ളിലുള്ളവര്‍ ഓരോ വിഷയങ്ങളും അറിയുന്നത്. ഏതൊരു സംഘടനയുടേയും കാര്യങ്ങള്‍ നോക്കേണ്ടത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ വാര്‍ത്തകള്‍ എത്തിക്കുന്നത് മാധ്യമങ്ങളാണ്. അവര്‍ നിങ്ങളെ പ്രകോപിപ്പിക്കും. എന്നാല്‍ സംഘടനയുടെ അച്ചടക്കം എന്ന് പറയുന്നത് ഭരണസമിതിക്കുള്ളില്‍ സംസാരിച്ച് പരിഹരിച്ചതിനുശേഷം ഒരൊറ്റ ശബ്ദമായി പുറത്തുവരണം എന്നതാണ്’ ദിലീപ് പറഞ്ഞു.
‘എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ കാണുന്നത് ഏത് സംഘടനയില്‍ ആയാലും ഒരാള്‍ക്ക് എന്തെങ്കിലുമൊരു അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അവര്‍ നേരെ പോയി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നതാണ്. അത് മാറ്റിയെടുക്കണം. മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയല്ല. എന്റര്‍ടെയ്‌മെന്റ് ഇന്‍ഡസ്ട്രി വളരെ വലുതാണ്. അതിലെ ആളുകളെ തമ്മില്‍ തല്ലിക്കാതെ ഇരിക്കുക. ഇതൊക്കെ നമ്മുടെ അഭിമാനമായ കൂട്ടായ്മകളാണ്.ദിലീപ് കൂട്ടിച്ചേർത്തു.