ദൃശ്യം സെക്കന്‍ഡും, റാമും ഒരേ സമയം എഡിറ്റിംഗില്‍

ദൃശ്യം സെക്കന്‍ഡും, റാമും ഒരേ സമയം എഡിറ്റിംഗിലേക്ക് കടന്നിരിക്കുകയാണെന്ന് സംവിധയകന്‍ ജീത്തു ജോസഫ് അറിയിച്ചു. കൊവിഡ് ലോക്ക് ഡൗണ്‍ മൂലം ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തിവച്ച ബിഗ് ബജറ്റ് ചിത്രമാണ് മോഹന്‍ലാല്‍ നായകനായ റാം. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിച്ച റാം കൊച്ചി, ധനുഷ് കോടി എന്നീ ലൊക്കേഷനുകളിലെ ചിത്രീകരണത്തിന് പിന്നാലെ ലണ്ടന്‍, ശ്രീലങ്ക ഉള്‍പ്പെടെ വിദേശ ഷെഡ്യൂളിലേക്ക് കടന്നപ്പോഴായിരുന്നു കൊവിഡ് വഴിമുടക്കിയത്. വിദേശത്തെ ചിത്രീകരണം നീണ്ടതോടെ മോഹന്‍ലാലിനൊപ്പം ജീത്തു ജോസഫ് ദൃശ്യം സെക്കന്‍ഡ് പ്രഖ്യാപിച്ചു.രാജ്യാന്തര യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ റാം തുടര്‍ചിത്രീകരണത്തിലേക്ക് കടക്കാനാണ് ജീത്തു ജോസഫ് ആലോചിക്കുന്നത്. മോഹന്‍ലാല്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. റാമും ദൃശ്യം സെക്കന്‍ഡും തിയറ്റര്‍ റിലീസായി തന്നെയാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്.

ജീത്തു ജോസഫിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന്‍ എസ് പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പാഷന്‍ സ്റ്റുഡിയോസും നിര്‍മ്മാണ പങ്കാളികളാണ്. മോഹന്‍ലാലിന്റെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളായിരിക്കും സിനിമയുടെ ഹൈലൈറ്റ് എന്നാണ് സൂചന. വി എസ് വിനായക് ആണ് എഡിറ്റിംഗ്. ലിന്റാ ജീത്തു കോസ്റ്റിയൂം ഡിസൈനിംഗ്. ടോണി മാഗ്മിത്ത് ആണ് വിഎഫ്ക്‌സ്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്. സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് 46 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.