
“വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും” എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികായാവില്ലെന്ന് പറഞ്ഞത് ‘ദിവ്യ ഉണ്ണി’ അല്ലെന്ന് വേളിപ്പെടുത്തി സംവിധായകൻ വിനയൻ. ആ നായിക ദിവ്യ ഉണ്ണി അല്ലെന്നും, അവരുടെ പേര് താനിതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നും വിനയൻ പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ സമൂഹ മാധ്യമത്തിൽ പങ്കിട്ട ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തെ കുറിച്ചുള്ള പോസ്റ്റിനു താഴെ കമന്റിട്ട പ്രേക്ഷകന് മറുപടിയായിട്ടാണ് വിനയന്റെ പ്രതികരണം. കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്ന് ഒരു നടി പറഞ്ഞന്ന് വിനയൻ സാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
“‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്. ആ നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്റ്റന്‍റ് ഡയറക്ടർ പറഞ്ഞപ്പോൾ “ഏയ് മണിച്ചേട്ടന്‍റെ കൂടെ ഞാനല്ല എന്‍റെ ഹീറോ ദിലീപേട്ടനാണ്” എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്‍റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു. ദീലീപിന്‍റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. ഒരു പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു”. വിനയൻ കുറിച്ചു
“കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം വന്നതാണ്. വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും പലരും പറയുന്ന ഒരു കാര്യത്തിന്‍റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്”. വിനയൻ കൂട്ടിച്ചേർത്തു.