
കളങ്കാവലിൽ തന്നെ കെട്ടിയിട്ടാണ് അഭിനയിപ്പിച്ചതെന്ന നടൻ വിനായകന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ ജിതിൻ കെ ജോസ്. വിനായകന് ഒരുപാട് സംശയങ്ങൾ ഉണ്ടാകാറുണ്ടെന്നും, അതൊക്കെ മറ്റുള്ള അഭിനേതാക്കൾ ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്നും വ്യത്യസ്തമായ ചോദ്യങ്ങളാണെന്നും ജിതിൻ പറഞ്ഞു. കൂടാതെ വിനായകൻ ക്യാമറക്ക് മുൻപിൽ 100 ശതമാനം പ്രൊഫഷണലായിട്ടുള്ള നടനാണെന്നും, ക്യാമറക്ക് പിന്നിൽ പച്ചയായ മനുഷ്യനാണെന്നും ജിതിൻ കൂട്ടിച്ചേർത്തു. കളങ്കാവലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വിനായകനെ കെട്ടിയിട്ട് അഭിനയിപ്പിക്കേണ്ടിയൊന്നും വന്നിട്ടില്ല. ചിത്രത്തിന് നമ്മൾ സെറ്റ് ചെയ്തുവെച്ച ഒരു ഡിസൈനുണ്ട്, അതിൽ നിന്ന് അദ്ദേഹം മാറിപോയാൽ അങ്ങനെ അല്ല എന്നൊക്കെ പറയും. അതിന് അദ്ദേഹവും ഓക്കേ പറയും. പിന്നെ അദ്ദേഹത്തിന് ഒരുപാട് സംശയങ്ങൾ കാണും. അത് സാദാരണ നടന്മാരിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്ന സംശയങ്ങളായിരിക്കില്ല. മൈന്യൂട്ടായിട്ടുള്ള ഡയലോഗുകളിൽ പോലും അദ്ദേഹത്തിന് സംശയങ്ങളുണ്ടാകും. അതിന് നമ്മൾ കൃത്യമായിട്ട് മറുപടി പറഞ്ഞാൽ തീരാവുന്ന പ്രശനങ്ങളെ ഒള്ളു. ചിലപ്പോൾ രാത്രി വിളിച്ചിട്ട് അടുത്ത ദിവസത്തെ കൊറിയോഗ്രഫിയെ പറ്റിയൊക്കെ ചോദിക്കും. അതൊരു പ്രശ്നമായിട്ടല്ല ഞാൻ പറയുന്നത്. അത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.” ജിതിൻ പറഞ്ഞു
“വിനായകൻ എന്ന നടൻ വളരെ ഡെഡിക്കേറ്റഡ് ആണ്. നല്ല പനിയുള്ള ദിവസം പോലും അത് വകവെക്കാതെ അദ്ദേഹം കൃത്യ സമയത്ത് ഷൂട്ടിന് വന്നിട്ടുണ്ട്. മമ്മൂക്ക പോലും അദ്ദേഹത്തോട് ഇന്നിനി ഷൂട്ട് ചെയ്യണ്ട വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞ് വിട്ടിട്ടുമുണ്ട്. അപ്പൊ നമ്മുടെ ഒരനുഭവത്തിൽ ക്യാമറക്ക് മുന്നിൽ ഒരു നടനെന്ന നിലയിൽ അദ്ദേഹം 100 ശതമാനം പ്രൊഫഷണലാണ്. ക്യാമറക്ക് പിന്നിൽ ഒരു പച്ചയായ മനുഷ്യനും. അത് അദ്ദേഹം തന്നെ താനാരാണെന്ന് തന്റെ ഇന്റർവ്യൂകളിലൂടെ തുറന്നു കാണിക്കുന്നുണ്ടല്ലോ. മമ്മൂക്കയാണ് സത്യത്തിൽ സിനിമയിലോട്ട് വിനായകനെ സജസ്റ്റ് ചെയ്യുന്നത്. രണ്ടു പ്രധാന കഥാപാത്രങ്ങളെ ഡിമാൻഡ് ചെയ്യുന്ന ചിത്രമായത് കൊണ്ട് ഒന്ന് പൃഥ്വിരാജിനെയായിരുന്നു ആദ്യം കരുതിയത്. അദ്ദേഹത്തിന് കഴിയാത്തത് കൊണ്ട് അദ്ദേഹം മമ്മൂക്കയെ സജസ്റ്റ് ചെയ്തു. പിന്നീടാണ് മമ്മൂക്ക വിനായകനെ പറയുന്നത്. വിനായകനാണേൽ ജയിലർ ഒകെ ചെയ്ത് ഹൈ ആയിട്ട് നിൽക്കുന്ന സമയം കൂടിയാണല്ലോ.” ജിതിൻ കൂട്ടിച്ചേർത്തു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച ചിത്രമാണ് കളങ്കാവൽ. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. തിങ്കളാഴ്ച ചിത്രത്തിന്റെ പ്രീ റിലീസ് ടീസറും ലോഞ്ച് ചെയ്തിരുന്നു.
പോലീസ് ഓഫീസർ ആയി വിനായകനെയും, മനുഷ്യരെ കൊല്ലുന്നതിൽ സുഖം കണ്ടെത്തുന്ന ഒരു സൈക്കോ കൊലയാളി ആയി മമ്മൂട്ടിയെയും അവതരിപ്പിച്ച പ്രീ റിലീസ് ടീസർ, വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പിൻ്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ക്രൈം ഡ്രാമ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് എന്നാണ് സൂചന.