
യാഷ് നായകനായെത്തുന്ന “ടോക്സികിന്റെ” ടീസർ റിലീസായതിനു പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനെതിരെ പരോക്ഷ വിമർശനവുമായി സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ. മമ്മൂട്ടി ചിത്രം ‘കസബ’യ്ക്കെതിരെ പ്രതികരിച്ചിട്ട് കന്നടയിൽ പോയി വിമർശനാത്മകമായ രീതിയിൽ ചിത്രമെടുത്തു വെച്ചിരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടികാണിച്ചായിരുന്നു നിഥിന്റെ പ്രതികരണം. പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ വരികളാണ് നിഥിൻ പങ്കുവെച്ചിരിക്കുന്നത്.
“നിങ്ങൾ കെട്ടിയാടുന്ന ആ ‘കപട വ്യക്തിത്വം’ നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു… പിന്നാലെ ജീർണ്ണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു). എങ്കിലും… ഇതിൻ്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും, അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു എന്ന്.” നിഥിൻ പങ്കുവെച്ചു.
നിഥിൻ പങ്കുവച്ച സക്കറിയയുടെ വരികൾ ഗീതുവിന്റെ ‘ഇരട്ടത്താപ്പിനുള്ള’ മറുപടിയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
2016-ൽ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കസബ’യെച്ചൊല്ലിയുള്ള വിവാദങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ നടി പാർവതി തിരുവോത്ത് നടത്തിയ രൂക്ഷവിമർശനമാണ് സംഭവങ്ങളുടെ തുടക്കം. ചർച്ചയുടെ തുടക്കത്തിൽ സിനിമയുടെ പേര് പറയാൻ പാർവതി മടിച്ചെങ്കിലും, വേദിയിലുണ്ടായിരുന്ന സംവിധായിക ഗീതു മോഹൻദാസ് “സേ ഇറ്റ്, സേ ഇറ്റ്” (അത് പറയൂ) എന്ന് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് പാർവതി ‘കസബ’യുടെ പേരെടുത്തു പറഞ്ഞ് വിമർശനം ഉന്നയിച്ചത്.
ഈ സംഭവം പുറത്തുവന്നതോടെ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർക്കും ചിത്രത്തിനും നേരെയും വ്യാപകമായ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും ഉയർന്നു. സിനിമയിലെ സ്ത്രീവിരുദ്ധത പൊതുവേദിയിൽ ചോദ്യം ചെയ്യപ്പെട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് വലിയ നാണക്കേടുണ്ടാക്കുന്ന ഒന്നായി മാറി. എന്നാൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ മാസ്സ് ഡയലോഗുകളും, പുകവലിയും, ആഘോഷിക്കപ്പെടുന്ന ആണത്തവും നിറഞ്ഞ ഒരു ചിത്രമാണിതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. പണ്ട് ഗീതു എതിർത്ത അതേ ‘ടോക്സിക് മാസ്കുലിനിറ്റി’ സ്വന്തം സിനിമയിൽ ആഘോഷിക്കുമ്പോൾ, അവരുടെ ആദർശങ്ങൾ എവിടെപ്പോയി എന്നാണ് നിഥിൻ തൻ്റെ സ്റ്റോറിയിലൂടെ ചോദിക്കുന്നത്.