
ഷെയ്ൻ നിഗം നായകനായ ‘ദൃഢം’, ‘ഭൂതകാലം’ എന്നീ ചിത്രങ്ങൾ തന്റെ കഥകൾ മോഷ്ടിച്ച് നിർമ്മിച്ചതാണെന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയുടെ ആരോപണം പൂർണ്ണമായി നിഷേധിച്ച് ‘ദൃഢം’ സിനിമയുടെ സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖയുടെ കഥയുമായി തങ്ങളുടെ സിനിമയ്ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും മാർട്ടിൻ പ്രതികരിച്ചു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വർഷങ്ങൾക്ക് മുമ്പ് താൻ എഴുതിയ ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ചാണ് ‘ദൃഢം’ എന്ന ചിത്രമൊരുക്കിയതെന്നാണ് ശ്രീലേഖയുടെ പ്രധാന ആരോപണം. ഇതിനൊപ്പമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭൂതകാലം’ എന്ന ചിത്രത്തിനെതിരെയും അവർ സമാനമായ അവകാശവാദം ഉന്നയിച്ചത്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ ഈ ആരോപണങ്ങൾ പാടെ തള്ളിക്കളയുകയാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഉയർന്നുവന്ന ഈ വിവാദം ഇപ്പോൾ സിനിമാ–രാഷ്ട്രീയ മേഖലകളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
”ആര് ശ്രീലേഖയുടെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. അതുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ എഴുത്തുകാരായ ജോമോനും ലിന്റോയുമായും ഞാന്‍ ബന്ധപ്പെട്ടു. അവര്‍ക്കും ഒരു ബന്ധവുമില്ല അവര്‍ ആദ്യമായിട്ടാണ് ഇത് കാണുന്നതെന്ന് പറഞ്ഞു. ദൃഢം കണ്ടവര്‍ക്ക് മനസിലാകും ദൃഢവും ആ ചെറുകഥയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല.” മാർട്ടിൻ പറഞ്ഞു.
”ദൃഢം എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാന്‍ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പൊലീസ് സ്റ്റേഷന്’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല.” എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം.
മൂന്ന് വര്‍ഷം മുമ്പ് യൂട്യൂബ് ചാനലില്‍ പറഞ്ഞ അനുഭവകഥയുടെ മോഷണമാണ് ഭൂതകാലം എന്നാണ് ശ്രീലേഖയുടെ മറ്റൊരു ആരോപണം. രണ്ടു സിനിമകളിലേയും നായകനായ ഷെയ്ന് നിഗത്തെ ‘പറവ’ കണ്ടപ്പോള്‍ മുതല്‍ തനിക്ക് ഇഷ്ടമാണ്. തനിക്കൊപ്പം ജോലി ചെയ്ത, താന്‍ സഹോദരനായി കാണുന്ന പൊലീസുദ്യോഗസ്ഥനെ പോലെയാണ് ഷെയ്നിനെ കാണാന്‍ എന്നതാണ് ഇതിന് കാരണം എന്നും മുഹമ്മദ് എന്നാണ് ഈ പോലീസുകാരന്റെ പേരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.