ഭദ്രന്റെ പൊന്നും കുരിശില്‍ സൗബിന്‍ ഷാഹിര്‍ നായകന്‍

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രന്റെ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനാകുന്നു. പൊന്നുംകുരിശ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ ജോലികള്‍ പുരോഗമിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഭദ്രന്റെ സംവിധാനത്തിലേക്കുള്ള മടങ്ങിവരവ്. 1982ല്‍ ശങ്കര്‍, മോഹന്‍ലാല്‍, മേനക തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു സംവിധാനം ചെയ്താണ് ഭദ്രന്റെ അരങ്ങേറ്റം.

അയ്യര്‍ ദ ഗ്രേറ്റ്, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, സ്ഫടികം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്തത് 2005ല്‍ പുറത്തിറങ്ങിയ ഉടയോനാണ്. മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ഭദ്രന്‍ തിരച്ചുവരുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പൊന്നുംകുരിശിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന മറ്റൊരു ചിത്രമാണ് അരക്കള്ളന്‍ മുക്കാക്കള്ളന്‍. ജിത്തു കെ.ജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം അച്ചിച്ചാ സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. സുരഭി ലക്ഷ്മി, ഉര്‍വശി, ദിലീഷ് പോത്തന്‍,സലിംകുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.