ഫ്രഞ്ച് സംവിധായിക ആഗ്‌നസ് വര്‍ദ അന്തരിച്ചു

നവതരംഗ സിനിമയിലെ സ്ത്രീ സാന്നിധ്യമായിരുന്ന ഫ്രഞ്ച് സംവിധായിക ആഗ്‌നസ് വര്‍ദ (90) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. സ്വവസതിയിലായിരുന്നു അന്ത്യമെന്നും മരിക്കുമ്പോള്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നുവെന്നും എ എഫ് പിക്ക് നല്‍കിയ പ്രസ്താവനയില്‍ വര്‍ദയുടെ കുടുംബം അറിയിച്ചു.

1960കളില്‍ ഫ്രഞ്ച് നവതരംഗത്തിന്റെ ശ്രദ്ധേയ മുഖങ്ങളിലൊന്നായിരുന്നു ആഗ്‌നസ് വര്‍ദ. ‘ക്ലിയോ ഫ്രം 5 റ്റു 7’, ‘ഹാപ്പിനെസ്’, ‘ദി ക്രീച്ചേഴ്‌സ്’ എന്നിവയൊക്കെ ശ്രദ്ധിക്കപ്പെട്ടു. അറുപതുകളില്‍ ആരംഭിച്ച സര്‍ഗാത്മക ജീവിതം മരിക്കുന്നതുവരെ തുടര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാറിന് മത്സരിച്ചിരുന്നു. ഓസ്‌കറിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായമേറിയ മത്സരാര്‍ത്ഥിയുമായി ആഗ്‌നസ്. അതിനുമുന്‍പ് 2017ല്‍ ഹോണററി ഓസ്‌കര്‍ ലഭിച്ചിരുന്നു. ഏറ്റവുമവസാനം ഒരുക്കിയ ആത്മകഥാപരമായ ഡോക്യുമെന്ററി ‘ആഗ്‌നസ് ബൈ വര്‍ദ’ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ കഴിഞ്ഞ മാസം പ്രീമിയര്‍ ചെയ്തിരുന്നു. സംവിധാനത്തിനുപുറമേ ഫോട്ടോഗ്രാഫര്‍, തിരക്കഥാകൃത്ത്, അഭിനേത്രി, വിഷ്വല്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും പ്രശസ്തയാണ്.