പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച യുവതാരങ്ങളെ സമ്മാനിച്ച ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയത് നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍ തുടങ്ങിയവരായിരുന്നു. ദിലീപിന്റെ നേതൃത്വത്തിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് നിര്‍മ്മിച്ചത്. ഇപ്പോള്‍ വിനീതിനെക്കുറിച്ചും ചിത്രത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍ തുറന്നു പറയുകയാണ് ജനപ്രിയ നായകന്‍ ദിലീപ്. സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ദിലീപിന്റെ വാക്കുകള്‍
“എനിക്ക് വിനീതില്‍ വിശ്വാസമുണ്ടായിരുന്നു. കാരണം വിനീതിന്റെ ആദ്യത്തെ സിനിമയാണ്. അന്ന് പാട്ടുകാരന്‍, നടന്‍ എന്ന രീതിയില്‍ നിറഞ്ഞു നിന്ന വിനീത് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ശ്രീനിയേട്ടന്റെ മക്കളെന്തായാലും മോശമാവില്ല. വിനീതിനെ ചെറുപ്പകാലം മുതല്‍ കാണുന്നതാണ്. അവനാണ് എനിക്ക് ചാന്ത്‌പൊട്ടില്‍ പാട്ടൊക്കെ പാടിയത്. വിനീതില്‍ എല്ലാം ചേര്‍ന്നുള്ള ഒരാള്‍ എന്ന അവസ്ഥയുണ്ടായി. എനിക്കുറപ്പുണ്ടായിരുന്നു ആ സിനിമ വര്‍ക്കൗട്ടാവുമെന്ന്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്കത് നൂറ് ശതമാനം ബോധ്യമായി. പുതിയ ആള്‍ക്കാരെവെച്ച് ചെയ്യാന്‍ ഞാനും ഓക്കെ പറഞ്ഞു. അവര്‍ തന്നെയാണ് വര്‍ക്ക്‌ഷോപ്പ് വെച്ച് ഓഡീഷനൊക്കെ വെച്ച് പിള്ളേരെയൊക്കെ സംഘടിപ്പിച്ചത്. വിനീതിന്റെ ആ കണ്ടെത്തലുകളെല്ലാം വിജയിച്ചു. ആ സിനിമയിലൂടെ മലയാള സിനിമയ്ക്ക് പുതിയ അഭിനേതാക്കളെ കൊടുക്കാന്‍ സാധിച്ചു. വീണ്ടും അങ്ങനെയുള്ള ശ്രമങ്ങളിലേക്ക് പൊയിക്കൊണ്ടിരിക്കുകയാണ്”.
ദിലീപുമായി നടത്തിയ അഭിമുഖത്തിന്റെ ഫുള്‍ വീഡിയോ കാണാം..