പൂച്ചെണ്ടുകളും, ഉള്ളു തൊടുന്ന സന്ദേശങ്ങളുമുണ്ട് ; ജന്മദിനത്തിൽ തീരാ വേദനയിൽ ധ്യാൻ ശ്രീനിവാസൻ

','

' ); } ?>

ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ശ്രീനിവാസന് ശീലം. അതേ ശീലമായിരുന്നു ഇളയമകൻ ധ്യാനിനും. സിനിമക്കകത്തും, പുറത്തും പ്രേക്ഷകരെയും ആരാധകരെയും ചിരിപ്പിക്കാൻ ധ്യാനിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് തന്റെ 37 ആം ജന്മദിനത്തിൽ അച്ഛന്റെ ചേതനയറ്റ ശരീരത്തിനരികെ ഉള്ളു പൊട്ടി കരയുന്ന ധ്യാനിനെ കണ്ട ഓരോ മലയാളിയുടെയും ഉള്ളു പിടഞ്ഞിട്ടുണ്ടാകും. മലയാള സിനിമയിലെ ഏറ്റവും നർമ്മം കലർന്ന അച്ഛൻ മകൻ കൂട്ടുകെട്ടായിരുന്നു ധ്യാനും ശ്രീനിവാസനും തമ്മിലുള്ളത്. ശബ്ദത്തിലൂടെയും വാക്കുപോര്‍കളിലൂടെയും പരസ്പര വിമർശനങ്ങളിലൂടെയും വളർന്ന അപൂർവമായ ആത്മബന്ധമായിരുന്നു ഇരുവരുടേതും. ചോദ്യം ചെയ്തും കലഹിച്ചും പരിഹസിച്ചും സ്നേഹിച്ചും വളർന്ന ആ ബന്ധം, ഉള്ളിൽ ആഴത്തിൽ വേരൂന്നിയ ബന്ധത്തിന്റെ ഏറ്റവും വേദനയുള്ള മുഖമായിരുന്നു ഇന്ന് ധ്യാനിൽ കണ്ടത്.

ഉള്ളു തൊടുന്ന കുറിപ്പുകളും പൂച്ചെണ്ടുകളും കൊണ്ട് ജന്മദിനം ആഘോഷമാക്കാനിരുന്ന മകൻ, അതേ കുറിപ്പുകളും പൂച്ചെണ്ടുകളും ഓർമയായി തീർന്ന അച്ഛനിലേക്ക് ചേർത്തു വെക്കുന്നത് കാണുന്ന ധ്യാനിനെ കാണുമ്പോൾ വേദനിക്കാത്തവരുണ്ടാകില്ല. പൊതു വേദികളിൽ സംസാരിക്കുമ്പോഴൊക്കെ ധ്യാനിനെ സ്വതസിദ്ധമായ ശൈലിയിൽ വിമർശിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു ശ്രീനിവാസൻ. പലപ്പോഴും ആ വിമർശനങ്ങൾ കാണികൾക്ക് ചിരിയായിരുന്നു. പക്ഷേ ധ്യാന്റെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ അവ വേദനയും തിരുത്തലും ഒരുമിച്ച് കൊണ്ടുവന്നു. മകനെ പൊതു വേദിയിൽ പുകഴ്ത്തുന്നതിൽ കണിഷിയായിരുന്ന ശ്രീനിവാസൻ, എന്നാൽ സ്വകാര്യമായി ധ്യാന്റെ ഓരോ ചുവടിനെയും ഉറ്റുനോക്കുകയും തിരുത്തുകയും ചെയ്ത അച്ഛൻ കൂടിയായിരുന്നു അദ്ദേഹം.

ധ്യാൻ എന്ന പേര് പോലും ശ്രീനിവാസന്റെ ജീവിതത്തിലെ ഒരു ആരാധനയുടെയും ഓർമ്മയുടെയും ഭാഗമായാണ് പിറന്നത്. ഹോക്കിയിൽ ഇന്ത്യയുടെ മാന്ത്രികൻ എന്നറിയപ്പെട്ട ധ്യാൻ ചന്ദിനോടുള്ള ആരാധന കൊണ്ടാണ് തന്റെ രണ്ടാമത്തെ മകന് ‘ധ്യാൻ’ എന്ന് പേരിട്ടതെന്ന് ശ്രീനിവാസൻ ഒരിക്കൽ പൊതുവേദിയിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ സ്കൂൾ കാലത്തെ ഹോക്കി സ്നേഹവും വിനീത് കുമാർ, ധ്യാൻ ചന്ദ് തുടങ്ങിയ കളിക്കാരോടുള്ള ആരാധനയും അദ്ദേഹം നർമം കലർത്തി വിവരിച്ചപ്പോൾ, കാണികൾ ചിരിയിൽ മുങ്ങി. “ചന്ദ് വെട്ടിയതിന്റെ കുഴപ്പം ഇവനുണ്ട്. പക്ഷേ എന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ല” എന്ന ശ്രീനിവാസന്റെ വാക്കുകൾ, അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ നേർക്കാഴ്ചയായിരുന്നു. അതിന് മറുപടിയായി “മലയാള സിനിമയിൽ ഞാൻ ഇപ്പോൾ ഒരു മാന്ത്രികനാണ്” എന്ന ധ്യാന്റെ പ്രതികരണം, അച്ഛനും മകനും തമ്മിലുള്ള രസകരമായ വാക്ക് പോരിന് വീണ്ടും വേദിയൊരുക്കിയത് മലയാളികൾ ആസ്വദിച്ചാണ്.

വിനീത് ശ്രീനിവാസൻ പൊതു ഇടങ്ങളിൽ സൗമ്യതയോടെ പ്രത്യക്ഷപ്പെട്ടപ്പോൾ, അച്ഛന്റെ സംസാരത്തിന്റെ മൂർച്ചയും ഉശിരും അപ്പാടെ പകർത്തി ധ്യാൻ ‘അച്ഛന്റെ മകൻ തന്നെ’ എന്ന വിശേഷണം സ്വന്തമാക്കി. എന്നാൽ ആ മൂർച്ചയ്ക്ക് പിന്നിൽ വലിയ വഴക്കുകളും സംഘർഷങ്ങളും ഉണ്ടായിരുന്നു. ധ്യാന്റെ ജീവിതത്തിലെ ഇരുണ്ട ഘട്ടങ്ങളെക്കുറിച്ച് ഏറ്റവും തുറന്നുപറഞ്ഞത് ധ്യാൻ തന്നെയായിരുന്നു. മദ്യപാനത്തിലും ലഹരിയിലും മുങ്ങിയ കാലത്ത്, അച്ഛൻ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയ അനുഭവം അദ്ദേഹം ഒരിക്കൽ വികാരഭരിതമായി വെളിപ്പെടുത്തിയിരുന്നു.

“ഞാൻ ഒരു സെലിബ്രിറ്റി കിഡ് ആയിരുന്നു. നെപ്പോ കിങ് എന്നൊക്കെയാണ് വിളിച്ചിരുന്നത്. ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക്കായി. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്… വേറെ പണിയൊന്നുമില്ല. ഞാൻ പൂർണ്ണമായും യൂസ്‌ലെസ് ആയിരുന്നു,” എന്ന ധ്യാന്റെ വാക്കുകൾ, ആ ജീവിതഘട്ടത്തിന്റെ കഠിനത തുറന്നു കാട്ടി. വീട്ടിലെ വഴക്കുകളും അമ്മയുടെ ശാസനയും അച്ഛനോടുള്ള മോശം പെരുമാറ്റവും എല്ലാം ചേർന്നപ്പോൾ, ധ്യാൻ നശിച്ചുപോകുമെന്ന ഭയം കുടുംബത്തെ മുഴുവൻ പിടികൂടിയിരുന്നു. അച്ഛനെ മദ്യപിച്ച് ചീത്ത വിളിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ധ്യാൻ, പിന്നീട് സിനിമയെയും ജീവിതത്തെയും പുനർനിർമിക്കാൻ ശ്രമിച്ചു. 2013ന് ശേഷം മദ്യപാനം കുറച്ച്, സിനിമയെ ഒരു റീഹാബായി മാറ്റിയ ധ്യാൻ, പതുക്കെ പുതിയൊരു മനുഷ്യനായി മാറി. “എന്നും അച്ഛനൊപ്പമുണ്ടാകും” എന്ന വാക്ക്, അവസാന നിമിഷം വരെ ധ്യാൻ പാലിച്ചുവെന്ന് അടുത്തറിയാവുന്നവർ പറയുന്നു.

അവസാന നാളുകളിൽ, ശ്രീനിവാസൻ ധ്യാനിനോട് കൂടുതൽ ചേർന്ന് നിന്നു. പരസ്യമായി സ്നേഹം പ്രകടിപ്പിക്കാൻ മടിച്ചിരുന്ന അച്ഛൻ, തന്റെ ആരോഗ്യനില താളം തെറ്റിയപ്പോഴാണ് മകന്റെ സാന്നിധ്യത്തിന്റെ വില കൂടുതൽ തിരിച്ചറിഞ്ഞത്. അപ്പോഴും വാക്കുകളിൽ വാക്പോര് തുടർന്നുവെങ്കിലും, ഉള്ളിൽ ആഴത്തിൽ വേരൂന്നിയ ആത്മബന്ധം മിഴിവോടെ നിലനിന്നു. അച്ഛന്റെ പാത പിന്തുടർന്ന് കൃഷിയിലേക്കും ധ്യാൻ കടന്നുവന്നത് ഈയടുത്ത കാലത്താണ്. കണ്ടനാട് പുന്നച്ചാലിലെ വീടിനടുത്തുള്ള പാടശേഖരത്തിൽ കൃഷിയിറക്കിയ ധ്യാൻ, അത് അച്ഛന്റെ താത്പര്യപ്രകാരമാണെന്ന് തുറന്നു പറഞ്ഞിരുന്നു. “കർഷകനായി വരികയാണ് ഞാൻ. വർഷങ്ങളായി അച്ഛൻ ചെയ്തുവരുന്ന കാര്യം അദ്ദേഹത്തിന്റെ താത്പര്യപ്രകാരം ഞാൻ ഏറ്റെടുക്കുകയാണ്” എന്ന ധ്യാന്റെ വാക്കുകൾ, അച്ഛനോടുള്ള അടുപ്പത്തിന്റെ മറ്റൊരു തെളിവായിരുന്നു. അതിന് മറുപടിയായി “സാധാരണ പരാജയമാണല്ലോ… ഇതിലെങ്കിലും വിജയിച്ച് വരണം” എന്ന ശ്രീനിവാസന്റെ നർമവാക്കുകൾ, അവരുടെ ബന്ധത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു.

ശ്രീനിവാസനെയും മോഹൻലാലിനെയും ഒരുമിച്ച് തന്റെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന ധ്യാന്റെ വലിയ സ്വപ്നവും ഇനിയും പൂർണ്ണമായില്ല. ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രം ആദ്യം മോഹൻലാൽ–ശ്രീനിവാസൻ കൂട്ടുകെട്ടിൽ ആലോചിച്ചെങ്കിലും, അനാരോഗ്യം മൂലം അത് മാറ്റിവയ്ക്കേണ്ടിവന്നു. “എന്നെങ്കിലും ഒരിക്കൽ അച്ഛനെയും അദ്ദേഹത്തെയും ഒരുമിച്ച് എന്റെ സിനിമയിൽ അഭിനയിപ്പിക്കണം” എന്ന ധ്യാന്റെ ആഗ്രഹം, ഈ ഭൂമിയിലെ അരങ്ങിൽ സാക്ഷാത്കരിക്കപ്പെടാതെ പോയി. ധ്യാനിന്റെ ജന്മദിനത്തിൽ തന്നെ ശ്രീനിവാസന്റെ വേർപാട് സംഭവിച്ചതിനെ വെറും യാദൃശ്ചികതയായി കാണാൻ കഴിയില്ല. അത് കാലം കാത്തുവച്ച ഒരു നിശ്ശബ്ദ വേദനയായി, മലയാളികളുടെ മനസ്സിൽ പതിയുന്നു. വാക്കുകളും വഴക്കുകളും വിമർശനങ്ങളും നിറഞ്ഞിരുന്ന ആ ബന്ധം, സ്നേഹത്തിന്റെ ഏറ്റവും സത്യസന്ധമായ രൂപങ്ങളിലൊന്നായിരുന്നു.

ഇരുവരും മലയാളികൾക്കേറ്റവും പ്രിയപ്പെട്ടവരാണ്. ധ്യാനിനെ പോലെ പ്രേക്ഷകരും ഹൃദയഭാരം കൊണ്ട് വേദനയിലാണ്. മലയാളികളെ ചിന്തിപ്പിക്കാൻ പഠിപ്പിച്ച അതുല്യ കലാകാരന്റെ ഓർമകളിൽ വീണു പിടയുമ്പോൾ. മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള പ്രിയ കലാകാരന്റെ ജന്മദിനം തീരാ വേദനയായി മാറുന്നത് നോക്കി കാണുകയാണ് പ്രേക്ഷകർ. എന്നാൽ ഇനി നിന്റെ ഓരോ ജന്മദിനത്തിലും നീയെന്നെ മറന്നു പോകില്ലല്ലോ എന്ന സ്വതസിദ്ധമായ നർമ്മം അയാൾ മുകളിൽ നിന്ന് പറഞ്ഞു ചിരിക്കുന്നുണ്ടാകും. ഏറെ വാത്സല്യത്തോടെ സ്നേഹത്തോടെ തന്റെ മകനെ അയാൾ അനുഗ്രഹിക്കുന്നുണ്ടാകും.