നായകനും പ്രതിനായകനുമാവാന്‍ ധ്യാന്‍

നായകനും പ്രതിനായകനുമാവാന്‍ ഒരുങ്ങി ധ്യാന്‍ ശ്രീനിവാസന്‍. മക്കനാസ് ഗോള്‍ഡ് എന്ന വര്‍ക്കിംഗ് ടൈറ്റിലില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിലാണ് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ധ്യാന്‍ എത്തുന്നത്. നവാഗത സംവിധായകന്റേതാവും ചിത്രം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഡബിള്‍ റോളിലാകുമോ ധ്യാന്‍ എത്തുക എന്നും സംശയമുണ്ട്.

2017 ല്‍ പുറത്തിറങ്ങിയ ഗൂഢാലോചനയാണ് അവസാനമായി റിലീസ് ചെയ്ത ധ്യാനിന്റെ ചിത്രം. ഈ വര്‍ഷം ധ്യാനിന്റെ ചിത്രങ്ങള്‍ ഒന്നും തന്നെ ഇറങ്ങിയില്ലെങ്കിലും, മറ്റൊരു വാര്‍ത്തയാണ് വന്നത്. ആദ്യമായി സംവിധായകന്റെ റോളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ് ധ്യാന്‍ എന്നാണ്.
എണ്‍പതുകളുടെ അവസാനം ശ്രീനിവാസന്‍, പാര്‍വതി എന്നിവര്‍ അഭിനയിച്ച ജനപ്രിയ ചിത്രം വടക്കുനോക്കി യന്ത്രത്തിന്റെ ആധുനിക കാല ഭാഷ്യമായ ലവ്, ആക്ഷന്‍, ഡ്രാമ സംവിധാനം ചെയ്യുകയാണു ധ്യാന്‍ ഇപ്പോള്‍. ചിത്രത്തിന്റെ ഒരു ഭാഗം ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചിരിക്കുന്നു. നിവിന്‍ പോളി, നയന്‍താര എന്നിവരാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.