“വിമർശനങ്ങൾ ബാധിച്ചിട്ടില്ല എന്നല്ല, സത്യത്തിനൊപ്പം നിൽക്കുമ്പോൾ അത് കുഴപ്പമില്ല”; പ്രതികരിച്ച് ധ്രുവ് വിക്രം

','

' ); } ?>

നടി അനുപമ പരമേശ്വരൻ നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചർച്ചകൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി നടൻ ധ്രുവ് വിക്രം. ഇന്ത്യ ടുഡേ തമിഴ് സംഘടിപ്പിച്ച റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിക്കവെയാണ് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിലും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകളിലും താരം നിലപാട് വ്യക്തമാക്കിയത്.

സിനിമാ മേഖലയിൽ പ്രവർത്തിക്കുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണെന്നും ഇത്തരം പ്രചാരണങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയുന്നത് സത്യസന്ധമല്ലെന്നും ധ്രുവ് വെളിപ്പെടുത്തി. താൻ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും കൃത്യമായ ബോധ്യമുണ്ടാകുകയാണ് പ്രധാനം. സത്യത്തിനൊപ്പം നിൽക്കുമ്പോൾ മറ്റുള്ളവരുടെ അനാവശ്യ നിരീക്ഷണങ്ങൾക്കോ വിമർശനങ്ങൾക്കോ ഒരു പരിധിക്കപ്പുറം സ്വാധീനം ചെലുത്താനാകില്ലെന്ന് നടൻ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അതിരുകൾ സംരക്ഷിക്കുന്നതിലൂടെ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സിനിമ പോലെയുള്ള ഒരു ജോലി തിരഞ്ഞെടുക്കുമ്പോള്‍ വളരെ നേരത്തേ തന്നെ നമുക്ക് മനസിലാകും വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണെന്ന്. ഈ ജോലി അത്രയും മനോഹരമാകുന്നതോടൊപ്പം തന്നെ ഇതിന് ഒരുപാട് വശങ്ങളുമുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ, ഇത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ യാഥാർഥ്യത്തിൽ ഉറച്ച് നിൽക്കുക എന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ആരാണെന്ന് അറിയുക. എന്തിന് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നതെന്ന് മനസിലാക്കുക.

നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടതായിട്ടുള്ളതും ഒരിക്കൽ പ്രധാനപ്പെട്ടതായിരുന്നതുമായ എല്ലാത്തിനെയും ശക്തമായി സംരക്ഷിക്കുക. നിങ്ങൾ സത്യത്തോടൊപ്പം നിൽക്കുമ്പോൾ, നിങ്ങളെ ഉറപ്പിച്ച് നിർത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് വ്യക്തമായി അറിവുള്ളപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണങ്ങൾക്കും വിമർശനങ്ങൾക്കും ഒരു പരിധിക്കപ്പുറം പോകാൻ കഴിയില്ല.

പതിയെ അറിയാതെ തന്നെ നിങ്ങൾ ഒരു ഒറ്റയാൾ സൈന്യമായി മാറും. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ടാകും. നിങ്ങൾ സ്വയം ഉള്ളിലേക്ക് നോക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ലോകത്തെ സംരക്ഷിക്കും.” ധ്രുവ് പറഞ്ഞു.

അനുപമ പരമേശ്വരൻ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെ, നടി പരാമർശിച്ച മുൻ കാമുകൻ ധ്രുവ് വിക്രമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണങ്ങൾ ഉയർന്നിരുന്നു. ഇതിനോട് നേരിട്ട് പേരെടുത്തു പറയാതെയാണ് താരം പ്രതികരിച്ചത്.

സിനിമകളുടെ പ്രൊമോഷൻ ഘട്ടങ്ങളിലല്ലാതെ താൻ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണവും ധ്രുവ് തുറന്നുപറഞ്ഞു. വ്യക്തിപരമായ വീഡിയോകൾ ചിത്രീകരിക്കാനും എഡിറ്റ് ചെയ്യാനും ഇഷ്ടമാണെങ്കിലും അവയൊന്നും ഓൺലൈനിൽ പങ്കുവെക്കാറില്ല. വായനയും സംഗീതവുമാണ് മറ്റ് സമയങ്ങളിൽ ആസ്വദിക്കാറുള്ളതെന്നും, സോഷ്യൽ മീഡിയ ലോകത്ത് നിന്ന് നിശ്ചിത അകലം പാലിക്കുന്നത് ബോധപൂർവമായ തീരുമാനമല്ലെങ്കിലും അത് തന്റെ ജീവിതരീതിയാണെന്നും ധ്രുവ് വ്യക്തമാക്കി.