
മമ്മൂട്ടി ചിത്രം ‘സ്റ്റാലിൻ ശിവദാസി’നെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് നിർമാതാവും നടനുമായ പി. ദിനേശ് പണിക്കർ. ആദ്യം ‘ചെങ്കൊടി’ എന്നായിരുന്നു ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നതെന്നും, വിജയിച്ചില്ലെങ്കിലും ‘സ്റ്റാലിൻ ശിവദാസ്’ തനിക്ക് പൊൻകുഞ്ഞ് തന്നെയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രത്തിൽനിന്നുള്ള മമ്മൂട്ടിയുടെ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
“1999-ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമിച്ച രാഷ്ട്രീയപശ്ചാത്തലമുള്ള, ആദ്യം ‘ചെങ്കൊടി’ എന്ന പേരിട്ട ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പിന്നീട് സ്റ്റാലിൻ ശിവദാസ് എന്ന പേരിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. വിജയച്ചിത്രമായില്ലെങ്കിലും ‘സ്റ്റാലിൻ ശിവദാസ്’ എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്. ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു സർ, മണിയൻ പിള്ളരാജു എന്ന വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു.” ദിനേശ് പണിക്കർ കുറിച്ചു.
ടി. ദാമോദരൻറെ തിരക്കഥയിൽ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ‘സ്റ്റാലിൻ ശിവദാസ്’, സുരേഷ് ഗോപി ചിത്രം ‘പത്ര’ത്തിനൊപ്പമായിരുന്നു റിലീസ് ചെയ്തത്. മോഹൻലാൽ നായകനായ ‘കിരീടം’ ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ ദിനേശ് പണിക്കർ നിർമിച്ചിട്ടുണ്ട്. പിന്നീട് നടനായി തിളങ്ങിയ ദിനേശ് പണിക്കർ ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ സജീവമാണ്.