
തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും ബോളിവുഡ് നടി മൃണാൾ ഠാക്കൂറും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. സ്വകാര്യമായ ചടങ്ങിലാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 14-നാണ് ഇരുവരും വിവാഹിതരാകുക എന്നാണ് അഭ്യൂഹം. എന്നാൽ ഇക്കാര്യത്തിന് ഔദ്യോഗികമായ സ്ഥിരീകണം ഇല്ല. സോഷ്യൽ മീഡിയയിലൂടെയാണ് ഈ അഭ്യൂഹം പ്രചരിക്കുന്നത്.
അജയ് ദേവ്ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രണയാഭ്യൂഹം തുടങ്ങിയത്. എന്നാൽ അജയ് ദേവ്ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് അന്ന് മൃണാൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. പിന്നീട് ധനുഷിൻ്റെ മൂന്ന് സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ കണ്ടെത്തി. കൂടാതെ മൃണാളിന്റെ പിറന്നാളാഘോഷത്തിനും, ‘തേരെ ഇഷ്ക് മേ’യുടെ നിർമാതാവ് കനികാ ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് പങ്കുവെക്കുന്നുവെന്നും ആരാധകർ കണ്ടെത്തിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
2004- ൽ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ്റെ മകൾ ഐശ്വര്യയെ ധനുഷ് വിവാഹംചെയ്തു. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. 2024-ൽ ഇരുവരും വിവാഹമോചനം നേടി. മഹാരാഷ്ട്രയിലെ ധുലെയിൽ മറാഠി കുടുംബത്തിലാണ് മൃണാൾ ഠാക്കൂറിന്റെ ജനനം. മറാഠി- ഹിന്ദി സിനിമകളിലൂടെ അരങ്ങേറിയ മൃണാൾ ഠാക്കൂർ, ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘സീതാരാമ’ത്തിലൂടെയാണ് പാൻ- ഇന്ത്യൻ ശ്രദ്ധനേടുന്നത്.