
മമ്മൂട്ടി ചിത്രം ‘ഡാഡി കൂളി’ൽ അഭിനയിച്ചതിന്റെ അനുഭവം ഓർത്തെടുത്ത് നടൻ ധനഞ്ജയ്. മ്മൂക്ക ഭയങ്കര കംഫർട്ടിങ് പേഴ്സണായിരുന്നുവെന്നും, അദ്ദേഹം എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്ന ഒരാളായിട്ടാണ് തനിക്ക് ആ പ്രായത്തിൽ തോന്നിയിട്ടുള്ളതെന്നും ധനഞ്ജയ് പറഞ്ഞു. കൂടാതെ ചെറുപ്പത്തിൽ തന്നെ മമ്മൂട്ടിയെന്ന വലിയ താരത്തിന്റെ പ്രഭാവം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിരുന്നതെന്നും, കുട്ടിയെന്ന പരിഗണന നൽകാതെ വളരെ കംഫർട്ടബിളായ അന്തരീക്ഷമാണ് അദ്ദേഹം സെറ്റിൽ ഒരുക്കിത്തന്നതെന്നും ധനഞ്ജയ് കൂട്ടിച്ചേർത്തു. ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനഞ്ജയ്.
ധനഞ്ജയ്യുടെ വാക്കുകൾ;
“മമ്മൂക്ക അത്രയും വലിയൊരു സ്റ്റാർ ആയിരുന്നുവെന്ന കാര്യം അന്ന് എനിക്കറിയാമായിരുന്നു എന്നാണ് വിശ്വാസം. അദ്ദേഹത്തിന് വലിയൊരു ഓറയുണ്ട്.ആ പ്രായത്തിൽ കാണുമ്പോഴും നമ്മളിങ്ങനെ നോക്കി നിൽക്കും. പെട്ടെന്ന് അദ്ദേഹവുമായി ചേർന്നു പോകാനുള്ള ഒരിത് കുഞ്ഞായിരുന്നെങ്കിലും എനിക്കുമുണ്ടായിരുന്നു. മമ്മൂക്ക ഭയങ്കര കംഫർട്ടിങ് പേഴ്സൺ ആണ്. അദ്ദേഹം എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്ന ഒരാളായിട്ടാണ് എനിക്ക് ആ പ്രായത്തിൽ തോന്നിയിട്ടുള്ളത്.
പിന്നെ എനിക്ക് ബോധമുള്ളപ്പോൾ എന്റെ മാതാപിതാക്കൾ പകുതി കാര്യങ്ങളും പറഞ്ഞു തരുമ്പോഴാണ് ഞാൻ അറിയുന്നത്. സെറ്റിൽ ഇങ്ങനെയൊക്കെയായിരുന്നു എന്ന്. എനിക്ക് സെറ്റിലെ വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഓർമയുള്ളൂ. കുറേ കാര്യങ്ങൾ വീട്ടുകാർ പറഞ്ഞറിയാം. അവർ എങ്ങനെയാണ് സെറ്റിൽ എന്നെ പരിഗണിച്ചിരുന്നതെന്ന്. ചെന്നൈയിൽ നമുക്ക് ഷൂട്ട് ഉണ്ടായിരുന്നു. അവിടെ ഭയങ്കര ചൂടാണ്.
മമ്മൂക്കയുടെ കാരവാനിൽ അദ്ദേഹം ഇരിക്കും. ഭയങ്കര ചൂടായതു കൊണ്ട് അതിന്റെ തൊട്ടപ്പുറത്തെ കാരവാനിൽ എന്നെയും പിടിച്ച് ഇരുത്തുമായിരുന്നു. എന്റെ അമ്മയാണ് ആ സമയത്ത് കൂടെ വന്നത്. അമ്മ വെയിലത്ത് തലയിൽ ഷോൾ ഒക്കെ ഇട്ട് പുറത്തിരിക്കുന്നത് കണ്ടപ്പോൾ മമ്മൂക്ക പറഞ്ഞു, അമ്മയല്ലേ..വെയിലത്ത് ഇരിക്കണ്ട കാരവാനിൽ ഇരിക്കാൻ പറയൂ എന്ന്. എന്നിട്ട് അവർ വന്ന് അമ്മയോട് പറഞ്ഞു.
അമ്മ ഇപ്പോഴും അതേക്കുറിച്ച് പറയാറുണ്ട്. നമ്മളൊരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ അങ്ങനെയൊരു കാര്യം. ഹോങ്കോങ്, സിംഗപൂർ ഒക്കെ ഷൂട്ട് ചെയ്തതും ഓർമയുണ്ട്. പുറത്തുപോയി ഷൂട്ട് ചെയ്യുമ്പോൾ മമ്മൂക്ക വളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണ്. ആ പ്രായത്തിൽ അദ്ദേഹത്തിനൊപ്പം ഞാൻ നീരാളി വച്ചുള്ള ഒരു ഡിഷ് കഴിച്ചിട്ടുണ്ട്.
പിന്നെ പാസ്ത കഴിക്കാൻ പോയി. ആ സമയത്ത് അച്ഛനായിരുന്നു എന്റെ ഒപ്പം വന്നത്. അച്ഛൻ പറഞ്ഞിട്ടുണ്ട്, പാസ്ത കഴിക്കാൻ എന്നെ കൊണ്ടു പോയപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നുവെന്ന്. ഒരച്ഛൻ എങ്ങനെയാണോ സംസാരിക്കുന്നത് അങ്ങനെ തന്നെയാണ് മമ്മൂക്കയും എന്നോട് സംസാരിച്ചത്. വലുതായി കഴിഞ്ഞിട്ട് ഇതുവരെ മമ്മൂക്കയെ കാണാൻ പറ്റിയിട്ടില്ല.”