പ്രകാശന്റെ ടീനമോള്‍ക്ക് നൂറുമേനി വിജയം..

ഫഹദ് ഫാസിലിനൊപ്പം ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലെത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന യുവനടിയാണ് ദേവിക സഞ്ജയ്. ചിത്രത്തിലെ ടീന മോള്‍ എന്ന ദേവികയുടെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഒരിടം നേടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏവരെയും ഒരിക്കല്‍ കൂടി ഞെട്ടിച്ചുകൊണ്ട് പ്രകാശന്റെ ടീന മോള്‍ എസ് എല്‍ സി യില്‍ മികച്ച വിജയം നേടിയിരിക്കുകയാണ്. പത്താം ക്ലാസ്സ് പരീക്ഷയില്‍ 500ല്‍ 486 മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സോടെയാണ് ദേവിക വിജയം കരസ്ഥമാക്കിയത്. 5 കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്.

ഞാന്‍ പ്രകാശനിലെ ടീന മോള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ദേവിക സിനിമയിറങ്ങിയതോടെ നാട്ടിലും സ്‌കൂളിലും താരമായിരുന്നു. ചിത്രത്തിലൂടെ നിരവധി സിനിമാ അവസരങ്ങള്‍ താരത്തെ തേടിയെത്തിയെങ്കിലും അതൊന്നും പഠനത്തെ ബാധിക്കാതെ താരം തന്റെ പഠനവുമായി മുന്നോട്ട് പോവുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക.

ദേവിക പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപികയായിരുന്ന രേണുക വഴിയാണ് ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തില്‍ താരത്തിന് അവസരം ലഭിച്ചത്. ദേവികയുടെ നാടന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ കണ്ടപ്പോള്‍ മറ്റൊരാളെ നോക്കാമെന്നു തീരുമാനിച്ച അണിയറക്കാര്‍ പിന്നീട് താരത്തിന്റെ അഭിനയപാടവം കണ്ട് ചിത്രത്തിലേക്ക് വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.