
“മഹാനടന് രാജ്യം ബഹുമതികൾ കൊടുത്ത് മാനിക്കുമ്പോൾ അതിനേക്കാൾ വലിയ ബഹുമതികൾ നൽകാവുന്ന കഥകൾ ആ മഹാനടൻ മനുഷ്യനായി പല മനസ്സുകളിലും കോറിയിട്ടുണ്ടെന്ന്” മമ്മൂട്ടിയെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനും നിർമാതാവുമായ പി. ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ. “ബ്ലാക്ക് ആൻഡ് വൈറ്റിൽ പോയിരുന്ന ജീവിതം കളറാക്കിയത് മമ്മൂട്ടിയാണെന്നും ദേവി കൃഷ്ണകുമാർ കുറിച്ചു. മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടിയതിനു പിന്നാലെയാണ് ദേവിയുടെ കുറിപ്പ്.
“നല്ല സിനിമ എടുക്കാനുള്ള പാച്ചിലിൽ ഞങ്ങൾക്ക് സ്വന്തം വീടൊക്കെ നഷ്ടമായി. വാടക വീട്ടിൽ നിന്ന് വാടക വീട്ടിലേക്ക് ചേക്കേറുന്ന കാലം. അച്ഛന്റെ മാത്രം ശമ്പളത്തിൽ അരിഷ്ടിച്ച് ജീവിക്കുന്ന സമയത്താണ് അച്ഛൻ ഒരു കഥ കണ്ടെത്തുന്നത്. പൊടുന്നനെ തന്നെ അതിന്റെ തിരക്കഥയും എഴുതി. മമ്മൂട്ടി എന്ന മഹാനടൻ അതിൽ അഭിനയിക്കുകയാണെങ്കിൽ നല്ല പ്രൊഡ്യൂസറിനെ കിട്ടും. വീട്ടിൽ അതേക്കുറിച്ചുള്ള ചർച്ചകളാണ് എന്നും. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടുകയാണെങ്കിൽ ഞങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ ഞാനും ഏട്ടനും സ്വപ്നം കാണാൻ തുടങ്ങി. അച്ഛൻ്റെ കണക്കുകൂട്ടലുകളെക്കാൾ വലുതായിരുന്നു ഞങ്ങളുടെ സ്വപ്നങ്ങൾ. ബ്ലാക്ക് ആൻഡ് വൈറ്റിൽ പൊയ്ക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ ജീവിതം കളർ ആകാൻ പോകുന്നു എന്ന ഒരു പ്രതീക്ഷ. അതൊരു ചെറിയ പ്രതീക്ഷ അല്ല.” ദേവിക കൃഷ്ണകുമാർ കുറിച്ചു.
“അങ്ങനെ അച്ഛൻ മമ്മൂട്ടിയോട് കഥ പറയാൻ പോകുന്ന ദിവസം. മമ്മൂട്ടി പൊന്തൻമാടയുടെ സെറ്റിലാണ്. താമസം ഗുരുവായൂരിലും. ഗുരുവായൂര് ചെന്നാൽ ആദ്യം ഭഗവാനെ തൊഴണം. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാൻ പ്രാർത്ഥിക്കണം. അതോടെ ജീവിതം മാറിമറിയും. അറിഞ്ഞോ അറിയാതെയോ എവിടെയോ ഭഗവാനും മമ്മൂട്ടിയും അനുഗ്രഹിക്കണം എന്ന് തന്നെയാവും ഞാൻ ആഗ്രഹിച്ചത്. എത്തിയ ഉടനെ അച്ഛനു മമ്മൂട്ടിയെ കാണാൻ അവസരം കിട്ടി. മുറിയിൽ എത്തിയ ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു “ഭഗവാനെ. നിന്നെ കാണും മുമ്പേ ആണല്ലോ അച്ഛൻ മമ്മൂട്ടിയുടെ മുറിയിൽ പോയത്.” അദ്ദേഹം അച്ഛനുമായി ചിരിച്ച് എന്തൊക്കെയോ സംസാരിക്കുന്നു. ഒരു വലിയ വീടിൻ്റെ കൈവരിയിൽ കിടന്ന് ‘മാട’അച്ഛന്റെ കഥയൊക്കെ കേട്ടു. ഒരു ദിവസം മുഴുവൻ ആ ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹത്തിന്റെ അഭിനയവും പെരുമാറ്റവും ഒക്കെ കണ്ടു. ഞങ്ങൾക്കൊപ്പം ചിരിച്ചു കളിച്ചിരിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ നിമിഷനേരം കൊണ്ട് ഒരു മാടയായി മാറുന്നത് അത്ഭുതം ഉളവാക്കി. മമ്മൂട്ടി അറിയുന്നുണ്ടോ ഒരു പാവം പെൺകുട്ടിയുടെ പോലും ഭാവി തീരുമാനങ്ങൾ അദ്ദേഹത്തിൻ്റെ കൈയിൽ ആണെന്ന്. വീട്ടിൽ തിരിച്ചെത്തിയ പിറ്റേന്ന് ഉറക്കം എണീറ്റപ്പോൾ വീട്ടിൽ ഒരു ഉത്സവ പ്രതീതിയാണ്. മമ്മൂട്ടിയുടെ ഫോൺ വന്നിരിക്കുന്നു. കഥ ഇഷ്ടമായി.ഇനി സ്വപ്നങ്ങൾ ഒക്കെ യാഥാർത്ഥ്യമാവാൻ പോവുകയാണ്. പിൽക്കാലത്ത് എൻ്റെ കല്യാണത്തിന് എന്നെ അനുഗ്രഹിക്കാൻ വന്ന അദ്ദേഹം വിലപിടിപ്പുള്ള സമ്മാനം എനിക്ക് തന്നു. എല്ലാരും പറഞ്ഞു എത്ര വിലപിടിപ്പുള്ള സമ്മാനമാണിതെന്ന്. അത് കേട്ടപ്പോൾ ഞാൻ എന്നോട് തന്നെ ഉള്ളിൽ പറഞ്ഞു ഇതിനേക്കാൾ വലിയ ഒരു സമ്മാനമാണ് അദ്ദേഹം എനിക്ക് തന്നത്.. ചിരിക്കാൻ മറന്നുനിന്നിരുന്ന ഒരു കുടുംബത്തിന് അദ്ദേഹം സമ്മാനിച്ചത് ചിരിയായിരുന്നു. അന്നത്തെ ആ കൗമാരക്കാരിക്കു അതായിരുന്നു വേണ്ടിയിരുന്നത്. മഹാനടന് രാജ്യം ബഹുമതികൾ കൊടുത്ത് മാനിക്കുമ്പോൾ അതിനേക്കാൾ വലിയ ബഹുമതികൾ നൽകാവുന്ന കഥകൾ ആ മഹാനടൻ മനുഷ്യനായി പല മനസ്സുകളിലും കോറിയിട്ടുണ്ട്.” ദേവിക കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
മമ്മൂട്ടി മികച്ച നടനുള്ള സംസഥാന പുരസ്കാരം സ്വീകരിക്കുന്ന അന്ന് തന്നെയാണ് അദ്ദേഹത്തിന് രാജ്യം പത്മഭൂഷൺ നൽകിയ വാർത്തയും പുറത്ത് വന്നത്. പിന്നീട് രാജയത്തിനും, ആരാധകർക്കും നന്ദി പറഞ്ഞ് കൊണ്ട് അദ്ദേഹം കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.