‘ദേവരാജന്‍ മാസ്റ്ററോടുള്ള യേശുദാസിന്റെ സമീപനം അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല’-എസ്.രാജേന്ദ്ര ബാബു

ദേവരാജന്‍ മാസ്റ്ററോട് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സമീപനം നീതീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല എന്ന വെളിപ്പെടുത്തലുകളുമായി മാധ്യമപ്രവര്‍ത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ് രാജേന്ദ്ര ബാബു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജേന്ദ്ര ബാബുവിന്റെ വാക്കുകള്‍…

‘മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കണമെന്നത് ദേവരാജന്‍ മാസ്റ്ററുടെ വലിയ ആഗ്രഹമായിരുന്നു. സംഗീത രംഗത്ത് അന്ന് ജീവിച്ചിരിക്കുന്ന എല്ലാ സംഗീതജ്ഞരെയും ഗാനരചയിതാക്കളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൂര്‍ണമായ ഒരു സംഗീത ഉത്സവം. അതായിരുന്നു മാഷിന്റെ ആശയം. വളരെ കാലം സംഗീത രംഗത്ത് പ്രവര്‍ത്തിച്ച്, പിന്നീട് അവശത അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് ഒരു പെന്‍ഷന്‍ പദ്ദതി, ഇതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനെ തുടര്‍ന്ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. എന്നാല്‍ ഒരാഘാതം എന്ന പോലെ അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചു. ദാസേട്ടന്റേതായിരുന്നു ആ സന്ദേശം. സംഗീത പരിപാടിയുടെ പ്രധാന കണ്ണി യേശുദാസാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഒട്ടും ഒഴിവാക്കാന്‍ കഴിയാത്തതാണ്. ‘ചില പരിപാടികളുമായി ബന്ധപ്പെട്ട് ഞാന്‍ ഗള്‍ഫില്‍ പോവുകയാണ്. ഈ ഡേറ്റ് മാഷൊന്ന് മാറ്റണം’ ഇതായിരുന്നു സന്ദേശം. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതിന് ശേഷമായിരുന്നു ദാസേട്ടന്‍ ഇത് പറയുന്നത്. ഈ സമയം, പരിപാടിയുമായി ബന്ധപ്പെട്ട ഒരു എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടക്കുകയായിരുന്നു. മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍, ബിച്ചു തിരുമല എന്നിവരൊക്കെ അവിടെയുണ്ട്. സംഭവം അറിഞ്ഞതും നിന്നനില്‍പ്പില്‍ മാസ്റ്റര്‍ തളര്‍ന്നു വീണു. ഉടന്‍ തന്നെ ശ്രീചിത്രയില്‍ എത്തിച്ച് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും ഏറെ നാള്‍ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു. അതുകഴിഞ്ഞ് തിരുച്ചു വന്ന മാഷ് വീണ്ടും പരിപാടി നടത്താന്‍ തീരുമാനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മൂന്ന് ദിവസം നീണ്ട പരിപാടി അതിഗംഭീരമായി തന്നെ നടന്നു. ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായിരുന്ന നൗഷാദ് അലിയായിരുന്നു പരിപാടിയുടെ ക്യാപ്റ്റന്‍.

എന്നാല്‍ പ്രോഗ്രാം അവസാനിച്ചതിനു ശേഷമായിരുന്നു ദേവരാജന്‍ മാസ്റ്ററെ ഏറെ വേദനിപ്പിച്ച ഒരു സംഭവം അറിയാന്‍ കഴിഞ്ഞത്. പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നതായിരുന്നു മാസ്റ്ററുടെ ലക്ഷ്യം. ഇതിന്‍ പ്രകാരം ജോണി സാഗരിക പരിപാടിയുടെ ഓഡിയോ വീഡിയോ റൈറ്റ്‌സ് 16 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ തയ്യാറായി. പക്ഷേ പരിപാടിയുടെ ദിവസങ്ങള്‍ക്ക് മുമ്പ് ആ അവകാശം വേറെ ആര്‍ക്കും കൊടുക്കാന്‍ പാടില്ല, അത് തനിക്ക് തന്നെ വേണമെന്ന ആവശ്യവുമായി യേശുദാസ് ദേവരാജന്‍ മാസ്റ്ററെ സമീപിച്ചു. എട്ട് ലക്ഷം രൂപ നല്‍കാം, സ്വീകരണിക്കണമെന്നും അല്ലാത്ത പക്ഷം സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ദാസേട്ടന്‍ മാഷിനെ അറിയിച്ചു. വേറെ വഴിയില്ലാതെ 16 ലക്ഷത്തിന്റെ ജോണി സാഗരികയുടെ കരാര്‍ റദ്ദാക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് കുറേ കാലത്തേക്ക് ദാസേട്ടന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമുണ്ടായില്ല. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹം മാഷേ കാണാന്‍ എത്തി. ഒരു കവര്‍ മാഷിന് മുന്നില്‍ വച്ചു. ‘അന്ന് പറഞ്ഞപോലൊന്നും ചെയ്യാന്‍ പറ്റുന്നില്ല മാഷേ. സാമ്പത്തികമായി വല്ല്യ പ്രശ്‌നങ്ങളുണ്ട്. ഇത് സ്വീകരിക്കണം ദാസേട്ടന്‍ പറഞ്ഞു.’ മാഷ് ഒന്നും മിണ്ടാതെ കവര്‍ എടുത്ത് നോക്കി. രണ്ട് ലക്ഷം രൂപയുടേതായിരുന്നു ചെക്ക്. പിന്നീട് ദാസേട്ടന്‍ ഇറങ്ങാന്‍ നേരത്ത് മാഷ് ദാസേട്ടനോടായി ഇങ്ങനെ പറഞ്ഞു. ‘പോകുമ്പോള്‍ ആ കവര്‍ കൂടി എടുത്തോ, നിനക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത് അത് സഹായിക്കും’. അത്രയും പറഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ തന്റെ മുറിയിലേക്ക് പോവുകയായിരുന്നു’.