തട്ടിപ്പ് നടത്തിയവർക്കെതിരെയും അപഹസിച്ചവർക്കെതിരെയും നടപടിയെടുക്കെന്ന് കോടതി; മോഹൻലാലിന്റെ പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

','

' ); } ?>

സാമൂഹികമാധ്യമങ്ങളിലൂടെ മോഹൻലാലിന്റെ പേര് ഉപയോ​ഗിച്ച് തട്ടിപ്പ് നടത്തിയവർക്കെതിരെയും, അപഹസിച്ചവർക്കെതിരെയും നടപടിക്ക് ഉത്തരവിടുമെന്ന് ഡൽഹി ഹൈക്കോടതി. ഇവരെയൊക്കെ കേസിൽ കക്ഷി ചേർക്കാനും ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ജഡ്ജി ജ്യോതി സിങാണ് നടപടിക്ക് ഉത്തരവിട്ടത്. മോഹൻലാൽ ഫയൽ ചെയ്യുന്ന പുതിയ അപേക്ഷ വെള്ളിയാഴ്ച പരി​ഗണിക്കും.

മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയ ലിങ്കുകൾ മാറ്റാൻ നിർദേശിക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ മെറ്റ, ആമസോൺ, ഗൂഗിൾ എന്നിവരെയാണ് പ്രധാനപ്പെട്ട കക്ഷികൾ ആയി പരാമർശിച്ചിരുന്നത്. മോഹൻലാൽ ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകൻ എംഎഫ് ഫിലിപ്പാണ് ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.

അഞ്ച് പ്രധാനപ്പെട്ട വിഷയങ്ങളാണ് താരത്തിന്റെ ഹർജിയിൽ ഉന്നയിച്ചിരുന്നത്. അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതിന് ചിത്രങ്ങളും വിഡിയോകളും ഉപയോ​ഗിക്കുന്നു. ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നതിന് ചിത്രങ്ങളും വിഡിയോകളും ഉപയോ​ഗിക്കുന്നു. അനുമതിയില്ലാതെ ശബ്ദം ഉപയോ​ഗിക്കുന്നു. വോയ്സ് ക്ലോണിങ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് തട്ടിപ്പെന്നും ഫിലിപ്പ് കോടതിയിൽ വാദിച്ചു. അനുമതിയില്ലാതെ ഉത്പന്നങ്ങളും സേവനങ്ങളും വാണിജ്യപരമായി വിൽക്കുന്നതിന് തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.

തന്റെ ബഹുമാനത്തിനും പ്രശസ്തിക്കും ഹാനികരമായ രീതിയിൽ ചിത്രങ്ങളും, വിഡിയോകളും ഉപയോഗിക്കുന്നു. ബോഡി ഷെയ്മിങ് ഉൾപ്പടെ നടക്കുന്നു. നർമ്മം, ആക്ഷേപഹാസ്യം അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം എന്നിവയുടെ മറവിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അടിസ്ഥാനരഹിതമോ ആയ കിംവദന്തികൾ പ്രചരിപ്പിക്കുന്നു.