
കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗം ദീപിക പദുക്കോൺ ഉപേക്ഷിച്ചതാണെന്ന് റിപ്പോർട്ട്. രണ്ടാംഭാഗത്തില്‍ ദീപികയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ച് പദ്ധതിയിട്ട തിരക്കഥയില്‍ മാറ്റം വന്നതോടെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതിനാൽ ചിത്രം ദീപിക സ്വയം വേണ്ടെന്നുവെക്കുകയായിരുന്നുവെന്ന് നടിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ദീപികയെ ചിത്രത്തിൽ നിന്ന് പുറത്താക്കിയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
“ദീപികയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരുന്നു രണ്ടാംഭാഗം പദ്ധതിയിട്ടത്. എന്നാല്‍, ഏതാനും ദിവസം മുമ്പ് മാത്രമാണ് നിര്‍മാതാക്കള്‍ നടിയെ ബന്ധപ്പെട്ട് മാറ്റങ്ങള്‍ അറിയിച്ചത്. അതിഥിവേഷത്തോളം മാത്രം പ്രാധാന്യമായിരുന്നു ദീപികയുടെ കഥാപാത്രത്തിന് പുതിയ മാറ്റത്തോടെ തിരക്കഥയില്‍ ഉണ്ടായത്. രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ്ങിനായി തയ്യാറെടുക്കുകയായിരുന്ന ദീപികയുടെ ടീമിനെ ഇത് ഞെട്ടിച്ചുവെന്നും അതിനാല്‍ ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നുമാണ്” റിപ്പോര്‍ട്ടിലുള്ളത്.
വ്യാഴാഴ്ച നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് ഔദ്യോഗികമായി ദീപിക ചിത്രത്തിന്റെ ഭാഗമായിരിക്കില്ലെന്ന് വ്യക്തമാക്കിയത്. പിന്നാലെ താരം മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് ദീപികയെ പുറത്താക്കേണ്ടിവന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നിശ്ചിത പ്രവൃത്തി സമയം, പ്രതിഫലത്തില്‍ 25% വര്‍ധന, അനുചരരുടെ ചെലവ് വഹിക്കണം എന്നീ ആവശ്യങ്ങളായിരുന്നു ദീപിക മുന്നോട്ടുവെച്ചതെന്നാണ് സൂചന. ഇത്തരം ആവശ്യം ഉന്നയിച്ചതിനാൽ നേരത്തെ, സന്ദീപ് റെഡ്ഡി വാങ്കയുടെ ‘സ്പിരിറ്റി’ല്‍നിന്നും ദീപക പുറത്തായിരുന്നു.