ദ്രൗപതിയാവാന്‍ ഒരുങ്ങി ദീപിക പദുക്കോണ്‍

','

' ); } ?>

‘ദ പാലസ് ഓഫ് ഇല്ല്യൂഷന്‍സ്’ (മായക്കാഴ്ചകളുടെ കൊട്ടാരം) എന്ന നോവലിനെ ആസ്പദമാക്കി മഹാഭാരതം വീണ്ടും സിനിമയാകുന്നു. ദീപിക പദുകോണാണ് ചിത്രത്തില്‍ ദ്രൗപദിയായി എത്തുന്നത്. ഒന്നിലേറെ ഭാഗങ്ങളിലായിട്ടാവും ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധു മന്ദേനയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. മധു മന്ദേനയ്‌ക്കൊപ്പം ദീപികയും സിനിമയുടെ നിര്‍മ്മാണ ചുമതല വഹിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗം 2021 ദീപാവലി റിലീസ് ആയിട്ടാവും എത്തുക.

ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരി ചിത്ര ബാനര്‍ജി ദിവാകരുണിയുടെ ‘ദ പാലസ് ഓഫ് ഇല്ല്യൂഷന്‍സ്’ദ്രൗപദിയുടെ കാഴ്ചപ്പാടില്‍ മഹാഭാരതത്തെ നോക്കി കാണുന്ന നോവലാണ്. ദ്രൗപദിയും കൃഷ്ണനും തമ്മിലുള്ള കുട്ടിക്കാല സൗഹൃദവും പാണ്ഡവന്‍മാരുമായുള്ള വിവാഹവും അതേ തുടര്‍ന്നുണ്ടായ വനവാസ ജീവിതവും കര്‍ണനോടുണ്ടായിരുന്ന തീവ്ര താല്‍പ്പര്യവുമൊക്കെയാണ് നോവലിന്റെ വിഷയം.

ദ്രൗപദിയുടെ വേഷം അവതരിപ്പിക്കുന്നതില്‍ ത്രില്ലും അഭിമാനവുമുണ്ടെന്നാണ് ദീപികയുടെ വാക്കുകള്‍. ‘അതൊരു ‘റോള്‍ ഓഫ് എ ലൈഫ്‌ ടൈം’ ആണ് എന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. മഹാഭാരതം അറിയപ്പെടുന്നത് അതിലെ പുരാണകഥകളുടേയും അവയുടെ സാംസ്‌കാരിക സ്വാധീനത്തിന്റെയും പേരിലാണ്. മഹാഭാരതം മുന്നോട്ടു വയ്ക്കുന്ന ജീവിതപാഠങ്ങള്‍ പലതും അതിലെ പുരുഷന്മാരുടെ കഥയില്‍ നിന്നും ഉരുത്തിരിയുന്നവയാണ്. അത് കൊണ്ട് തന്നെ പുതിയ, ഫ്രഷ് ആയ ഒരു വീക്ഷണകോണില്‍ നിന്നും ആ കഥ പറയുന്നത് ആളുകളില്‍ താല്‍പ്പര്യമുണര്‍ത്തും’, എന്ന് ദീപിക പറഞ്ഞു.