ബോളിവുഡിന്റെ താരജോഡികള്‍ വിവാഹത്തിനായി ഇറ്റലിയിലേക്ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമാണ് രണ്‍വീര്‍-ദീപിക വിവാഹം. ബോളിവുഡിലെ തിളങ്ങുന്ന താരങ്ങളായ ഇരുവരും വളരെ നാളുകളായി പ്രണയത്തിലായിരുന്നു. നവംബര്‍ 14, 15 തീയതികളില്‍ ഇറ്റലിയിലെ ലേക്ക് കമോയില്‍ വച്ചാണ് വിവാഹം നടക്കുക. വിവാഹത്തിനായി കുടുംബങ്ങള്‍ ഇന്നലെ രാത്രി വൈകി ഇറ്റലിയിലേക്ക് തിരിച്ചു. ഇറ്റലിയില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ്. സിനിമാ മേഖലയില്‍ നിന്ന് ഷാരൂഖ് ഖാന്‍, ഫറാ ഖാന്‍, ആദിത്യ ചോപ്ര, സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്. രണ്‍വീറിന്റെ പ്രിയസുഹൃത്ത് പ്രിയങ്ക ചോപ്രയെയും വിവാഹത്തിന് ക്ഷണിക്കുമെന്നാണ് അറിയുന്നത്.

സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചാകും ഇരുവരും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുക. കഴിഞ്ഞ ദിവസം ദീപികയുടെ ബാംഗ്ലൂരിലെ വസതിയില്‍ വച്ച് വിവാഹമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തുടക്കമായ നാന്ദി പൂജ നടന്നിരുന്നു. സബ്യസാച്ചി ഡിസൈന്‍ ചെയ്ത ഓറഞ്ച് നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞ ദീപികയുടെ ചിത്രങ്ങള്‍ താരത്തിന്റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വിവാഹത്തെക്കുറിച്ച് വളരെക്കാലമായുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് കഴിഞ്ഞ ഒക്ടോബര്‍ 21നാണ് കല്യാണ വാര്‍ത്ത പുറത്തു വന്നത്.