മാറി കയറിയ ബസ്സില്‍ നിന്ന് നേരെ സിനിമയിലേക്ക്..

','

' ); } ?>
https://youtu.be/AJ5W34u7Aio

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, തിര, കുഞ്ഞിരാമായണം, ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ദീപക് പറമ്പോല്‍. മലയാള സിനിമയിലെ പുത്തന്‍ താരോദയങ്ങളിലാണ് ദീപക്കിന്റെ സ്ഥാനം. ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തില്‍ നായകനായെത്തുന്ന ദീപക് തന്റെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുന്നു….

  • മലര്‍വാടിയിലൂടെ സിനിമയിലേക്ക്

. ഓഡീഷന്‍ വഴിയാണ് മലര്‍വാടിയിലേക്കെത്തുന്നത്. സിനിമാ ആഗ്രഹവുമായി ഞാന്‍ കുറേ നടന്നിരുന്നു. ഓഡീഷന്‍ എറണാകുളത്തായിരുന്നതിനാല്‍ കണ്ണൂരില്‍ നിന്ന് എറണാകുളത്തെത്താന്‍ എന്നെ സംബന്ധിച്ച് സാമ്പത്തികപരമായി വളരെ വലിയൊരു ടാസ്‌ക്കായിരുന്നു. വീട്ടുകാര്‍ക്ക് പഠിച്ച് എന്തെങ്കിലും ആകണമെന്ന ആഗ്രഹമായിരുന്നു. സുഹൃത്തുക്കളുടെ സഹോദരിമാരുടെ കല്ല്യാണം എന്നൊക്കെ പറഞ്ഞിട്ടാണ് ഡയറക്ടേഴ്‌സിനെ കാണാന്‍ വീട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നത്. നമ്മുടെ ഉള്ളില്‍ ഭയങ്കരമായിട്ട് ഒരാഗ്രഹം ഉണ്ടെങ്കില്‍ അത് നടന്നിരിക്കും. ഞാന്‍ കോളേജിലേയ്ക്ക് എന്നും പോവുന്ന ബസ് ഒരു ദിവസം മിസ്സായിപ്പോയി. തൊട്ടടുത്ത ബസ് വന്ന് ഞാന്‍ അതില്‍ കയറിയപ്പോള്‍ അതില്‍ എന്റെയൊരു ഫ്രണ്ട് ഉണ്ടായിരുന്നു. അവനെ ഞാന്‍ വല്ലപ്പോഴുമൊക്കെയെ കാണാറുള്ളു. അന്ന് അവന്‍ പറഞ്ഞു പേപ്പറില്‍ ഒരു സിനിമയുടെ ഓഡീഷനിലേയ്ക്കുള്ള പരസ്യം കണ്ടു. ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. ചിത്രത്തില്‍ പുതിയ അഞ്ച് ആള്‍ക്കാരെ നോക്കുന്നുണ്ട് എന്ന്. ഞാന്‍ കോളേജിലെത്തി പത്രം നോക്കിയപ്പോള്‍ ആ പരസ്യം കണ്ടു. അതില്‍ കൊടുത്തിരുന്ന ഇമെയില്‍ ഐഡിയിലേക്ക് ഫോട്ടോയൊക്കെ അയച്ചുകൊടുത്തു. അങ്ങനെയാണ് മലര്‍വാടിയുടെ ഓഡീഷനിലേക്കെത്തുന്നത്. ഓഡീഷനില്‍ സെലക്ട് ചെയ്തവര്‍ക്ക് മൂന്ന് ദിവസത്തെ ക്യാമ്പ് ഉണ്ടായിരുന്നു. അത് വളരെയധികം ഗുണമായി തോന്നി. നമ്മള്‍ തന്നെ സ്‌ക്രിപ്റ്റ് എഴുതി പെര്‍ഫോം ചെയ്യലായിരുന്നു അതില്‍. അന്ന് നേരത്തെ എഴുന്നേറ്റ് സാധാരണ പോകാറുള്ള ബസില്‍ പോയിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സിനിമയിലെത്തില്ലായിരുന്നു. അന്നത്തെ ആ ക്യാമ്പിലുണ്ടായിരുന്ന എല്ലാവര്‍ക്കും ചെറിയ ചെറിയ ക്യാരക്ടേഴ്‌സ് വിനീതേട്ടന്‍ തന്നിരുന്നു. അങ്ങനെയാണ് മലര്‍വാടിയില്‍ ഒരു ചെറിയ റോള്‍ ചെയ്യുന്നത്. ഒരു മിനിറ്റും മുപ്പത് സെക്കന്റുമേ ഉള്ളു സിനിമയില്‍. അത് കാണുമ്പോള്‍ എന്റെ അമ്മ പറയുമായിരുന്നു കടല തിയേറ്ററില്‍ കൊണ്ടുപോയി വായിലിട്ട് പെട്ടെന്ന് താഴെ പോയിട്ടുണ്ടെങ്കില്‍ പിന്നെ അത് കാണാന്‍ പറ്റില്ലെന്ന്. അത് കഴിഞ്ഞ് തട്ടത്തിന്‍ മറയത്ത് എന്ന സിനിമയില്‍ വിനീതേട്ടന്‍ ഒരു വലിയ ക്യാരക്ടര്‍ എനിക്ക് തന്നു. അതാണ് ശരിക്കും സിനിമയിലേക്കുള്ള വലിയൊരു എന്‍ട്രി.

  • നാടക പശ്ചാത്തലം

. എന്റെ അമ്മാവന്‍മാരെല്ലാം നാടകം ചെയ്‌കൊണ്ടിരുന്നവരാണ്. അന്നൂരില്‍ എന്റെ അമ്മാവനായ സി.കെ ബാബുവിന് ‘നാടകവീട്’ എന്ന പറഞ്ഞൊരു ട്രൂപ്പ് ഉണ്ടായിരുന്നു. ബാബു അമ്മാവന്‍ സിനിമയിലും അഭിനയിക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് അന്നൂരില്‍ ആദ്യമായിട്ട് നാടകം കൊണ്ടുവന്നത് മൂത്തമ്മാവനാണ്. പക്ഷെ ഇതുമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായിട്ട് സ്‌റ്റേജില്‍ കയറുന്നത്. അന്നൂരില്‍ എന്റെ ഒരു മാമന്‍ സമയം എന്നൊരു നാടകം ചെയ്തിരുന്നു. വീട്ടില്‍പോയ സമയത്ത് എനിക്ക് അതിന്റെയൊരു സ്‌ക്രിപ്റ്റ് കിട്ടി. അപ്പോള്‍ ഞാന്‍ കരുതി പത്താം ക്ലാസ് കഴിയാറായി, ഇനി ആ സ്‌ക്കൂളില്‍ പഠിക്കില്ല. അവിടുത്തെ സ്റ്റേജില്‍ അന്നെങ്കിലും കയറണമെന്ന്. ഈ നാടകം ചെയ്യാമെന്ന് കരുതി സ്‌ക്കൂൡലേക്ക് പോയി. അങ്ങനെ ഞങ്ങള്‍ കുറച്ച് കൂട്ടുകാരെല്ലാവരും കൂടെ ചേര്‍ന്ന് നാടകം പഠിച്ച് അവതരിപ്പിച്ചു. അന്ന് നാടകം കണ്ടവരാരും അത് മറക്കില്ല. ഡയലോഗുകള്‍ മറന്നും, പ്രോപ്പര്‍ട്ടികള്‍ എടുക്കാന്‍ മറന്നും ആ നാടകം ആകെ പരാജയമായി. ഞാന്‍ സിനിമയില്‍ വന്നതിന് ശേഷമാണ് എന്റെ മാമന്‍മാര്‍ക്കൊക്കെ എനിക്കിങ്ങനെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നൊക്കെ അറിഞ്ഞത്. പിന്നെ ഞാന്‍ നാടകങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷെ അവര്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകമാണ് രണ്ട് മാമന്‍മാര്‍ അവസാനമായി അഭിനയിച്ചത്. ആ നാടകം കണ്ടിട്ട് എല്ലാവരും മികച്ച അഭിപ്രായങ്ങളാണ് പറഞ്ഞത്. ആ നാടകം കാണാനുള്ളൊരു ഭാഗ്യം എനിക്കുണ്ടായി. കണ്ട് പരിചയമുള്ളൊരു ബന്ധം മാത്രമേ എനിക്ക് നാടകവുമായുള്ളു.

  • വെബ്‌സിരീസ്

. ബിടെക്കിന്റെ സംവിധായകന്‍ മൃദുല്‍ സംവിധാനം ചെയ്യുന്ന വെബ്‌സിരീസാണ് ‘ഇന്‍സ്റ്റഗ്രാം’. ഞാന്‍ ആദ്യമായിട്ടാണ് വെബ്‌സിരീസ് ചെയ്യുന്നത്. പയ്യന്നൂരില്‍ തന്നെയാണ് ഇതിന്റെ ഷൂട്ട്. ഈ വെബ്‌സിരീസില്‍ എന്റെ എല്ലാ മാമന്‍മാരും ആ ഭാഗത്തുള്ള ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്നുണ്ട്. മാമന്‍മാരുടെ കൂടെ കുറച്ച് സീനിലാണെങ്കിലും ഒരുമിച്ചഭിനയിക്കാന്‍ പറ്റിയത് വളരെ സന്തോഷമുള്ള കാര്യമാണ്.

  • ക്യാപ്റ്റനിലെ അഭിനയത്തെക്കുറിച്ച്

. ക്യാപ്റ്റന്‍ എന്ന സിനിമ വലിയ ധാരണയില്ലാതെയാണ് ഞാന്‍ ചെയ്യുന്നത്. ഷറഫലി എന്ന ഫുട്‌ബോളറുടെ ഫോട്ടോ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. ആ സിനിമ കമ്മിറ്റ് ചെയ്തതിന് ശേഷമാണ് കൂടുതലായും അറിയുന്നത്. ക്യാപ്റ്റന്‍ ചെയ്തപ്പോള്‍ കിട്ടിയ എന്റെ ഏറ്റവും വലിയ ഭാഗ്യം സിനിമ കണ്ടതിന് ശേഷം എന്നെ ഷറഫലി വിൡു. എന്നിട്ട് പറഞ്ഞു ‘സിനിമ കണ്ടു, എനിക്ക് വളരെ രസമായിട്ട് തോന്നി. എന്റെ ഭാര്യ പറഞ്ഞു നിങ്ങള്‍ ചെയ്യുന്ന രീതിയൊക്കെ എനിക്ക് തിയേറ്ററില്‍ ഫീല്‍ ചെയ്തു എന്ന്’. അത് കേട്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം ജീവിച്ചിരിക്കുന്ന ഒരാളെ അഭിനയിക്കുമ്പോള്‍ അയാള്‍ തന്നെ നമ്മളോട് നന്നായിട്ട് ചെയ്തു എന്നു പറയുന്നത് കേള്‍ക്കുന്നത് വളരെ ഭാഗ്യമാണ്. ആ കഥ എന്താണോ പറയുന്നത് അതേ ഞാന്‍ ചെയ്തിട്ടുള്ളു. അല്ലാതെ ആ ക്യാരക്ടറിനേക്കുറിച്ച് യാതൊരു ഒബ്‌സര്‍വേഷനും നടത്തിയിട്ടില്ല. ഞാന്‍ അത്‌പോലെ നിരീക്ഷണം നടത്തി പഠിച്ച് നന്നായിട്ട് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അതൊരു ചീത്തപ്പേരാവും. അത്‌കൊണ്ട് ഒന്നും നോക്കാതെ നേരെ അങ്ങ് ചെയ്തു. ചെയ്ത് കഴിഞ്ഞപ്പോള്‍ എന്തോ ഭാഗ്യത്തിന് അത് നന്നായിട്ട് വന്നു.

  • പുതിയ ചിത്രങ്ങള്‍..

. വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന സിനിമയാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. മാക്ട്രോ പിക്‌ചേര്‍സിന്റെ നാലാമത്തെ ചിത്രമാണിത്. പ്ലസ് വണ്‍-പ്ലസ് ടു കാലഘട്ടത്തെക്കുറിച്ചാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഈ ക്യാരക്ടറിന്റെ ആദ്യ പ്രണയത്തെ അടിസ്ഥാനമാക്കിയാണ് കഥ. ആ ക്യാരക്ടറിന്റെ ലുക്ക് കിട്ടാന്‍ വേണ്ടി ഞാന്‍ എന്റെ ഭാരം പത്ത് കിലോയോളം കുറച്ചു. ഇപ്പോള്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന സിനിമ മനോഹരമാണ്. ഒപ്പം മൃദുലിനൊപ്പം ഇന്‍സ്റ്റഗ്രാമെന്ന വെബ്‌സിരീസും ചെയ്യുന്നു.

  • ഓര്‍മ്മയില്‍ ഒരു ശിശിരത്തിനെക്കുറിച്ച്

. ജിത്തു ജോസഫ് സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത വിവേക് ആര്യനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ ജയിംസാണ് ക്യാമറാമാന്‍. രഞ്ജിന്‍ രാജാണ് മ്യൂസിക്ക്. ഒരുപാട് സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റുകളും ഒപ്പം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. പുതുമുഖമായ അനശ്വര പൊന്നമ്പറത്താണ് നായിക. വളരെ പ്രതീക്ഷയുള്ളൊരു സിനിമയാണത്. രണ്ട് കാലഘട്ടം പറയുന്ന സിനിമയായതിനാല്‍ ഗെറ്റപ്പില്‍ മാറ്റം വരുന്നുണ്ട്. തിയേറ്ററില്‍ വരുമ്പോള്‍ നല്ല റെസ്‌പോണ്‍സ് പ്രതീക്ഷിക്കുന്നു.

  • മനോഹരത്തിന്റെ വിശേഷങ്ങളെക്കുറിച്ച്

. രാഹുല്‍ എന്നാണ് ക്യാരക്ടറിന്റെ പേര്. ചില ആള്‍ക്കാരെ കാണുമ്പോള്‍ നമ്മള്‍ വിചാരിക്കാറില്ലെ.. ‘ഇവനെക്കൊണ്ട് വല്ല്യ ശല്ല്യായല്ലൊ എന്ന്’.. അങ്ങനെയുള്ളൊരു ക്യാരക്ടറാണ് ഞാന്‍ മനോഹരത്തില്‍ ചെയ്യുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം വിനീതേട്ടന്റെ കൂടെ ചെയ്യുന്ന സിനിമയാണ് മനോഹരം. പാലക്കാടാണ് ഷൂട്ട്. പാലക്കാട് ഷൂട്ട് ചെയ്യുമ്പോഴുള്ള ഒരേ ഒരു പ്രശ്‌നം ചൂടാണ്. നല്ല നാട്ടുകാരാണ് ഇവിടെയുള്ളത്. മനോഹരവും കുഞ്ഞിരാമയണം പോലെ രസകരമാണ്. തിയേറ്ററിലും ആ ഒരു വിജയം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  • സിനിമ തുടങ്ങിയ അതേ ടീമിനൊപ്പമുള്ള അനുഭവം

. വിനീതേട്ടന്റെ സിനിമയിലൂടെയാണ് ഞാന്‍ ആദ്യമായിട്ട് അഭിനയത്തിലേക്ക് എത്തുന്നത്. ആ സിനിമയില്‍ അഭിനയിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഈ ഫീല്‍ഡിലേയ്ക്ക് എത്തില്ലായിരുന്നു. നല്ല ആഗ്രഹമുണ്ടായിരുന്നു സിനിമയിലെത്തണമെന്ന്. നമ്മളെ വിശ്വസിച്ച് ഒരു ക്യാരക്ടര്‍ തരുന്നു എന്നത് വലിയ കാര്യം തന്നെയാണ്. എനിക്കറിയാവുന്ന ഒരുപാട് ഫ്രണ്ട്‌സ് സിനിമയില്‍ കയറാന്‍ വേണ്ടി ശ്രമിക്കുന്നുണ്ട്. വിനീതേട്ടനെ പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ മലര്‍വാടി സിനിമയുടെ ഓഡീഷന് വന്നില്ലായിരുന്നുവെങ്കില്‍ ഇപ്പോഴും തിരിച്ചറിയാന്‍ പറ്റാത്തൊരു ക്യാരക്ടറായി മാറിയേനെ ഞാന്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ശേഷം തട്ടത്തിന്‍ മറയത്തില്‍ സഖാവ് മനോജായി അഭിനയിച്ചു. ആ ക്യാരക്ടര്‍ ഒരുപാട് പേരുടെ അടുത്തെത്തി. ഇന്നും ഒരുപാട്‌പേര്‍ ആ ക്യാരക്ടറെ ഓര്‍ക്കുന്നു. നാട്ടിലൊക്കെ പോകുമ്പോള്‍ ചിലര്‍ സഖാവേ എന്നെല്ലാം വിളിക്കുന്നത് ആ ക്യാരക്ടറിന്റെ പവര്‍കൊണ്ടാണ്. അത് വിനീതേട്ടനാണ് തന്നത്. വിനീതേട്ടന്റെ കൂടെ കുഞ്ഞിരാമായണത്തിലാണ് ആദ്യമായിട്ട് അഭിനയിക്കുന്നത്. ബേസിലാണ് അതിനൊരു അവസരം തന്നത്. ‘തിര’ എന്ന സിനിമയില്‍ ബേസില്‍ വിനീതേട്ടന്റെ അസിസ്റ്റന്റായിട്ട് വര്‍ക്ക് ചെയ്തിരുന്നു. സിനിമകള്‍ ചെയ്യാനും ക്യാരക്ടറുകള്‍ നന്നാക്കാനും സൗഹൃദം വളരെ സഹായിച്ചിട്ടുണ്ട്. സൗഹൃദത്തില്‍ സിനിമ ചെയ്യുമ്പോള്‍ എല്ലാ കാര്യങ്ങളും നമുക്ക് കൃത്യമായിട്ട് ചോദിക്കാന്‍ സാധിക്കും.

  • വിവാഹത്തെക്കുറിച്ച്..

. വിവാഹം കഴിഞ്ഞിട്ടില്ല. കാരണം സിനിമ എന്ന ആഗ്രഹം ഭയങ്കരമായിട്ട് നില്‍ക്കുന്ന സമയത്ത് കല്ല്യാണം ഒരു സെക്കന്‍ഡറി ഫാക്ടറായ രീതിയിലായിരുന്നു. സിനിമയില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു അവസ്ഥയില്‍ എത്തുന്നത് വരെ വിവാഹം കഴിക്കില്ല എന്നുള്ള മാനസ്സികമായ അവസ്ഥയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്..(ചിരിക്കുന്നു). അത് എത്തിക്കഴിഞ്ഞാല്‍ അപ്പോള്‍ വിവാഹം കഴിക്കും.