യുവതിയോട് മോശമായി ഫോണിലൂടെ സംസാരിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു. ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം.
വിനായകന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കു പിന്നാലെ രൂക്ഷമായ എതിര്‍പ്പുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഫേസ്ബുക്കിലൂടെ വിനായകനെതിരെ രംഗത്തെത്തിയത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതി ഫേസ്ബുക്കില്‍ എഴുതിയിരുന്നത്. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രമാണ് താനെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡ് തന്റെ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഇതും പൊലീസിന് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.