എ.ആര് മുരുകദോസ് എന്ന ഹിറ്റ്മേക്കര് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിന് ശേഷം സ്റ്റൈല്‍ മന്നന് രജനീകാന്തിനൊപ്പമെത്തിയ ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തില്‍ താരത്തെ ഫോര്‍ട്ടി പ്ലസ് യുവാവായി കാണാം, 90കളില്‍ രജനികാന്ത് ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടവര്‍ക്ക് അതേ ഊര്‍ജ്ജസ്വലതയുള്ള താരത്തെ കാണാം തുടങ്ങീ ചിത്രമിറങ്ങും മുന്‍പ് സംവിധായകന് പറഞ്ഞ വാക്കുകളുടെ ആവര്‍ത്തനം തന്നെയാണ് സ്ക്രീനില്‍ കാണാനായത്. രജനീകാന്ത് ചിത്രങ്ങളെ പല കാലഘട്ടങ്ങളായി തിരിച്ചാല്‍ അദ്ദേഹം സഞ്ചരിച്ച കഥാപാത്രങ്ങളുടെയെല്ലാം സാന്നിധ്യം പലപ്പോഴായി വെള്ളിത്തിരയില്‍ വീണ്ടും കൊണ്ടുവരാന്‍ കഴിഞ്ഞത് തന്നെയാണ് ദര്‍ബാറിന്റെ വിജയം.
മയക്ക് മരുന്ന് മാഫിയയെ അടിച്ചമര്‍ത്തി സിറ്റി ക്ലീന്‍ ചെയ്യാനെത്തുകയാണ് മുംബൈ പൊലീസ് കമ്മീഷണറായി ആദിത്യ അരുണാചലം. താടിയുമായെത്തുന്ന കമ്മീഷണര്‍ എല്ലാം തന്റേതായ ശൈലിയിലാണ് കൈകാര്യം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം, സന്തോഷ് ശിവന്റെ ഛായാഗ്രഹണം, ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് എന്നിവയെല്ലാം താരത്തിനെ ഫോര്‍ട്ടി പ്ലസ് യുവാവായി നിലനിര്‍ത്താന്‍ സഹായിച്ച ഘടകങ്ങളാണ്. പ്രായം വെറും നമ്പറാണെന്ന ഓര്മ്മപ്പെടുത്തലുമായെത്തുന്ന തലൈവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ വിജയം.
ഹ്യൂമര്‍, ആക്ഷന്‍, നൃത്തം തുടങ്ങീ കാര്യങ്ങളെല്ലാം തന്നെ തിരക്കഥയിലും, സംവിധാനത്തിലും കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ രജനി ആരാധകരെ മാത്രമല്ല എല്ലാതരം പ്രേക്ഷകരേയും സംതൃപ്തിപ്പെടുത്തുന്ന ചിത്രമായി ദര്‍ബാര്‍. താടി വെച്ചത്, എന്‍കൗണ്ടര്‍ തുടങ്ങീ യുക്തിരഹിതമായി പോകാന്‍ സാധ്യതയുള്ള രംഗങ്ങളെ യുക്തിസഹമായി തന്നെ കവര്‍ ചെയ്യാന്‍ തിരക്കഥയില്‍ ശ്രദ്ധിച്ചത് ചിത്രത്തിന്റെ നിലവാരം വര്‍ദ്ധിപ്പിച്ചു. മൂന്ന് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ ചെയ്ത വ്യത്യസ്ത സംഘട്ടന രംഗങ്ങളെല്ലാം തന്നെ ഒന്നിനൊന്നോട് കിടപിടിക്കുന്നതായിരുന്നു.
നയന്‍താരയെ ചിത്രത്തില്‍ കൊമേഴ്സ്യല്‍ എലമെന്റായാട്ടാണുപയോഗിച്ചിട്ടുള്ളതെങ്കില് നിവേദ തോമസിനാണ് രജനിക്കൊപ്പം സ്ക്രീന്‍ സ്പെയ്സ് കൂടുതലായി ലഭിച്ചത്. അച്ഛനും മകളും തമ്മിലുള്ള വൈകാരിക രംഗങ്ങളെല്ലാം തന്നെ ഹൃദയത്തില്‍ തൊടുന്ന അനുഭവമാക്കി മാറ്റാന്‍ നിവേദയ്ക്ക് കഴിഞ്ഞു. അമാനുഷിക ശക്തിയുള്ള സ്ഥിരം രജനി കഥാപാത്രങ്ങളില്‍ നിന്ന് ദര്‍ബാറിനെ വ്യത്യസ്തമാക്കിയതും ഇത്തരം വൈകാരിക മുഹൂര്‍ത്തങ്ങളാണ്. യോഗി ബാബു, സുനില്‍ ഷെട്ടി, ജീവ തുടങ്ങീ ചിത്രങ്ങളിലെത്തിയ കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.