‘ചപ്പാക്ക്’ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജി, മതിയായ പരിഗണന നല്‍കിയില്ല

ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ അതിജീവനത്തിന്റെ കഥപറയുന്ന പുതിയ ചിത്രം ചപ്പാക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ലക്ഷ്മിയുടെ അഭിഭാഷക അപര്‍ണ ഭട്ട്. ലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തിന്റെ ക്രെഡിറ്റില്‍ ലക്ഷ്മിക്ക് മതിയായ പരിഗണന നല്‍കിയില്ലെന്ന് ആരോപിച്ചാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അപര്‍ണ ഭട്ട് വ്യക്തമാക്കിയത്.

ചിത്രത്തില്‍ ലക്ഷ്മിയായി ദീപിക പദുകോണാണ് വേഷമിടുന്നത്. സിനിമയുടെ ആവശ്യത്തിനായി ദീപികയും അണിയറക്കാരും മാസങ്ങളോളം ലക്ഷ്മിയേയും തന്നെയും ബുദ്ധിമുട്ടിച്ചിരുന്നു. എന്നിട്ട് ഇപ്പോള്‍ ചിത്രത്തില്‍ ഒരു കടപ്പാട് പോലും നല്‍കാന്‍ സിനിമ പ്രവര്‍ത്തകര്‍ തയാറായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

I thank all my friends who endorsed my contribution and challenged team Chhapaak in failing to say even "Thank you!!". …

Posted by Aparna Bhat on Wednesday, January 8, 2020

”എന്റെ സംഭാവനകളെ അംഗീകരിക്കുകയും നന്ദി രേഖപ്പെടുത്തുക പോലും ചെയ്യാത്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ക്ക് നന്ദി. കരുത്തരായ നിര്‍മാതാക്കള്‍ക്കൊപ്പം എത്തില്ലെങ്കിലും നിശബ്ദത പാലിച്ചാല്‍ ഈ അനീതിയെ അംഗീകരിക്കുന്നതായി വരും. ഞാന്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു. പ്രത്യാഘാതം നേരിടാന്‍ തയാറാണ്.” എന്നാണ് അപര്‍ണ ഭട്ട് ഫേസ്ബുക്കില്‍ കുറിച്ചത്.