
നിതീഷ് തിവാരി ചിത്രം രാമായണത്തിൽ സീതയായി എത്തിയതിനു പിന്നാലെ സൈബർ ആക്രമണം നേരിട്ട് നടി സായ് പല്ലവി. ഹിന്ദിയിലെ അടിസ്ഥാന പദങ്ങൾ പോലും പറയാൻ കഴിയില്ല, രാമായണം ഹിന്ദി പതിപ്പിൽ ഇവരുടെ ശബ്ദം ഡബ് ചെയ്തതാണോ എന്നിങ്ങനെയാണ് താരത്തിനെതിരെ ഉയരുന്ന വിമർശനം. ഏക് ദിൻ എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടിക്കിടെ സായി പല്ലവി സംസാരിക്കുന്നതിൻ്റെ വീഡിയോ മുൻനിർത്തിയാണ് ആക്രമണം.
ദക്ഷിണേന്ത്യയിൽ നിന്നുള്ള നടിയായതിനാൽ സായി പല്ലവിയുടെ ഹിന്ദി ഒഴുക്കുള്ളതായിരുന്നില്ല. ഇതാണ് ചിലയാളുകളെ പ്രകോപിപ്പിച്ചത്. പ്രൊമോഷൻ പരിപാടിയിൽ തനിക്ക് അറിയാവുന്ന ഹിന്ദിയിലാണ് അവർ സദസ്സിനെ അഭിസംബോധന ചെയ്തത്. തന്റെ ഹിന്ദി അത്ര നല്ലതല്ല എന്നും അവർ തുറന്നുപറഞ്ഞിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെയാണ് ചില കോണുകളിൽ നിന്ന് അടിസ്ഥാനരഹിതവും രൂക്ഷവുമായ വിമർശനങ്ങളും ഉയർന്നത്. ‘ഇതാണ് സായി പല്ലവി. ഹിന്ദിയിലെ അടിസ്ഥാന പദങ്ങൾ പറയാൻ കഴിയില്ല. ഇപ്പോൾ ഇവർ രാമായണത്തിൽ സീതാമാതാവായി വേഷമിടുന്നു. ഇവർ ഇന്ത്യൻ സൈന്യത്തെ പാകിസ്താൻ സൈന്യവുമായി താരതമ്യം ചെയ്തിട്ടുമുണ്ട്’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാൾ കുറിച്ചത്.
‘ഹിന്ദി നന്നായി സംസാരിക്കാൻ കഴിയാത്ത ഇവരെ എന്ത് കരുതിയാണ് നിതീഷ് തിവാരി രാമായണത്തിൽ സീതാദേവിയായി അഭിനയിക്കാൻ വിളിച്ചത്? കാസ്റ്റിങ് ഭയങ്കരം തന്നെ’ എന്ന് മറ്റൊരാൾ പോസ്റ്റിട്ടു. ‘രാമായണം ഹിന്ദി പതിപ്പിൽ ഇവരുടെ ശബ്ദം ഡബ് ചെയ്തതാണോ? എനിക്ക് മനസിലാകുന്നില്ല’ എന്ന് ഇനിയൊരാൾ കുറിച്ചു. ഹിന്ദി നന്നായി അറിയാത്ത ആളെ എന്തിനാണ് അഭിനയിക്കാൻ വിളിച്ചതെന്ന് മറ്റൊരാൾ ചോദിച്ചു.
എന്നാൽ സായി പല്ലവിയെ അനുകൂലിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. ഇതേ കാര്യം ചെയ്ത കത്രീനയും ജാക്വലിനും നമുക്കുണ്ട് എന്നാണ് ഒരാൾ ഓർമിപ്പിച്ചത്. ‘ഇതാദ്യമായി സംഭവിക്കുന്ന കാര്യമാണോ? നിങ്ങളെന്താ വിഡ്ഢികളാണോ? അഭിനേതാക്കൾ സംഭാഷണം മനഃപാഠമാക്കും. അവർക്ക് ചിലപ്പോൾ അർഥം അറിയുകയുണ്ടാകില്ല. പക്ഷേ സീനിലെ ഓരോ ഡയലോഗും ഓർമിക്കും. ഇതേ രീതിയിലാണ് ഗായകർ പലഭാഷയിൽ പാടുന്നതും. അവർക്ക് ആ ഭാഷയിലെ ഒരുവാക്ക് പോലും അറിയുകയുണ്ടാകില്ല, എങ്കിലും നന്നായി പാടും’ മറ്റൊരാൾ രോഷത്തോടെ കുറിച്ചു.
‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ താരമാണ് സായി പല്ലവി. പിന്നീട് തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ തിരക്കേറിയ നടിയായി മാറി അവർ.