കാലഹരണപ്പെട്ട തമാശകളും ബോഡി ഷെയ്മിംഗും; എ ആർ റഹ്മാൻ- പ്രഭുദേവ ചിത്രത്തിന്റെ ട്രെയിലറിന് വിമർശനം

','

' ); } ?>

നീണ്ട 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത മാന്ത്രികൻ എ.ആർ റഹ്മാനും നടനും നൃത്തസംവിധായകനുമായ പ്രഭുദേവയും ഒന്നിക്കുന്ന ‘മൂൺവാക്ക്’ ഡിസംബർ 24-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. സംഗീതസംവിധാനത്തിന് പുറമെ എ.ആർ റഹ്മാൻ ആദ്യമായി മുഴുനീള കഥാപാത്രമായി അഭിനയരംഗത്തേക്ക് കടക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സിനിമയിൽ ‘എ.ആർ റഹ്മാൻ’ എന്ന സംവിധായകന്റെ വേഷത്തിൽ തന്നെയാണ് അദ്ദേഹം എത്തുന്നത്.

മനോജ് എൻ.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ബാബൂട്ടി’ എന്ന കൊറിയോഗ്രാഫറായാണ് പ്രഭുദേവ വേഷമിടുന്നത്. റഹ്മാൻ ചിത്രത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞതുകൊണ്ട് മാത്രമാണ് തിരക്കഥ പോലും വായിക്കാതെ താൻ ഈ സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്ന് ഓഡിയോ ലോഞ്ചിനിടെ പ്രഭുദേവ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പുറത്തുവന്ന ട്രെയിലറിൽ ബാബൂട്ടിയുടെ ജീവിതവും, നാഗ്മ, സ്മിത എന്നീ രണ്ട് സ്ത്രീകളുമായുള്ള ഇയാളുടെ ബന്ധത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രധാനമായും സൂചിപ്പിക്കുന്നത്.

മലയാളത്തിൽ നിന്ന് അജു വർഗീസ്, അർജുൻ അശോകൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ, ഹാസ്യതാരം യോഗി ബാബു ചിത്രത്തിൽ 16 വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്; ഇതിൽ മൂന്ന് വേഷങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സതീഷ് കുമാർ, നിഷ്മ ചെന്നഗപ്പ, സുഷ്മിത നായക്, മൊട്ടൈ രാജേന്ദ്രൻ, റെഡിൻ കിംഗ്സ്ലി, ദീപ ശങ്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

അതേസമയം, ചിത്രത്തിന്റെ ട്രെയിലറിനെതിരെ സമ്മിശ്ര പ്രതികരണങ്ങളും ഉയരുന്നുണ്ട്. കാലഹരണപ്പെട്ട തമാശകളും ബോഡി ഷെയ്മിംഗും ഇരട്ട അർത്ഥപ്രയോഗങ്ങളുമാണ് ട്രെയിലറിൽ കൂടുതലായി കാണുന്നതെന്ന് നിരൂപകർ വിമർശനം ഉന്നയിക്കുന്നു.