
നടി അന്‍സിബ ഹസനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് എറണാകുളം മജിസ്‌ട്രേറ്റ് കോടതി. എറണാകുളം പാലാരിവട്ടം പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്ന് കാണിച്ച് അന്‍സിബ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടർന്ന് നടി ഹൈക്കോടതിയെ സമീപിക്കുകയും, പരാതി വീണ്ടും പരിഗണിച്ച് കേസെടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നൽകുകയുമായിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് നിലവിലെ നടപടി.
ലക്ഷ്മിപ്രിയയും ഒരു യൂട്യൂബ് ചാനല്‍ ഉടമയും നടി ശ്വേത മേനോനും ചേര്‍ന്ന് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് അന്‍സിബയുടെ പ്രധാന ആരോപണം. മലയാള സിനിമയിലെ താര സംഘടനയായ
‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ആഭ്യന്തര തര്‍ക്കങ്ങള്‍ക്കുമിടെയാണ് ഇരുതാരങ്ങളും തമ്മിലുള്ള ഈ പ്രശ്നങ്ങള്‍ പുറത്തുവന്നത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെത്തുടര്‍ന്ന് ലക്ഷ്മിപ്രിയയും അന്‍സിബയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നും അന്‍സിബ പിന്നീട് ആരോപിച്ചിരുന്നു.