നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയായ വിപിന്‍ ലാലിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി നിര്‍ദേശം. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണ് വിചാരണ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിപിന്‍ ലാലിനെ നാളെ വിചാരണ കോടതിയില്‍ ഹാജരാക്കണം എന്നും കോടതി ആവശ്യപ്പെട്ടു. ഇയാള്‍ ജയില്‍ മോചിതനായതിന്റെ രേഖകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഈ രേഖകള്‍ പരിശോധിച്ച സമയത്താണ് വിപിന്‍ ലാല്‍ ജയില്‍ മോചിതനായ വിവരം അറിയുന്നത്. മാപ്പുസാക്ഷികള്‍ വിചാരണ കഴിയും വരെ ജയിലില്‍ കഴിയണമെന്നാണ് നിയമം. ഈ ചട്ടം ലംഘിച്ച് ഇയാള്‍ എങ്ങനെ പുറത്തുപോയി എന്ന സംശയം ഉയര്‍ന്നു.
തുടര്‍ന്ന് കോടതി രേഖകള്‍ പരിശോധിച്ചു. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനോട് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു. മറ്റൊരു കേസില്‍ ജാമ്യം ലഭിച്ച ഇയാളെ ജയില്‍ മോചിതനാക്കിയതാണെന്ന് സൂപ്രണ്ട് പറഞ്ഞത്. കോടതി ഈ വിഷയത്തില്‍ ജയില്‍ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിപിന്‍ ലാലിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. വിപിന്‍ ലാലിനെ നാളെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇയാളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുവാനും കോടതി ആവശ്യപെട്ടിട്ടുണ്ട്.