‘ജനപ്രിയ’ വസ്ത്രാലങ്കാരം- വെങ്കിട് സുനില്‍

','

' ); } ?>

ദിലീപ് എന്ന നടന്റെ സമീപകാല ചിത്രങ്ങളിലെ സ്റ്റൈലിഷ് ലുക്കിന് പിന്നിലെ കരങ്ങള്‍ വെങ്കിട് സുനിലിന്റേതാണ്. ചിത്രങ്ങള്‍ക്ക് മാത്രമല്ല താരം പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുമ്പോഴും താരത്തിന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും വെങ്കി ആണ്. ഫാഷന്‍ ഡിസൈനിംഗിനെ കുറിച്ചും, അത് സിനിമയുമായി കൂട്ടിയിണക്കുന്നതിനെ കുറിച്ചുമെല്ലാം വെങ്കി സെല്ലുലോയ്ഡിനോട് സംസാരിക്കുന്നു.

  • എങ്ങനെയാണ് കോസ്റ്റിയൂം ഡിസൈനിംഗ് എന്ന മേഖലയിലേക്ക് എത്തുന്നത് ?

പ്ലസ്ടു കഴിഞ്ഞതിന് ശേഷം എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവുമില്ലാതെ നില്‍ക്കുകയായിരുന്നു ഞാന്‍. ഫ്രണ്ട്‌സെല്ലാം ഓരോ ഫീല്‍ഡ് തെരഞ്ഞെടുത്തു. ഫാഷനോട് പണ്ടേ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഫാഷന്‍ റിലേറ്റഡായിട്ട് എന്തെങ്കിലും പഠിക്കാമെന്ന് തീരുമാനിച്ചത്. അവിടെ നിന്ന് ബാംഗ്ലൂരിലേയ്ക്ക് പോയി ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് ചെയ്തു. അത് കഴിഞ്ഞ് ഡിഗ്രി ചെയ്തു. പഠിത്തം കഴിഞ്ഞ് രണ്ടര വര്‍ഷത്തിന് ശേഷമാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്. അതിനു മുന്നേ കിറ്റെക്‌സിലും, പൂര്‍ണ്ണിമ ഇന്ദജിത്തിന്റെ പ്രാണയിലും ഒരു വര്‍ഷത്തോളം വര്‍ക്ക് ചെയ്തു. പിന്നീടാണ് ദിലീപേട്ടന്റെ അടുത്തേയ്ക്ക് എത്തുന്നത്. ഞങ്ങള്‍ അയല്‍ക്കാരായതിനാല്‍ ദിലീപേട്ടനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. ചന്ദ്രേട്ടനെവിടെയാ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ചെന്ന് ദിലീപേട്ടനെ കണ്ട് കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘എന്നാ വാ കൂടെ പോര്’ എന്ന്. പിന്നൊന്നും നോക്കിയില്ല, അങ്ങട് കയറി.

  • ദിലീപിന്റെ കൂടെ ഇതുവരെ എത്ര ചിത്രങ്ങള്‍ ചെയ്തു ?

പത്തോളം ചിത്രങ്ങള്‍ ചെയ്തു. കിംഗ് ലയര്‍ മുതല്‍ ദിലീപേട്ടന്റെ ഏറ്റവും പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ വരെ എത്തി നില്‍ക്കുന്നു.

  • ഓരോ സിനിമയ്ക്കും ഓരോ കള്‍ച്ചര്‍ ഉണ്ടാവുമല്ലോ.. കള്‍ച്ചറിനോട് ചേര്‍ന്ന് നിന്നാണോ ഡിസൈനിംഗ് നിര്‍വ്വഹിക്കുന്നത്?

സിനിമയുടെ സബ്ജക്ട് നമ്മളോട് പറയുമ്പോള്‍ ആ ക്യാരക്ടറിന് എന്താണ് വേണ്ടത് എന്ന് എല്ലാവരോടും ചര്‍ച്ച ചെയ്യും. അതിന് ശേഷം ആ ക്യാരക്ടറിനെ ഉള്‍ക്കൊള്ളും. ഡിസ്‌കസ്സ് ചെയ്യുമ്പോള്‍ എല്ലാ സൈഡില്‍ നിന്നുമുള്ള കോണ്‍ട്രിബ്യൂഷന്‍സും ഉണ്ടാവും.

  • ഒരു പിരിയോഡിക്കല്‍ സ്വഭാവമുള്ള ചിത്രമാണ് കമ്മാര സംഭവം. ആ ചിത്രത്തിലേക്ക് കടക്കുന്ന സമയത്ത് അതിനേക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയോ?

കമ്മാരസംഭവത്തില്‍ ഏറ്റവും കൂടുതല്‍ അഭിനന്ദിക്കേണ്ടത് സമീറചേച്ചിയെ ആണ്. സമീറചേച്ചിയാണ് ആ ചിത്രത്തിനായി മുന്‍കൈ എടുത്ത് എല്ലാം തയ്യാറാക്കിയത്. ഞങ്ങള്‍ അതിന്റെ കൂടെ ചേര്‍ന്നു നിന്നു എന്നേ ഉള്ളു. ജാക് ആന്റ് ഡാനിയേലിലെ ക്യാരക്ടര്‍ ചെയ്യാന്‍ എളുപ്പമായിരുന്നു. കാരണം ആ ക്യാരക്ടര്‍ എങ്ങനെയാണെന്ന് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാവും.

  • ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ ചിത്രം?

കിംഗ് ലയര്‍ എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്തപ്പോള്‍ പെര്‍ഫെക്ടായിട്ടാണ് എനിക്ക് തോന്നിയത്. കാരണം ആ ചിത്രത്തില്‍ സ്‌റ്റൈലൈസേഷന് ഒരുപാട് ഓപ്ഷന്‍സ് ഉണ്ടായിരുന്നു. പ്രൊഫസര്‍ ഡിങ്കനില്‍ വെസ്റ്റേണ്‍ സ്റ്റൈലിലുള്ളൊരു മജീഷ്യനായാണ് ദിലീപേട്ടന്‍ എത്തുന്നത്. അതിനാല്‍ ആ ഒരു സ്റ്റൈല്‍ അതില്‍ കാണാനുണ്ട്.

  • ഡിസൈന്‍ ചെയ്തിട്ട് ആദ്യമേ ദിലീപിന് കാണിച്ച് കൊടുക്കുമോ.എങ്ങനെയാണ് അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍?

ദിലീപേട്ടനും ഡയറക്ടര്‍ക്കുമെല്ലാം ക്യാരക്ടറിനെകുറിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ ഉണ്ടാവും. ആ ക്യാരക്ടറിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി അവരെയും കൂടെ ഉള്‍പ്പെടുത്തിയിട്ടാണ് ഒരു ക്യാരക്ടറിന് ഞങ്ങള്‍ രൂപം നല്‍കുന്നത്.

  • ദിലീപ് മുന്‍പ് ഒരുപാട് മെയ്‌ക്കോവറുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമാണ് കേശു ഈ വീടിന്റെ നാഥന്‍. ചിത്രത്തിന്റെ കോസ്റ്റിയൂം കാര്യങ്ങളെക്കുറിച്ച് ?

നമ്മള്‍ നടന്നു പോകുമ്പോള്‍ ഒരുപാട്‌പേരെ ദിവസവും കാണാറുണ്ട്. കേശുവിന്റെ വയസ്സ് ചിത്രത്തില്‍ അറുപത്തിയഞ്ചിനടുത്താണല്ലൊ. ആ പ്രായത്തിലുള്ള ആള്‍ക്കാരെ നമ്മള്‍ ഒരുപാട് കാണും. അവരുടെ നേച്ചറും കളര്‍ സെന്‍സുമെല്ലാം അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തില്‍ കോസ്റ്റിയൂം ഒരുക്കിയിട്ടുള്ളത്.

  • ഒരു സ്റ്റാര്‍ എപ്പോഴും പബ്ലിക്കിന്റെ മുന്നിലേക്ക് ചെല്ലേണ്ട ആളാണ്. അതിന്റെ വലിയൊരു റെസ്‌പോണ്‍സിബിലിറ്റി കോസ്റ്റിയൂം ഡിസൈനര്‍ക്കില്ലേ?

ഫംഗ്ഷനെ അടിസ്ഥാനമാക്കിയാണ് അത്. എന്താണ് ആ ഫംഗ്ഷനെന്നും എങ്ങനെയുള്ള ജനങ്ങളായിരിക്കും അതില്‍ ഉണ്ടാവുക എന്നതുമൊക്കെ ശ്രദ്ധിക്കും. കാരണം ഒരു സെലിബ്രിറ്റി ഒരു പ്ലാറ്റ്‌ഫോമില്‍ ചെല്ലുമ്പോള്‍ അവരായിരിക്കണം അവിടെ ഹൈലൈറ്റ് ചെയ്യേണ്ടത്. അത് ശ്രദ്ധിച്ച് വേണം നമ്മള്‍ വസ്ത്രമൊരുക്കാന്‍.

  • ദിലീപിന് പ്രത്യേക താല്‍പ്പര്യങ്ങളുണ്ടോ ?

ദിലീപേട്ടന് വസ്ത്രധാരണത്തില്‍ നിറങ്ങളെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട്. പൊതുപരിപാടികളാണെങ്കിലും സിനിമയിലെ കഥാപാത്രങ്ങളാണെങ്കിലും ഓരോന്നിനും വേണ്ട കളര്‍സെന്‍സ് ഉള്ള ആളാണ്. ഒരു അവാര്‍ഡ്‌പോലുള്ള ഫംഗ്ഷനില്‍ അത്രയും സ്‌റ്റൈലിലേ നമുക്ക് പോകാന്‍ പറ്റുകയുളളു. എല്ലാവരും അങ്ങനെ വരുമ്പോള്‍ നമ്മളും ആ സ്‌റ്റൈലിനനുസരിച്ചേ ചെയ്യാവൂ. ചെറിയ പരിപാടികളൊക്കെ ആണെങ്കില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നമ്മള്‍ വരുത്തേണ്ടി വരും. സിനിമയിലൊക്കെയാവുമ്പോള്‍ എങ്ങനെ വേണമെങ്കിലും ചെയ്യാം. ക്യാരക്ടറിലെ സ്‌റ്റൈലൈസേഷന്‍ ഏത് രീതിയില്‍ വേണമെങ്കിലും നമുക്ക് എത്തിക്കാം.

  • ദിലീപിന്റെ കൂടെ ഇത്രയും ചിത്രങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ പേഴ്‌സണലായിട്ടുള്ള ദിനചര്യകളെക്കുറിച്ച്?

ജാക്ഡാനിയേലും ജോര്‍ജ്ജേട്ടന്‍സ് പൂരവും വര്‍ക്കൗട്ട് കൂടുതല്‍ വന്നിട്ടുള്ള ചിത്രങ്ങളാണ്. ജോര്‍ജ്ജേട്ടന്‍സ് പൂരം കബഡിയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. സ്‌പോര്‍ട്‌സ് ഉള്ളതിനാല്‍ വര്‍ക്കൗട്ടും കാര്യങ്ങളുമുണ്ടായിരുന്നു. അയണ്‍ ബട്ടര്‍ഫ്‌ളൈ എന്ന ടീമാണ് അത് നോക്കികൊണ്ടിരുന്നത്. ജാക് ഡാനിയേലില്‍ എക്‌സ് കമാന്‍ഡോ ഓഫീസറായാണ് അദ്ദേഹം. ആ കഥാപാത്രത്തിന് അതിന്റേതായ തയ്യാറെടുപ്പുകള്‍ വേണം. അതിനനുസരിച്ചാണ് അദ്ദേഹത്തെ മെയ്‌ക്കോവര്‍ ചെയ്‌തെടുത്തത്.

  • ഓരോ പിരീയഡിലും ഡ്രസ്സിംഗിലെല്ലാം മാറ്റം വരുന്നുണ്ടല്ലൊ. വെങ്കി അങ്ങനെ നിരീക്ഷിച്ചിട്ടുണ്ടോ ?

ഓരോ പുതിയ സിനിമകള്‍ വരുമ്പോള്‍ ഞാന്‍ ചെയ്ത പഴയ സിനിമകള്‍ വെച്ച് താരതമ്യം ചെയ്യും. അതില്‍ നമ്മള്‍ എത്രത്തോളം സ്‌റ്റൈലൈസേഷന്‍ വരുത്തിയിട്ടുണ്ട് എന്ന് നോക്കും. ഫാഷന്‍ മേഖലയില്‍ എപ്പോഴും അപ്‌ഡേറ്റഡായിരിക്കണം. പുതിയ ട്രെന്‍ഡുകള്‍ അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ നമുക്കത് നല്ല രീതിയില്‍ മുന്‍പോട്ട് കൊണ്ട്‌പോവാന്‍ പറ്റുകയുള്ളു. വന്ന് കഴിഞ്ഞ ട്രെന്‍ഡ് കുറേ നാളുകള്‍ക്ക് ശേഷം നമ്മള്‍ വീണ്ടും ചെയ്യുകയാണെങ്കില്‍ അതിന് അത്രയ്ക്കും ഹൈപ്പ് കിട്ടില്ല.

  • ഫാമിലി

അച്ഛന്‍, അമ്മ, വൈഫ് എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. വൈഫ് ബിസിഎ പഠിക്കുകയാണ്. തൃശ്ശൂരാണ് അവളുടെ വീട്.

  • ഫാഷന്‍ ഡിസൈനിംഗിലെ പുതിയ പദ്ധതികള്‍ ?

സിനിമയ്ക്ക് പുറമേ ഞാന്‍ ബീ സ്‌പോക്ക് നോട്ചസ് എന്നൊരു ബ്രാന്‍ഡ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സ്‌റ്റോറായിട്ടാണ് ആരംഭിച്ചത്. വൈഡ്ഡിംഗ് ഗ്രൂമേര്‍സിനും സെലിബ്രിറ്റി കസ്റ്റമേര്‍സിനുമുള്ള വസ്ത്രങ്ങളാണ് ഇതില്‍ ചെയ്യുന്നത്. ‘ബീ സ്‌പോക്ക്’ ഒരു വ്യക്തിക്ക് വേണ്ടി നമ്മള്‍ ചെയ്യുന്ന ഔട്ട്ഫിറ്റ് ആണ്. ‘നോട്ചസ്’ എന്നു പറഞ്ഞാല്‍ ഫിറ്റിംഗിന് വേണ്ടി നോട്ച് കട്ട് ചെയ്യും. ഇത് വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നവര്‍ക്കിടയിലെ സാങ്കേതിക പദമാണ്. സെലിബ്രിറ്റീസിന് വേണ്ടിയാണെങ്കില്‍ പ്രീമിയം ക്ലാസസ്സ് സാധനങ്ങളാണ് അവര്‍ക്ക് ആവശ്യമുള്ളത്. കൂടാതെ വെഡ്ഡിംഗ് ഗ്രൂംസിനായും തയ്യാറാക്കും. ഇപ്പോള്‍ എല്ലാവരും ഭയങ്കര സെലക്ടീവായിട്ടുണ്ട്. അവര്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള ഡിസൈനിംഗുമായി മുന്‍പോട്ട് നീങ്ങുന്നു.