“മാധ്യമങ്ങൾക്കെതിരെ ദിലീപും, ആർ. ശ്രീലേഖയ്ക്കെതിരേ അതിജീവിതയുടെ അഭിഭാഷകയും”; കോടതിയലക്ഷ്യ പരാതികൾ ഇന്ന് പരിഗണിക്കും

','

' ); } ?>

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ കോടതി ഇന്ന് പരിഗണിക്കും. ഏതാനും മാധ്യമങ്ങൾക്കെതിരേ ദിലീപ് നൽകിയ പരാതിയും, മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരേ അതിജീവിതയുടെ അഭിഭാഷക നൽകിയ പരാതികളടക്കം ആറ് ഹർജികളുമാണ് കോടതിക്ക് മുന്നിലുള്ളത്.

വിചാരണവേളയിലെ വിവരങ്ങൾ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് ദിലീപിൻ്റെ ഹർജി. അത് പോലെ യൂട്യൂബ് ചാനലിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചുവെന്നും അന്വേഷണസംഘത്തെ മോശമായി ചിത്രീകരിച്ചുവെന്നും ആരോപിച്ചാണ് ശ്രീലേഖയ്ക്കെതിരായ കോടതിയലക്ഷ്യ പരാതി.

അതേ സമയം അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചതിൽ രണ്ടാംപ്രതി മാർട്ടിൻ ആന്റണിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. തൃശ്ശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. പേര് വെളിപ്പെടുത്തുന്നതിന് പുറമേ, നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു. തൃശ്ശൂർ റേഞ്ച് ഡിഐജിക്ക് ലഭിച്ച പരാതി തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറി. പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.

കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞത്. ഈ വിധി വന്നതിന് പിന്നാലെ നടി പാർവതി തിരുവോത്ത്, ഭാഗ്യലക്ഷ്‌മി, കമൽ, പ്രേംകുമാർ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു.

കോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ ദിവസം അതിജീവിത തന്റെ ആദ്യ പ്രതികരണം അറിയിച്ചിട്ടുണ്ടായിരുന്നു. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിരുന്നു. കൂടാതെ തനിക്ക് നീതി ലഭ്യമായില്ലെന്നും, ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ എല്ലാവരെയും ഒരുപോലെ കാണുന്നില്ലെന്നും നടി കൂട്ടിച്ചേർത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം. പൃഥ്വിരാജ്, സുപ്രിയമേനോൻ അടക്കമുള്ള പ്രമുഖർ താരത്തിന്റെ കുറിപ്പ് പങ്കുവെച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.