‘മൂന്നംഗ ഡിവിഷൻ ബെഞ്ച് എന്ന ചതി’; ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തൽ

','

' ); } ?>

മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷയും നേരിട്ട ചൂഷണങ്ങളും ചർച്ചയായ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവിടാതിരിക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഗൂഢാലോചന നടന്നതായി മുൻ വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൾ ഹക്കീമിന്റെ വെളിപ്പെടുത്തൽ. അബ്ദുൾ ഹക്കീം രചിച്ച ‘മലയാള സിനിമ: ഹേമാ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പുസ്തകത്തിലാണ് സർക്കാരിനെയും വിവരാവകാശ കമ്മിഷനെയും പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണങ്ങളുള്ളത്. പുസ്തകം ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും.

വ്യക്തിസുരക്ഷയെ ബാധിക്കാത്ത വിധം റിപ്പോർട്ട് പുറത്തുവിടാൻ 2024 ജൂലായ് അഞ്ചിന് വിധി പുറപ്പെടുവിച്ചിരുന്നത് അബ്ദുൾ ഹക്കീമായിരുന്നു. എന്നാൽ ഇതിനുശേഷം അപേക്ഷകർക്ക് പൂർണരൂപത്തിലുള്ള റിപ്പോർട്ട് നൽകാതിരിക്കാൻ മുഖ്യ വിവരാവകാശ കമ്മിഷണറുടെ നേതൃത്വത്തിൽ ബോധപൂർവമായ ഇടപെടലുകൾ ഉണ്ടായെന്നാണ് പുസ്തകത്തിലെ ‘മൂന്നംഗ ഡിവിഷൻ ബെഞ്ച് എന്ന ചതി’ എന്ന അധ്യായത്തിൽ വ്യക്തമാക്കുന്നത്.

റിപ്പോർട്ടിലെ 233 പേജുകൾക്ക് ഫീസ് ഈടാക്കിയെങ്കിലും 228 പേജുകൾ മാത്രമാണ് അപേക്ഷകർക്ക് നൽകിയത്. സുപ്രധാനമായ ചില ഖണ്ഡികകൾ വെട്ടിമാറ്റുകയും ചെയ്തു. ഇതിനെതിരെ ലഭിച്ച പരാതി തനിക്ക് കൈമാറാതെ മുഖ്യ വിവരാവകാശ കമ്മിഷണർ പിടിച്ചുവെച്ചു. സാംസ്കാരിക വകുപ്പ് പൂർണരൂപത്തിലുള്ള റിപ്പോർട്ട് മുദ്രവെച്ച കവറിൽ തനിക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കാൻ തയ്യാറെടുക്കവെ, വിദേശത്തുള്ള മുഖ്യ കമ്മിഷണർ ഫോണിൽ ബന്ധപ്പെട്ട് വിധി ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതൊരു മുൻകൂട്ടി തയ്യാറാക്കിയ ചതിയാണെന്ന് പിന്നീട് ബോധ്യപ്പെട്ടതായി അബ്ദുൾ ഹക്കീം പറയുന്നു. തുടർന്ന് കേസ് പരിഗണിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കി. വിവരാവകാശ കമ്മിഷന്റെ ചരിത്രത്തിൽ ആദ്യമായി മൂന്നംഗ ഡിവിഷൻ ബെഞ്ച് രൂപവത്കരിച്ചു. അഭിപ്രായഭിന്നത വന്നാൽ ഭൂരിപക്ഷ തീരുമാനം നടപ്പാക്കാനായിരുന്നു ഈ നീക്കം. കമ്മിഷന്റെ സമ്പൂർണ യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോൾ എൽ.ഡി.എഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന അടുത്ത വർഷം മേയ് വരെ ഈ വിഷയത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും അതുകഴിഞ്ഞ് ആലോചിക്കാമെന്നുമായിരുന്നു മുഖ്യ വിവരാവകാശ കമ്മിഷണറുടെ മറുപടി. ഹൈക്കോടതിയിൽ കേസുണ്ടെന്ന കാരണം പറഞ്ഞും വിവരാവകാശ അപേക്ഷകളിലെ മറുപടികൾ പിന്നീട് തടഞ്ഞുവച്ചെന്നും പുസ്തകത്തിൽ ആരോപിക്കുന്നു.