‘കോമാളി’യുടെ ട്രെയിലറിനെതിരെ രജനീകാന്ത് ആരാധകരുടെ പ്രതിഷേധം

ജയം രവിയുടെ ഏറ്റവും പുതിയ ചിത്രം കോമാളിയുടെ ട്രെയിലറിനെതിരെ രജനീകാന്ത് ആരാധകരുടെ പ്രതിഷേധം. രജനികാന്തിനെ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രെയിലറിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്.

ട്രെയിലറില്‍ ജയം രവിയുടെ കഥാപാത്രം കോമയില്‍ നിന്നും വിമുക്തനായി ചുറ്റുപാടും നിരീക്ഷിക്കുന്നതിനിടയില്‍ ഇതേതു വര്‍ഷമെന്ന് ചോദിക്കുന്നുണ്ട്. 2016 ആണെന്നു പറഞ്ഞിട്ടും വിശ്വസിക്കാത്തതിനാല്‍ മുറിയിലെ ടിവി ഓണ്‍ ചെയ്യുന്നു. രാഷ്ടീയ പ്രവേശനം പ്രഖ്യാപിക്കുന്ന രജനീകാന്തിന്റെ പ്രസംഗമാണ് ടി.വിയില്‍ കാണിക്കുന്നത്. അത് കണ്ട ജയം രവിയുടെ കഥാപാത്രം ‘എന്നെ പറ്റിക്കാന്‍ നോക്കുന്നോ ഇത് 1996 അല്ലേ’യെന്ന് ചോദിക്കുന്നു. ആ രംഗമാണ് വിവാദമായത്.

മുന്‍പ് വീണ്ടും ജയലളിത ജയിച്ചാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ലെന്ന് രജനീകാന്ത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ സമയത്ത് രാഷ്ട്രീയത്തിലിറങ്ങാതെ ഇരുപതു വര്‍ഷം കാത്തിരുന്നതിനെയാണ് സിനിമ വിമര്‍ശിക്കുന്നത്. 2017 ഡിസംബര്‍ 31നാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ ആ രംഗം രജനീകാന്തിനെ പരിഹസിക്കാനാണെന്നും സിനിമയില്‍ നിന്നും ഈ രംഗം നീക്കം ചെയ്യണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

പ്രദീപ് രംഗനാഥന്‍ ആണ് കോമാളിയുടെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍, സംയുക്ത ഹെഗ്‌ഡെ എന്നിവരാണ് നായികമാര്‍