സിനിമാറ്റോഗ്രഫി നിയമത്തിനെതിരേ നിവേദനം നല്‍കി കാര്‍ത്തി

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ച് കാര്‍ത്തി സിനിമാറ്റോഗ്രാഫ് നിയമത്തിനെതിരേ ആയിരത്തോളം സിനിമാപ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം നല്‍കി. 1952 ലെ സിനിമാറ്റോഗ്രാഫ് നിയമത്തില്‍ പുതിയ നിയമഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 ന് എതിരെയാണ് നടന്‍ കാര്‍ത്തി രംഗത്തെത്തിയത്.നിമയഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപപ്പെടണമെന്ന് കാര്‍ത്തി പറഞ്ഞു. നിര്‍മാതാവ് മുരളി, നടി രോഹിണി തുടങ്ങിയവരും കാര്‍ത്തിയ്‌ക്കൊപ്പമുണ്ടായിരുന്നു. സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ ചെയ്ത സിനിമകള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. സിനിമകളിന്മേല്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ പരാതി ഉന്നയിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും ആ സിനിമയുടെ ഉള്ളടക്കം പുനഃപരിശോധിക്കാമെന്നതാണ് നിയമഭേദഗതി കരട് രേഖയിലുള്ളത്. ഇത് പൊതുജന അഭിപ്രായത്തിനായി സര്‍ക്കാര്‍ വെച്ചിരുന്നു.

കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയും സിനിമാറ്റോഗ്രാഫ് ഭേദഗതിക്കെതിരേ രംഗത്ത് വന്നിരുന്നു. നിയമം എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനായുള്ളതാണ്. അത് ആരുടേയും ശബ്ദത്തെ ഞെരിച്ചമര്‍ത്താനായുള്ളതല്ല, ഇന്നാണ് അവസാന ദിവസം, നിങ്ങളുടെ എതിര്‍പ്പുകള്‍ രേഖപ്പെടുത്തൂ, എന്ന് സൂര്യ ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം നിയമ ഭേദഗതി കരടിന്റെ പകര്‍പ്പും സൂര്യ പങ്കുവച്ചു.സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 നിയമഭേദഗതി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇതിനകം നിരവധി സിനിമാപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നു. കമല്‍ ഹാസന്‍, അനുരാഗ് കശ്യപ്, ഹന്‍സല്‍ മേഹ്ത്ത, വെട്രിമാരന്‍, നന്ദിതാ ദാസ്, ശബാന ആസ്മി, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവരും പ്രതിഷേധം അറിയിച്ചു.

വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, സിബി മലയില്‍, ടി.കെ രാജീവ് കുമാര്‍, ജയരാജ്, വേണു ഡോ.ബിജു, ഷാജി ഹംസ, മധു അമ്പാട്ട്, അജിത് കുമാര്‍, ദിലീഷ് പോത്തന്‍, രാജീവ് രവി, അമല്‍ നീരദ്, മധു നീലകണ്ഠന്‍, ഗീതു മോഹന്‍ദാസ്, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍,റസൂല്‍ പൂക്കുട്ടി സി.എസ് വെങ്കിടേശ്വരന്‍, രതീഷ് രാധാകൃഷ്ണന്‍, മുഹ്‌സിന്‍ പരാരി, സക്കറിയ, സഞ്ജു സുരേന്ദ്രന്‍, ശ്രിന്ദ, കനി കുസൃതി, പ്രിയനന്ദന്‍ തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.