‘ചുരുളി’യുടേത് സെന്‍സര്‍ പതിപ്പ് അല്ല; സെന്‍സര്‍ ബോര്‍ഡ്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരിക്കുന്നെന്ന വിദശീകരിണവുമായി സെന്‍സര്‍ ബോര്‍ഡ്. സംഭവം വിവാദമായ സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ‘ചുരുളി’ക്കു നല്‍കിയത്. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനി ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഇപ്പോള്‍ പ്രചരിക്കുന്നതെന്നും റീജിയണല്‍ ഓഫിസര്‍ വി. പാര്‍വതി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ അസഭ്യ വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്തടിസ്ഥാനത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി കൊടുത്തതെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണം.

ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണം ഇങ്ങനെ

ചുരുളി എന്ന മലയാള ഫീച്ചര്‍ ഫിലിമുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രസ്തുത സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുന്നതായി പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന് ബോധ്യപ്പെട്ടിട്ടുണ്ട്.

അതിനാല്‍ സിബിഎഫ്‌സിയുടെ വസ്തുതാപരമായ നിലപാട് വ്യക്തമാക്കുന്നതിനാണ് ഈ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുന്നത്,സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ചുരുളി എന്ന ഫീച്ചര്‍ ഫിലിമിന് സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് നമ്പര്‍  DIL/3/6/2021-THI  dated  18.11.2021 മുഖേന അനുയോജ്യമായ മാറ്റങ്ങളോടെ എ(Adult) (മുതിര്‍ന്നവര്‍ക്കുളള) സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

സോണി ലൈവ് എന്ന OTT Platform  വഴി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ഫീച്ചര്‍ ഫിലിം ചുരുളി പ്രസ്തുത സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇതിനാല്‍ വ്യക്തമാക്കിക്കൊളളുന്നു.