ക്രിസ്മസിന് ഉഗ്രന്‍ വിരുന്നുമായി സിനിമാലോകം…

പ്രേക്ഷകര്‍ക്ക് നിരവധി സിനിമകള്‍ സമ്മാനിച്ചുകൊണ്ടാണ് ഇത്തവണത്തെ ക്രിസ്മസ് പുതുവത്സര വേളയെത്തുന്നത്. ഒരാഴ്ച നേരത്തെ തിയ്യേറ്ററുകളിലെത്തിയ ഒടിയന്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇപ്പോഴും തിയ്യേറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം ഇന്ന് പുറത്തിറങ്ങിയ വിജയ് സേതുപതിയുടെ
സീതാകാത്തിയും ക്രിസ്മസ് വേളയിലുണ്ടാവും. ഇവ രണ്ടും കൂടാതെ ഏഴോളം ചിത്രങ്ങളാണ് ക്രിസ്മസിന് വിപണിയില്‍ പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കാന്‍ നാളെ തിയ്യേറ്ററുകളിലെത്തുന്നത്. സീറോ, കെ ജി എഫ്, മാരി 2, അടങ്കാ മാരു എന്നീ അന്യ ഭാഷ ചിത്രങ്ങള്‍ക്ക് പുറമെ പ്രേതം 2, ഞാന്‍ പ്രകാശന്‍, എന്റുമ്മാന്റെ പേര് എന്നീ മലയാള ചിത്രങ്ങളും നാളെ തീയ്യേറ്ററുകളിലെത്തുന്നു.  കൂടാതെ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന ചിത്രം ഡിസംബര്‍ 22നും തിയ്യേറ്ററുകളിലെത്തുന്നുണ്ട്.

ക്രിസ്മസ് അവസരത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ ചിത്രങ്ങള്‍ക്കുള്ള പബ്ലിസിറ്റിക്കും കളക്ഷനും കൂടി പ്രാധാന്യം നല്‍കിയാണ് റിലീസുകള്‍ ഇപ്രാവശ്യം നേരത്തെ നിശ്ചയിച്ചിരിക്കുന്നത്.

സീറോ – ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സീറോ. ഷാരൂഖ് ഖാന്‍ കുള്ളന്‍ വേഷത്തിലെത്തുന്ന ചിത്രം ഒരു ലവ് ട്രയാങ്കിള്‍ കഥയാണ് പറയുന്നത്. ഈയിടെ അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയും ചിത്രത്തില്‍ അവസാനമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു.

കെ.ജി.എഫ് – പ്രബാസിന്റെ ബാഹുബലിക്ക് ശേഷം ഗംഭീരമായ ഒരു സെറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് കെ ജി എഫ്. ഇന്ത്യയിലെ പ്രശസ്തമായ കോളാര്‍ ഘനിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ആക്ഷന്‍ഡ്രാമ ചിത്രമാണ് കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്. യാഷ് നായകവേഷത്തിലെത്തുന്ന ചിത്രം മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് തുടങ്ങി അഞ്ച് തെന്നിന്ത്യന്‍ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

മാരി 2 – പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ധനുഷിന്റെ ‘മാരി’ എന്ന ഡോണ്‍ കഥാപാത്രത്തിന്റെ പുതിയ കഥയുമായി എത്തുന്ന ചിത്രമാണ് മാരി 2. സായ് പല്ലവി നായിക വേഷത്തിലെത്തുന്ന ചിത്രത്തില്‍ ടൊവീനോയാണ് വില്ലനായെത്തുന്നത്. ആക്ഷന്‍, ഹാസ്യം, റൊമാന്‍സ് തുടങ്ങി ഒരു ക്രിസ്മസ് വിരുന്നായി തന്നെയാണ് ചിത്രമെത്തുന്നത്.

അടങ്ക മാരു – ജയം രവി നായകനായെത്തുന്ന ഒരു പോലീസ് സ്‌റ്റോറിയാണ് അടങ്ക മാരു. പുതുമുഖ സംവിധായകനായ കാര്‍ത്തിക് തങ്കവേല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് അടങ്ക മാരു. രാശി ഖന്ന, സമ്പത്ത് രാജ്, മുനിഷ് കാന്ത്, പൊന്‍ വണ്ണന്‍, സുബ്ബു പഞ്ജു, അഴഗം പെരുമാള്‍, മീരാ വാസുദേവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

പ്രേതം 2 – ജയസൂര്യ തന്റെ വ്യത്യസ്ത ലുക്കുകൊണ്ട് ഏറെ ശ്രദ്ധ നേടിയ ഡോണ്‍ ബോസ്‌കോ എന്ന മനശാസ്ത്രജ്ഞനെ സമ്മാനിച്ച ചിത്രമാണ് പ്രേതം. ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് പുതിയ ചിത്രം എത്തുന്നതെങ്കിലും ഇതൊരു തുടര്‍ക്കഥയല്ല. വരിക്കാശ്ശേരിയില്‍ മനയില്‍ വെച്ച് ചിത്രീകരിച്ച സിനിമ പ്രേക്ഷകരെ ഈ ക്രിസ്മസ് വേളയില്‍ കിടിലം കൊള്ളിക്കാനെത്തുന്നു.

ഞാന്‍ പ്രകാശന്‍ – ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന നല്ലൊരു ഫാമിലി ചിത്രമായിരിക്കും ഞാന്‍ പ്രകാശന്‍. ഒരു ശരാശരി മലയാളിയുടെ എല്ലാ വില്ലത്തരങ്ങളുമായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ശ്രീനിവാസന്‍ കഥയെഴുതി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എന്റുമ്മാന്റെ പേര് – കുപ്രസിദ്ധ പയ്യന് ശേഷം ടൊവീനോ നായകാനായെത്തുന്ന ഒരു ലളിതമായ ചിത്രമാണ് എന്റുമ്മാന്റെ പേര്. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണ് എന്റുമ്മാന്റെ പേര്. ജോസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ സിദ്ദിക്കും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തട്ടുംപുറത്ത് അച്യുതന്‍ – കുഞ്ചാക്കോ ബോബനും ലാല്‍ ജോസും ഒന്നിക്കുന്ന കോമഡി ഡ്രാമ ചിത്രം തട്ടുംപുറത്ത് അച്യുതനാണ് ക്രിസ്മസ് വേളയില്‍ പുറത്തിറങ്ങുന്ന മറ്റൊരു ചിത്രം. ഹാസ്യ താരം ഹരീഷ് കണാരനും നര്‍മ്മപ്പ്രിയനായ കുഞ്ചാക്കോയും ചിത്രത്തില്‍ ഒന്നിക്കുമ്പോള്‍ പൊട്ടിച്ചിരികളുമായി നല്ലൊരു ഫാമിലി ചിത്രമാണ് ക്രിസ്മസ് വേളയില്‍ തിയ്യേറ്ററിലെത്തുന്നത്.